| Monday, 28th August 2023, 5:12 pm

ആര്‍ട്ടിക്കിള്‍ 370 കേസില്‍ ഹാജരായതിന് പിന്നാലെ എന്തിനാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്? എ.ജിയോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ കോടതിയില്‍ വാദിച്ച അധ്യാപകനെ ജമ്മുകശ്മീര്‍ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത് പരിശോധിക്കണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെ അഡ്വക്കേറ്റ് കപില്‍ സിബല്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത കാര്യം അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. അധ്യാപകന്‍ സഫൂര്‍ അഹമ്മദ് ഭട്ട് രണ്ട് ദിവസത്തെ അവധിയെടുത്ത് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരായിരുന്നു, തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് സിബല്‍ അറിയിച്ചു. ഇത് ന്യായമല്ലെന്നും ഇക്കാര്യം അറ്റോര്‍ണി ജനറല്‍ പരിശോധിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തെ കുറിച്ച് പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസും എ.ജിയോട് ആവശ്യപ്പെട്ടു.

പത്രത്തില്‍ വാര്‍ത്ത വന്നതിന് ശേഷം സംഭവത്തെ കുറിച്ച് പരിശോധിച്ചെന്നും പത്രത്തില്‍ വരുന്നവ മുഴുവന്‍ സത്യമല്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍ ഓഗസ്റ്റ് 25ന് പുറപ്പെടുവിച്ചിട്ടുള്ള സസ്‌പെന്‍ഷന്‍ ഉത്തരവില്‍ കേസില്‍ ഹാജരായതിനെ കുറിച്ച് ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

അദ്ദേഹം പല കോടതികളിലും ഹാജരാകുന്നുണ്ടെന്നും ഇതില്‍ മറ്റ് പ്രശ്‌നങ്ങളുണ്ടെന്നും അവ കോടതിക്ക് മുന്നില്‍ കൊണ്ടുവരാമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ഇവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്യാതിരുന്നതെന്നും ഇപ്പോള്‍ ചെയ്തതെന്നും സിബല്‍ ചോദിച്ചു. ഇത് ന്യായമായ രീതിയല്ലെന്നും ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത് ഇത്തരത്തിലാകരുതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് പരിശോധിക്കാന്‍ അറ്റോര്‍ണി ജനറല്‍ ആര്‍.വി. വെങ്കിട്ടരമണിയോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഇതിനെ കുറിച്ച് പരിശോധിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

ഓഗസ്റ്റ് 24നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ആശങ്ക പ്രകടിപ്പിച്ച് സഫൂര്‍ അഹമ്മദ് ഭട്ട് കോടതിക്ക് മുന്‍പാകെ ഹാജരായത്.

‘ജമ്മുകശ്മീരിലെ വിദ്യാര്‍ത്ഥികളെ ജനാധിപത്യ തത്ത്വങ്ങളെ കുറിച്ചും ഭരണഘടനയെ കുറിച്ചും ഈ സാഹചര്യത്തില്‍ പഠിപ്പിക്കുന്നത് എന്നെ പോലുള്ള അധ്യാപകര്‍ക്ക് വെല്ലുവിളി നിറഞ്ഞതാണ്. 2019 ഓഗസ്റ്റിലെ സംഭവത്തിന് ശേഷം നമ്മക്കിപ്പോഴും ജനാധിപത്യമുണ്ടോയെന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. ഇതിന് മറുപടി പറയുക എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ളതാണ്,’ എന്നായിരുന്നു അദ്ദേഹം കോടതിയില്‍ പറഞ്ഞിരുന്നത്.

Content Highlights: The Supreme Court asked the AG to look into decision of suspend a lecturer, who had argued 370 matter

Latest Stories

We use cookies to give you the best possible experience. Learn more