ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ സര്‍ക്കാരുകള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. രണ്ട് മാസം മണിപ്പൂരില്‍ ഭരണഘടനാ സംവിധാനം തകര്‍ന്നെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നില്ലേയെന്നും, ക്രമസമാധാനം തകര്‍ന്നയിടത്ത് എങ്ങനെയാണ് നീതി നടപ്പാക്കുകയെന്നും കോടതി ചോദിച്ചു. മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട ഹരജികള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.
6,500 എഫ്.ഐ.ആറുകളില്‍ ഗുരുതര കേസുകള്‍ തരംതിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൊലീസിനെതിരെയും കോടതി കടുത്ത വിമര്‍ശനമുന്നയിച്ചു. കലാപം നടന്നപ്പോള്‍ പൊലീസ് ഒന്നുകില്‍ നിഷ്‌ക്രിയരായി മാറിനിന്നെന്നും അല്ലെങ്കില്‍ അവര്‍ക്ക് കഴിവില്ലെന്നും കോടതി പറഞ്ഞു. ഈ കേസുകള്‍ പൊലീസിനെ എങ്ങനെ അന്വേഷിക്കാന്‍ ഏല്‍പ്പിക്കുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് സുപ്രീം കോടിതിക്ക് ഇന്ന് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കോടതി വിഷയത്തില്‍ നിരീക്ഷണം നടത്തിയത്.
6,496 കേസുകളില്‍ സ്ത്രീകള്‍ക്കെതിരായ അക്രത്തില്‍ 11 എഫ്.ഐ.ആറുകള്‍ ഉള്ളതായാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. ഈ 11 എഫ്.ഐ.ആറുകളില്‍ ഒരു കേസില്‍ മാത്രമാണ് അറസ്റ്റ് നടന്നിട്ടുള്ളത്. വൈറല്‍ വീഡിയോ പുറത്തുവന്ന കേസിലാണ് അറസ്റ്റ്. ഇതില്‍ ഏഴ് പേര് കസ്റ്റഡിയിലുണ്ട്.