ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീം കോടതി. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്നും അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നുമാണ് ഭേദഗതി.
ജാമ്യം നല്‍കാനുള്ള ഉപാധികള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ സിദ്ദിഖിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് മാറ്റം വന്നിരിക്കുന്നതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.
കോടതി വാക്കാല്‍ പറഞ്ഞ കാര്യങ്ങളിലാണ് ഉത്തരവ് പകര്‍പ്പ് പുറത്തുവന്നതോടെ മാറ്റം വന്നിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസിലെ മുഴുവന്‍ കക്ഷികളോടും വരുന്ന രണ്ടാഴ്ചക്കകം വിശദാംശം നല്‍കണമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ഈ രണ്ടാഴ്ച സമയത്തേക്കായിരിക്കും സിദ്ദിഖിന് ഇടക്കാല സംരക്ഷണം ലഭിക്കുക. ഈ കാലയളവില്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നേരത്തെ കോടതി വാക്കാല്‍ പറഞ്ഞിരുന്നത്.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗിയായിരുന്നു സിദ്ദീഖിന് വേണ്ടി ഹാജരായത്. സിദ്ദീഖിന്റെ മകനും കോടതിയിലെത്തിയിരുന്നു.
ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് സര്‍ക്കാര്‍ അഭിഭാഷകരും സുപ്രീം കോടതിയില്‍ ഹാജരായിരുന്നു. മുതിര്‍ന്ന അഭിഭാഷക ഐശ്വര്യ ഭാട്ടിയയാണ് സര്‍ക്കാറിന് വേണ്ടി ഹാജരായത്. സിദ്ദിഖ് വലിയ സ്വാധീനമുള്ള ആളാണെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചിരുന്നു.
പരാതിക്കാരി തുടരെ തുടരെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വഴിയെല്ലാം തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും അന്ന് ബലാത്സംഗം ആരോപിച്ചിരുന്നില്ലെന്നായിരുന്നു സിദ്ദിഖിന്റെ പ്രധാനപ്പെട്ട വാദം. പരാതി നല്‍കാന്‍ കാലതാമസമുണ്ടായതിനെ കുറിച്ച് കോടതിയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
സിനിമ സംഘടനകളായ അമ്മയും ഡബ്ല്യൂ.സി.സിയും തമ്മിലുള്ള തര്‍ക്കമാണ് ഈ പരാതിക്ക് പിന്നിലെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ബേല എം. തൃവേദി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Content Highlight: The Supreme Court amended the order preventing the arrest of actor Sidique