| Tuesday, 20th February 2024, 6:24 pm

ബി.ജെ.പിക്ക് വന്‍ തിരിച്ചടി: ചണ്ഡീഗഡിലെ മേയര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചണ്ഡീഗഡിലെ മേയര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി സുപ്രീം കോടതി. പരമോന്നത നീതിപീഠത്തിന്റെ തീരുമാനം ബി.ജെ.പി സര്‍ക്കാരിനും നരേന്ദ്ര മോദിക്കും വന്‍ തിരിച്ചടി ആയിരിക്കുകയാണ്. നിലവില്‍ ആംആദ്മി-കോണ്‍ഗ്രസ് സഖ്യം തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി സുപ്രീം കോടതി പ്രഖ്യാപിച്ചു.

എ.എ.പി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാര്‍ ആണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് കോടതി ഔദോഗികമായി അറിയിച്ചു. ബാലറ്റുകളില്‍ പ്രിസൈഡിങ് ഓഫീസര്‍ തിരിമറി നടത്തിയതായും കോടതി വ്യക്തമാക്കി. കുല്‍ദീപ് കുമാറിന് ലഭിച്ച എട്ട് വോട്ടുകള്‍ അസാധുവല്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

36 അംഗ നഗരസഭാ കൗണ്‍സിലിലെ മേയര്‍ സ്ഥാനത്തേക്ക് നേരത്തെ ലഭിച്ച 20 വോട്ടുകളോടൊപ്പം സാധുവായ എട്ട് വോട്ടുകളും ചേരുമ്പോള്‍ കുല്‍ദീപ് കുമാര്‍ തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചതിനെതിരെ കോടതി ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഭരണാധികാരിയായ അനില്‍ മസീഹിനെതിരെ നടപടി എടുക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന അധികാരികളുടെ നീക്കങ്ങള്‍ രാജ്യത്ത് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധി പ്രഖ്യാപിച്ചത്.

വിധിയില്‍ ജനാധിപത്യത്തെ കോടതി രക്ഷിച്ചുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബി.ജെ.പി നടത്തിയ വൃത്തികെട്ട തെരഞ്ഞെടുപ്പ് അട്ടിമറിയാണ് ചണ്ഡീഗഡിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ചരിത്രപരമായ വിധിയാണ് കോടതി നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. കോടതിയുടെ വിധിയില്‍ എ.എ.പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാൾ നന്ദിയറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ചണ്ഡീഗഡിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും ആം ആദ്മിയുടേയും വോട്ടുകള്‍ പ്രിസൈഡിങ് ഓഫീസറായ അനില്‍ മസീഹിന്‍ അസാധുവാക്കുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് ശക്തമായ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.

പ്രിസൈഡിങ് ഓഫീസര്‍ വോട്ടുകള്‍ വളച്ചൊടിച്ചുവെന്നതില്‍ വ്യക്തതയുണ്ടെന്നും അനില്‍ മസീഹിനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതുണ്ടെന്നും ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞിരുന്നു. വോട്ടെണ്ണുന്നതിനിടയില്‍ എന്തിനാണ് അദ്ദേഹം ഇടവിട്ട് ഇടവിട്ട് ക്യാമറയിലേക്ക് നോക്കുന്നതെന്നും ഈ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തെ പരിഹസിക്കുകയും ഹനിക്കുകയും ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് നേരത്തെ ചൂണ്ടിക്കാട്ടി.

Content Highlight: The Supreme Court canceled the results of the mayoral election in Chandigarh

We use cookies to give you the best possible experience. Learn more