അംബാല: ശംഭു അതിർത്തിയിൽ ജീവനൊടുക്കിയ കർഷകന്റെ ആത്മഹത്യ കുറിപ്പിലെ വാചകങ്ങൾ പുറത്ത്. അവർ കണ്ണുതുറക്കണമെങ്കിൽ ഞങ്ങളുടെ ജീവൻ ബലിനൽകണം, അതിനു തുടക്കം കുറിക്കുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ശംഭു അതിർത്തിയിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച 55 കാരനായ കർഷകൻ ചികിത്സയിലിരിക്കെ പാട്യാല ആശുപത്രിയിൽ വെച്ച് മരിച്ചത്. മൂന്നാഴ്ചയ്ക്കിടെ പ്രക്ഷോഭ സ്ഥലത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
തർൻ തരൺ ജില്ലയിലെ പഹുവിന്ദ് സ്വദേശിയായ രേഷാം സിങ് ആണ് ആത്മഹത്യ ചെയ്തത്. അദ്ദേഹം ജീവനൊടുക്കാൻ ശ്രമിക്കുകയാണെന്ന് മനസിലാക്കിയ മറ്റു കർഷകർ ഇദ്ദേഹത്തെ പെട്ടെന്ന് തന്നെ സമീപത്തെ രാജ്പുര സിവിൽ ആശുപത്രിയിലെത്തിച്ചു. മോദി സർക്കാറിന്റെ നയങ്ങളിൽ മനംമടുത്താണീ കടുംകൈ ചെയ്തതെന്ന് ആശുപത്രിയിൽ വെച്ച് അദ്ദേഹം മറ്റുള്ളവരോട് പറഞ്ഞു.
‘നരേന്ദ്രമോദി സർക്കാറിൽ ഒട്ടും പ്രതീക്ഷയില്ല. അവർ കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നത് പോയിട്ട്, ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ല. ജഗ്ജിത് സിങ് ദല്ലേവാൾജി നിരാഹാര സത്യാഗ്രഹം തുടരുകയാണ്. അതിനെ കുറിച്ച്, അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധിക്കുന്നു പോലുമില്ല.’ ഇതായിരുന്നു രേഷാം സിങ്ങിന്റെ അവാസന വാക്കുകൾ.
സർക്കാർ മരണപ്പെട്ട കർഷകന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നത് വരെ മൃതദേഹം സംസ്കരിക്കില്ലെന്ന് കർഷക നേതാക്കൾ പറഞ്ഞു.
മറ്റൊരു കർഷകനായ രഞ്ജോദ് സിങ് ഡിസംബർ 18ന് ശംഭു അതിർത്തിയിൽ വെച്ച് ആത്മഹത്യ ചെയ്തു. ഖനൗരി അതിർത്തിയിൽ നവംബർ 26 മുതൽ മരണം വരെ നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിൻ്റെ (70) ആരോഗ്യനില വഷളായതും സമരത്തോടുള്ള സർക്കാരിന്റെ നിസംഗതയുമാണ് ആത്മഹത്യക്ക് കാരണമെന്ന് നേതാക്കൾ പറഞ്ഞു.
സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്ദൂർ മോർച്ചയുടെയും കീഴിൽ നടത്തിയ ദൽഹിയിലേക്കുള്ള മാർച്ച് സുരക്ഷാ സേന തടഞ്ഞതിനെത്തുടർന്ന് ഫെബ്രുവരി 13 മുതൽ കർഷകർ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തി പോയിൻ്റുകളിൽ ക്യാമ്പ് ചെയ്യുകയാണ്.
നിരവധി ആവശ്യങ്ങളുന്നയിച്ച് നൂറിലധികം കര്‍ഷകരാണ് ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില, കടം എഴുതിതള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, ഭൂമി ഏറ്റെടുക്കല്‍ നിയമം പുനസ്ഥാപിക്കല്‍, വൈദ്യുതി നിരക്ക് വര്‍ധിക്കുന്നത് തുടങ്ങി നിരവധി ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.
2021ലെ ലഖിംപുര്‍ ഖേരി സംഘര്‍ഷം ബാധിച്ചവര്‍ക്ക് നീതിവേണമെന്നും 2020-21 കാലത്തെ കര്‍ഷകസമര കാലത്ത് ജീവന്‍ നഷ്ടമായ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Content Highlight: The suicide note of the farmer who committed suicide at the border is out