| Monday, 28th August 2023, 12:49 pm

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. ജസ്റ്റിസ് എം.എം. സുന്ദരേശ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് അവാര്‍ഡ് നിര്‍ണയത്തില്‍ അനധികൃതമായി ഇടപെട്ടെന്നായിരുന്നു ഹരജിയില്‍ ഉന്നയിച്ചത്.

എന്നാല്‍ ആരോപണം തെളിയിക്കുന്ന ഒരു രേഖകളും ഹരജിക്കാരന്‍ സമര്‍പ്പിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. അതുകൊണ്ട് ഈ കേസില്‍ ജുഡീഷ്യല്‍ റിവ്യൂ എന്ന തരത്തില്‍ മുന്നോട്ട് പോകാനാകില്ലെന്നും കോടതി പറഞ്ഞു. അക്കാദമി ചെയര്‍മാന്‍ തടസവാദ ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്നും അവരുടെ വാദം കേട്ടതിന് മാത്രമേ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും കോടതി അറിയിച്ചു.

നേരത്തെ ഹൈക്കോടതി ഹരജി തള്ളിയതിനെ തുടര്‍ന്നാണ് ലിജീഷ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ അതേ നിരീക്ഷണങ്ങളാണ് സുപ്രീം കോടതിയും പങ്കുവെച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ വീണ്ടും ആരോപണവുമായി സംവിധായകന്‍ വിനയന്‍ രംഗത്തെത്തിയിരുന്നു.

സിനിമാക്കഥ പോലുള്ള ചില കോടതി നാടകങ്ങള്‍ നടത്തി നിയമത്തിന്റെ കണ്ണില്‍ പൊടിയിട്ട് ആ പബ്ലിസിറ്റിയില്‍ രക്ഷപെടാനുള്ള ശ്രമമാണ് രഞ്ജിത് നടത്തുന്നതെന്നും അത് പരിഹാസ്യമാണെന്നും വിനയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ജൂറി മെമ്പര്‍മാരുടെ വോയിസ് ക്ലിപ്പ് ഉള്‍പ്പെടെ കൃത്യമായ തെളിവുകളുമായി കോടതിയില്‍ പോയാല്‍ അക്കാദമി പുലിവാലുപിടിക്കും എന്ന് തനിക്കറിയാമായിരുന്നെന്നും എന്നാല്‍ രഞ്ജിത് കാണിച്ച വൃത്തികേടിന് മറ്റു പലരും ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്ന് കരുതിയാണ് അത് ചെയ്യാതിരുന്നതെന്നും വിനയന്‍ പറഞ്ഞിരുന്നു.

content highlights: The Supreme Court dismissed the petition seeking cancellation of the State Film Award

We use cookies to give you the best possible experience. Learn more