ന്യൂദല്‍ഹി: ബില്‍കീസ് ബാനു കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ നല്‍കിയ ഹരജികള്‍ക്കും സുപ്രീം കോടതിയില്‍ പരിഗണന. ബില്‍കീസ് ബാനുവിന് പുറമെ മുൻ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, സ്വതന്ത്ര പത്രപ്രവര്‍ത്തകയും ചലച്ചിത്ര പ്രവര്‍ത്തകയുമായ രേവതി ലോള്‍, മുന്‍ ഫിലോസഫി പ്രൊഫസറും ആക്ടിവിസ്റ്റുമായ രൂപ് രേഖ് വര്‍മ എന്നിവരും പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി ചൂണ്ടിക്കാട്ടി ഈ നാല് പേരും സമര്‍പ്പിച്ച ഹരജികള്‍ കോടതി ചോദ്യം ചെയ്തെങ്കിലും ഹരജിക്ക് പിന്നിലെ ഉദ്ദേശശുദ്ധി എന്താണെന്ന് മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ്‌സിങ് കോടതിയെ ബോധിപ്പിച്ചു. 2023 ഫെബ്രുവരിയില്‍ സുപ്രീം കോടതി തന്നെ ഹരജിക്കാരുടെ നടപടികളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഇന്ദിര ജയ്‌സിങ് കോടതിയില്‍ പറഞ്ഞു.
‘നിയമത്തില്‍ താത്പര്യമുള്ള കക്ഷികള്‍’ എന്ന വാക്കുകള്‍ക്ക് വിശാലമായ സ്ഥാനം നല്‍കേണ്ടതുണ്ടെന്ന് പൊതുതാത്പര്യ ഹരജികള്‍ നല്‍കിയവര്‍ എതിര്‍ രാഷ്ട്രീയ കക്ഷികളാണെന്നും അവരുടെ നടപടികള്‍ രാഷ്ട്രീയ അജണ്ടകളാല്‍ പ്രേരിതമാണെന്നുമുള്ള പ്രതികളുടെ ആരോപണത്തെ ഉദ്ധരിച്ചുകൊണ്ട് ഇന്ദിര ജയ്‌സിങ് കൂട്ടിച്ചേര്‍ത്തു.
പൊതുസമൂഹത്തിന്റെ ആവലാതികള്‍ നിയമത്തിന് മുന്നില്‍ ഉന്നയിക്കാന്‍ മഹുവ മൊയ്ത്രക്കും സുഭാഷിണി അലിക്കും രേവതി ലോളിനും രൂപ് രേഖ് വര്‍മക്കും അവകാശമുണ്ടെന്നും അവയെ നിസാരമായി തള്ളിക്കളയാനാവില്ലെന്നും ഇന്ദിര ജയ്‌സിങ് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് ബില്‍കീസ് ബാനു കേസിലെ സുപ്രീം കോടതിയുടെ വിധിയെ ഉദ്ധരിച്ചുകൊണ്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.ഇന്ത്യന്‍ സ്ത്രീത്വത്തെ എത്രമാത്രം ഭീഭത്സമായിട്ടാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും കാണുന്നതെന്നതിനുള്ള ഉദാഹരണമാണ് സുപ്രീം കോടതിയുടെ വിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബില്‍കീസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെ സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി പറഞ്ഞു. ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെയുള്ള നീതിയുടെ വിജയമാണ് ബില്‍കീസ് എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. കുറ്റവാളികളുടെ രക്ഷാകര്‍ത്താവ് ആരാണെന്ന് കോടതി വ്യക്തമാക്കിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: The Supreme Court considered the Public Interest Litigation in the Bilkins Bano case