| Friday, 28th July 2023, 4:47 pm

ഭീമ കൊറേഗാവ് കേസ്; വെര്‍ണന്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരക്കും ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വെര്‍ണന്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാംശു ദൂലിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിചാരണ കോടതിയുടെ ഉത്തരവില്ലാതെ മഹാരാഷ്ട്ര സംസ്ഥാനം വിട്ട് പോകാന്‍ പാടില്ല, പാസ്‌പോര്‍ട്ട് എന്‍.ഐ.എയെ ഏല്‍പ്പിക്കണം, ഒരു മൊബൈല്‍ കണക്ഷന്‍ മാത്രം ഉപയോഗിക്കണം, ആഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

നേരത്തെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ഇവരുടെ ജാമ്യാപേക്ഷ 2021 ഡിസംബറില്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

2018ലാണ് ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ഇവര്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് മുംബൈ തലോജ ജയിലിലായിരുന്നു ഇരുവരും. അഞ്ച് വര്‍ഷത്തിലേറെയായി പ്രതികള്‍ കസ്റ്റഡിയില്‍ കഴിയുന്നുവെന്നത് പരിഗണിച്ചാണ് ഇവര്‍ക്കിപ്പോള്‍ കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്കെതിരെയുള്ള ആരോപണം ജാമ്യം നിഷേധിക്കാനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകരായ റെബേക്ക ജോണും ആര്‍ ബസന്തുമാണ് ഗോണ്‍സാല്‍വസിനും ഫെരേരക്കും വേണ്ടി ഹാജരായത്. വെര്‍നണ്‍ ഗോസാല്‍വസ്, അരുണ്‍ ഫെരേര എന്നിവര്‍ക്കൊപ്പം മറ്റ് 14 പേര്‍ക്കെതിരെയും എന്‍.ഐ.എ കുറ്റം ചുമത്തിയിരുന്നു.

2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2017 ഡിസംബര്‍ 31ന് പൂനെയില്‍ എല്‍ഗര്‍ പരിഷത്ത് കോണ്‍ക്ലേവ് നടന്നിരുന്നു. ഇതില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതാണ് കൊറേഗാവ് ഭീമ യുദ്ധസ്മാരകത്തിന് സമീപം അടുത്ത ദിവസം അക്രമത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് എന്‍.ഐ.എ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കോണ്‍ക്ലേവാണ് അക്രമ സംഭവങ്ങള്‍ക്ക് പ്രചോദനമായതിന് പിന്നിലെന്നും മാവോയിസ്റ്റ് -ദേശവിരുദ്ധ ശക്തികളുടെ ഇടപെടല്‍ ഇതിലുണ്ടെന്നും എന്‍.ഐ.എ ആരോപിച്ചിരുന്നു.

പരിപാടിയില്‍ എല്‍ഗര്‍ പരിഷത്ത് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും ഇതാണ് കൊറേഗാവ് ഭീമയില്‍ അക്രമത്തിന് കാരണമായതെന്നുമാണ് വിശ്രംബൗഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍ കേസില്‍ സാമൂഹിക പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളും പൊലീസും എന്‍.ഐ.എയും മനപൂര്‍വം പ്രതിചേര്‍ത്തുവെന്ന ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു.

ജെസ്യൂട്ട് വൈദികന്‍ സ്റ്റാന്‍ സ്വാമിയായിരുന്നു കേസില്‍ അറസ്റ്റിലായ ഏറ്റവും പ്രായം കൂടിയ വ്യക്തി. അറസ്റ്റ് ചെയ്യുന്ന സമയത്ത് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായിരുന്നു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. 2021 ജൂലൈ അഞ്ചിനാണ് അദ്ദേഹം മരിക്കുന്നത്.

നേരത്തെ കേസിലെ മറ്റൊരു പ്രതിയായ ഗൗതം നവ്‌ലഖയെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഒരു മാസത്തേക്ക് വീട്ടുതടങ്കലില്‍ വിടാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2020 ഏപ്രിലില്‍ അന്വേഷണ ഏജന്‍സി ഇദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. കേസില്‍ പി.വരവര റാവുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

Content Highlight: The Supreme Court granted bail to Vernon Gonsalves and Arun Ferreira

We use cookies to give you the best possible experience. Learn more