സൗജന്യ റേഷന്‍ നല്‍കുന്നതിന് പകരം ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി
national news
സൗജന്യ റേഷന്‍ നല്‍കുന്നതിന് പകരം ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th December 2024, 4:21 pm

ന്യൂദല്‍ഹി: സൗജന്യ റേഷന്‍ നല്‍കുന്നതിന് പകരം ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ജനങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

എന്‍.എഫ്.എസ്.എ.യ്ക്ക് കീഴില്‍ റേഷന് അര്‍ഹരും അനര്‍ഹരുമായവരെയും ജനങ്ങളുടെ പ്രശ്‌നങ്ങളും ദുരവസ്ഥയും ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള ഹരജിയും കോടതി പരിഗണിച്ചു. നവംബര്‍ 19ന് മുമ്പ് റേഷന്‍ കാര്‍ഡ് ഹാജരാക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് പകരം തൊഴില്‍ അവസരങ്ങളുണ്ടാക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നാണ് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

ഇത്രയും വലിയ അളവില്‍ റേഷന്‍ നല്‍കുന്ന പതിവ് തുടരുകയാണെങ്കില്‍ ധാന്യങ്ങള്‍ നല്‍കേണ്ട ബാധ്യത കേന്ദ്രത്തിനാണെന്നതുകൊണ്ടുതന്നെ ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ റേഷന്‍ കാര്‍ഡ് വിതരണം തുടര്‍ന്നുപോവുമെന്നും സുപ്രീം കോടതി പറഞ്ഞു.

സൗജന്യ റേഷന്‍ നല്‍കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടാല്‍ സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തി പല സംസ്ഥാനങ്ങളും അവര്‍ക്ക് കഴിയില്ലെന്ന് പറയും. അതിനാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് കേന്ദ്രം ശ്രദ്ധ ചെലുത്തണം.

റേഷന്‍ കാര്‍ഡ് വിതരണം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് റേഷന്‍ നല്‍കേണ്ടതുണ്ടോ എന്നും സുപ്രീം കോടതി കേന്ദ്രത്തോട് ചോദിക്കുകയുണ്ടായി.

അതേസമയം 2013ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 80 കോടിയോളം വരുന്ന പാവങ്ങള്‍ക്ക് ഗോതമ്പും അരിയുമെല്ലാം റേഷന്‍ വിതരണം ചെയ്യുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനരല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

ഹരജിയില്‍ അടുത്ത വാദം കേള്‍ക്കുന്നതിനായി 2025 ജനുവരി എട്ടിലേക്ക് മാറ്റിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: The Supreme Court asked the Center to create more employment opportunities for the people instead of providing free ration