ന്യൂദല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട റോഡ് ഉപരോധം നീക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രീം കോടതി തള്ളി. പഞ്ചാബിലെ ദേശീയ സംസ്ഥാന പാതകളിലെ ഉപരോധങ്ങള്‍ ഉടന്‍ നീക്കാന്‍ കേന്ദ്രത്തിനും അധികൃതര്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.
ജസ്റ്റിസ് സൂര്യകാന്ത്, മന്‍മോഹന്‍ തുടങ്ങിയവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്. വിഷയം ഇതിനകം തന്നെ കോടതിയുടെ പരിഗണനയാലാണെന്നും ഇതേ വിഷയത്തില്‍ ആവര്‍ത്തിച്ച് നല്‍കുന്ന ഹരജികള്‍ പരിഗണിക്കാനാവില്ലെന്നുമാണ് ബെഞ്ചിന്റെ നിര്‍ദേശം.
പഞ്ചാബിലെ സാമൂഹിക പ്രവര്‍ത്തകനായ ഗൗരവ് ലൂത്ര എന്ന വ്യക്തി സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.
‘ഇതിനകം തന്നെ ഈ പ്രശ്‌നത്തെ കുറിച്ച് പഠിച്ചുവരികയാണ്. ആവര്‍ത്തിച്ച് ഒരേ വിഷയത്തില്‍ അപേക്ഷകള്‍ ഫയല്‍ ചെയ്യരുത്. ചിലര്‍ പബ്ലിസിറ്റിക്കുവേണ്ടിയാണ് അപേക്ഷകള്‍ ഫയല്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരേ വിഷയത്തില്‍ ആവര്‍ത്തിച്ചുള്ള ഹരജികള്‍ പരിഗണിക്കാന്‍ കഴിയില്ല,’ ബെഞ്ച് വ്യക്തമാക്കി.
തീര്‍പ്പു കല്‍പ്പിക്കാത്ത മറ്റ് ഹരജികളുമായി ടാഗ് ചെയ്യണമെന്ന ഹരജിക്കാരന്റെ വാദവും കോടതി നിരസിക്കുകയുണ്ടായി.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തിലുള്ള കര്‍ഷകര്‍ ഒക്ടോബര്‍ 24 മുതല്‍ ദല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ച് സുരക്ഷാ സേന തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭു, ഖനൗരി അതിര്‍ത്തി പോയിന്റുകളില്‍ കര്‍ഷകര്‍ ക്യാമ്പ് ചെയ്തിരുന്നു.
കര്‍ഷകരെ തടഞ്ഞതിന്റെ ഭാഗമായി കര്‍ഷകരും യൂണിയനുകളും ചേര്‍ന്ന് ദേശീയ സംസ്ഥാന പാതകള്‍ ഉപരോധിച്ചുവെന്നാണ് ഹരജിയില്‍ പറയുന്നത്. കര്‍ഷകര്‍ പ്രതിഷേധം നടത്തുമ്പോള്‍ ദേശീയ പാതകളും റെയില്‍വേ ട്രാക്കുകളും തടയുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
റോഡുകള്‍ ഉപരോധിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ആംബുലന്‍സുകള്‍ക്കും മറ്റും പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥകള്‍ ഉണ്ടാക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു.
Content Highlight: The Supreme Court dismissed the petition seeking to stop the farmers from blocking the roads