| Tuesday, 21st November 2023, 12:21 pm

പരിസ്ഥിതി നാശത്തിന് പിന്നില്‍ ഒരു ശതമാനം അതിസമ്പന്നര്‍: ഓക്സ്ഫാം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നൈറോബി: ഒരു ശതമാനം വരുന്ന ലോകത്തിലെ അതിസമ്പന്നര്‍ പരിസ്ഥിതിയുടെ നാശത്തിന് കാരണക്കാരാണെന്ന് ഓക്സ്ഫാം റിപ്പോര്‍ട്ട്. പാവങ്ങളായ 66 ശതമാനം ആളുകള്‍ വരുത്തുന്നതിനേക്കാള്‍ ആഘാതം അതിസമ്പന്നര്‍ പ്രകൃതിക്ക് മേല്‍ നടത്തുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടി.

7.7 കോടിയോളമുള്ള അതിസമ്പന്നരുടെ സ്ഥാപനങ്ങള്‍ 2019ല്‍ മാത്രമായി 590 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് പുറത്തിവിട്ടതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

യു.എസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി കണക്കുകള്‍ പ്രകാരം ഓരോ 10 ലക്ഷം ടണ്‍ കാര്‍ബണിന് 226 ല്‍ അധികം മരണം വരുത്താനുള്ള സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഇത്തരത്തില്‍ ഒരു ശതമാനം സമ്പന്നര്‍ പുറത്തുവിടുന്ന കാര്‍ബണ്‍ വരും വര്‍ഷങ്ങളില്‍ 13 ലക്ഷം പേരുടെ മരണത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

കൂടാതെ അതിസമ്പന്നമായ രാജ്യങ്ങള്‍ 40 ശതമാനം കാര്‍ബണ്‍ പുറത്തിവിടുമ്പോള്‍ ദരിദ്ര രാജ്യങ്ങള്‍ അത് 0.4 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ പോരാടേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും പക്ഷെ തുല്യ പങ്കാളിത്തം ആവശ്യമില്ലെന്നും റിപ്പോര്‍ട്ട് വക്താവ് മാക്‌സ് ലോസണ്‍ എ.എഫ്.പിയോട് പറഞ്ഞു. പരിസ്ഥിതിക്ക് കൂടുതല്‍ ആഘാതം വരുത്തുന്ന രാജ്യങ്ങളിലെ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട നയങ്ങള്‍ പ്രത്യേകമായി രൂപപ്പെടുത്തണമെന്നും മാക്‌സ് ലോസണ്‍ ആവശ്യപ്പെട്ടു.

രാജ്യങ്ങളുടെ നയപരമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമനപരമായിരിക്കണം എന്ന് മാക്‌സ് ലോസണ്‍ അഭിപ്രായപ്പെട്ടു.

ഈ മാസം അവസാനം ദുബായില്‍ നടക്കുന്ന സി.ഒ.പി 28 ഉച്ചകോടിയില്‍ കാലാവസ്ഥാ ചര്‍ച്ചകള്‍ക്കായി ലോക നേതാക്കള്‍ ഒരുങ്ങുന്നതിനിടെയാണ് ഓക്സ്ഫാം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ചൂട് 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് പരിമിതപ്പെടുത്തുന്നത് അസാധ്യമായ ഒന്നാണെന്ന് ലോകനേതാക്കള്‍ ഭയപെടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: The super rich one percent are responsible for the destruction of the environment

We use cookies to give you the best possible experience. Learn more