ന്യൂദല്‍ഹി: പീഡന വിവരം അറിഞ്ഞാല്‍ പരാതിക്കാരിയെ ആര് വിവാഹം ചെയ്യുമെന്ന ചോദ്യവുമായി സുപ്രീം കോടതി. പീഡനക്കേസ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് പരാതിക്കാരി നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. ജസ്റ്റിസ് ബി.വി. നാഗരത്‌ന, എന്‍. കോടിശ്വര്‍ സിങ് എന്നിവരുടെ ബെഞ്ചിന്റേതാണ് പ്രതികരണം.
അഞ്ച് വയസ്സുള്ളുപ്പോള്‍ തന്റെ അമ്മാവന്‍ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി 17 വയസുകാരിയായ മലപ്പുറം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.
എന്നാല്‍ ഹൈക്കോടതി ഈ കേസ് റദ്ദാക്കുകയായിരുന്നു.
പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന് പറഞ്ഞാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചത്.
പൊലീസിന്റെ അന്വേഷണത്തില്‍ പീഡനം നടന്നുവെന്ന് കണ്ടെത്തിയകതായി പെണ്‍കുട്ടിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.വി. സുരേന്ദ്ര നാഥ് ചൂണ്ടിക്കാട്ടി.
പരാതി നല്‍കാന്‍ കാലതാമസം വന്നു എന്ന കാരണത്താല്‍ കേസ് റദ്ദാക്കരുത് എന്നും അദ്ദേഹം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ പരാതിക്കാരിക്ക് 21 വയസായി എന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാല്‍ ഈ ഹരജി തള്ളിയ സുപ്രീം കോടതി, പീഡനവിവരം അറിഞ്ഞാല്‍ കുട്ടിയെ ആര് വിവാഹം കഴിക്കുമെന്ന് പെണ്‍കുട്ടിയോട് ചോദിച്ചു. പെണ്‍കുട്ടിയുടെ ഭാവി കണക്കിലെടുത്ത് വിഷയത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Content Highlight: The Supreme Court asked who would marry the complainant if he knew about the sexual harassment.