| Monday, 12th February 2024, 4:25 pm

ഉപമുഖ്യമന്ത്രിമാരുടെ നിയമനങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹരജി തള്ളി സുപ്രീം കോടതി. മുഖ്യമന്ത്രിക്ക് ശേഷം സംസ്ഥാനത്തും നിയമസഭാ വകുപ്പുകളിലും ഉപമുഖ്യമന്ത്രിയാണ് സര്‍ക്കാരില്‍ ഒന്നാമതും പ്രധാനപ്പെട്ട മന്ത്രിയെന്നും സുപ്രീം കോടതി പറഞ്ഞു.

എന്നാല്‍ ഇത് ഒരു ലേബല്‍ മാത്രമാണെന്നും ഏതെങ്കിലും ഒരു വ്യക്തിയെ ഉപമുഖ്യമന്ത്രിയെന്ന് അഭിസംബോധന ചെയ്യുന്നുണ്ടെങ്കിലും ഭരണഘടനാ പദവി മന്ത്രിമാര്‍ക്കാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ പദവിക്ക് ഭരണഘടനാപരമായ അര്‍ത്ഥത്തില്‍ യാതൊരു ബന്ധവുമില്ലെന്നും കോടതി വ്യക്തമാക്കി.

ഉപമുഖ്യമന്ത്രിമാര്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നില്ലെന്നും അവര്‍ മന്ത്രിസഭയിലെ മറ്റേതൊരു അംഗത്തെയും പോലെയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 മുഖ്യമന്ത്രിമാരെ മാത്രമേ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്നുള്ളൂവെന്ന് അഭിഭാഷകന്‍ മോഹന്‍ ലാല്‍ ശര്‍മ പറഞ്ഞു. ഉപമുഖ്യമന്ത്രിമാരുടെ നിയമനത്തിന് സംസ്ഥാനങ്ങളിലെ പൗരന്മാരായും പൊതുജനമായും യാതൊരു ബന്ധവുമില്ലെന്നും മോഹന്‍ ലാല്‍ ശര്‍മ ഹരജിയില്‍ പറയുന്നു.

ഉപമുഖ്യമന്ത്രിമാരുടെ നിയമനം പൊതുസമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്. ഉപമുഖ്യമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിക്ക് തുല്യമായി തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയാത്തതിനാല്‍, ഏതാനും സാങ്കല്‍പ്പിക വകുപ്പുകള്‍ സൃഷ്ടിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ തെറ്റായതും നിയമവിരുദ്ധവുമായ കാര്യങ്ങള്‍ ചെയ്യുകയാണെന്നും ഹരജിയില്‍ പറയുന്നുണ്ട്.

ഇന്ത്യന്‍ ഭരണഘടന പ്രകാരം ഇത്തരം നിയമനങ്ങള്‍ക്ക് ഒരു വ്യവസ്ഥയും ഇല്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹരജിയില്‍ കഴമ്പില്ലെന്നും അത് തള്ളിക്കളയാന്‍ ബാധ്യസ്ഥരാണെന്നും ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

Content Highlight: The Supreme Court dismissed the petitions challenging the appointments of Deputy Chief Ministers

We use cookies to give you the best possible experience. Learn more