| Wednesday, 19th August 2020, 5:12 pm

'ഒരു വര്‍ഷം മുന്‍പുള്ള പ്രിയങ്കയുടെ അഭിമുഖം ചര്‍ച്ചയാക്കിയ മാധ്യമങ്ങളുടെ ആ താത്പര്യമുണ്ടല്ലോ, അഭിനന്ദിക്കാതെ വയ്യ'; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ വരണമെന്നും താനോ രാഹുലോ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരരുതെന്നും പറഞ്ഞുകൊണ്ടുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ അഭിമുഖം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

India Tomorrow: Conversations with the Next Generation of Political Leaders എന്ന പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നല്‍കിയ അഭിമുഖമായിരുന്നു ചര്‍ച്ചയായത്.

പ്രദീപ് ചിബറും ഹര്‍ഷ് ഷായും ചേര്‍ന്ന് എഴുതിയ പുസ്തകം കഴിഞ്ഞയാഴ്ചയായിരുന്നു പുറത്തിറങ്ങിയത്. അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

ഒരു വര്‍ഷം മുന്‍പ് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും ഒരു വര്‍ഷം മുന്‍പ് പ്രിയങ്ക നടത്തിയ ഒരു പ്രസ്താവനയോടുള്ള മാധ്യമങ്ങളുടെയുടേയും ബി.ജെ.പിയുടെയും താത്പര്യത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നുവെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത്.

പ്രിയങ്ക ഗാന്ധി വദ്ര ഒരു വര്‍ഷം മുന്‍പ് (2019 ജൂലൈ 1 ) നല്‍കിയ അഭിമുഖം ഇത്രയും വലിയ ചര്‍ച്ചയാക്കാനുള്ള മാധ്യമങ്ങളുടെ താത്പര്യത്തെ (ബി.ജെ.പിക്ക് വേണ്ടി) ഞങ്ങള്‍ അഭിനന്ദിക്കുന്നു.

ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ മോദിയും അമിത് ഷായും ചേര്‍ന്ന് നടത്തുന്ന അനീതികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടേണ്ട സമയമാണ് ഇത്. ആ അനീതികള്‍ക്കെതിരെ ഭയമില്ലാതെ മുന്‍നിരയില്‍ നിന്ന് പോരാടുകയാണ് വേണ്ടതെന്നും രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

അധികാരമെന്ന കെണിയില്‍ പെടാതെ നെഹ്റു-ഗാന്ധി കുടുംബം ഒരുമിച്ച് കോണ്‍ഗ്രസിനെ മുന്നോട്ടു നയിച്ചു. 2004 ല്‍ അധികാരം ത്യജിച്ചുകൊണ്ട് സോണിയ ജി പാര്‍ട്ടിയെ നയിച്ച് മാതൃക കാണിച്ചു.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പദവി രാജിവെച്ചുകൊണ്ട് 2019 ല്‍ രാഹുല്‍ ജിയും അതിനുള്ള ധൈര്യം കാണിച്ചു.

മോദി ഗവണ്‍മെന്റിന്റെ ദിനംപ്രതിയുള്ള നീചമായ ആക്രമണങ്ങളും തിരിച്ചടികളും വകവെക്കാതെ, ഒട്ടും തളരാതെ, രാഹുല്‍ പോരാടുന്നത് ദശലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും കാണുന്നുണ്ട്.

ഈ നിര്‍ഭയത്വവും വിട്ടുവീഴ്ചയില്ലാത്ത ധൈര്യവുമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്, പ്രവര്‍ത്തകരും രാഷ്ട്രവും ആവശ്യപ്പെടുന്നത് അത് മാത്രമാണ്, സുര്‍ജേവാല പറഞ്ഞു.

2019 ലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തു നിന്ന് പിന്മാറിയിരുന്നു. നേതൃസ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് പാര്‍ട്ടിയില്‍ നിന്ന് ആവശ്യം ഉയര്‍ന്നുവന്നുവെങ്കിലും രാഹുല്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറിയിയിരുന്നില്ല.

രാഹുലിന്റെ രാജിയെ തുടര്‍ന്ന് നേതൃസ്ഥാനം താത്ക്കാലികമായി ഏറ്റെടുത്ത സോണിയയുടെ കാലാവധി ഈ മാസം അവസാനിച്ചിരുന്നു. എന്നാല്‍ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ സോണിയ തന്നെ തുടരുമെന്നായിരുന്നു പാര്‍ട്ടി അറിയിച്ചത്.

ഈ പശ്ചാത്തലത്തില്‍ രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും വീണ്ടും ഉയര്‍ന്നു വന്നിരുന്നു. ഈയൊരു ഘട്ടത്തില്‍ കൂടിയാണ് നേതൃസ്ഥാനത്തേക്ക് ഗാന്ധി കുടുംബം ഇല്ലെന്ന് പറഞ്ഞുകൊണ്ടുള്ള പഴയ അഭിമുഖം മാധ്യമങ്ങളിലൂടെ വീണ്ടും ചര്‍ച്ചയായത്.

എന്നാല്‍ ഒരു വര്‍ഷം മുന്‍പുള്ള പരാമര്‍ശങ്ങള്‍ അടുത്തിടെ നടത്തിയതാണെന്ന തരത്തില്‍ ചിലര്‍ വ്യാഖ്യാനിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് വിശദീകരണവുമായി രംഗത്തെത്തേണ്ടി വന്നത്. ബി.ജെ.പിയുടെ താത്പര്യപ്രകാരമാണ് ഇതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും പ്രത്യേകിച്ച് ഒരു സ്ഥാനത്തിന്റെ ആവശ്യമില്ലാ എന്ന് രാഹുല്‍ ഗാന്ധി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേയ്ക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ആള്‍ വരണമെന്ന ആശയമായിരുന്നു അന്ന് പങ്കുവെച്ചത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ റോബര്‍ട്ട് വദ്രയ്ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നത് കടുത്ത ആക്രമണവും സമ്മര്‍ദ്ദവുമാണെന്നും അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: “the sudden media interest egged on by BJP” in a “year-old remark”congress on priyankas interview

We use cookies to give you the best possible experience. Learn more