|

'കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണം'; തങ്ങളുടെ സീനിയറെ അറസ്റ്റ് ചെയ്യുക തന്നെ വേണമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയതിന് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ദല്‍ഹി സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥി യൂണിയന്‍. കപില്‍ മിശ്രയുടെ വര്‍ഗീയവും പ്രകോപനപരവുമായ പ്രസംഗം തങ്ങളുടെ സ്ഥാപനത്തിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയെന്നും യൂണിയന്‍ കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ സ്ഥാപനത്തിന് ഒരു ഭാഗത്ത് വളരെ പ്രശംസാവഹമായ ഭൂതകാലമുണ്ട്. അതേ സമയം മറുഭാഗത്ത് ദല്‍ഹി കലാപം സംഘടിപ്പിക്കുകയും നഗരത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുകയും ചെയ്ത പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ബി.ജെ.പി നേതാവ് കപില്‍ മിശ്ര എന്ന ദോഷവും ഉണ്ടെന്നും യൂണിയന്‍ പറഞ്ഞു.

കഴിഞ്ഞ 3-4 ദിവസമായി മതസൗഹാര്‍ദത്തിന്റെ അന്തരീക്ഷം നഷ്ടപ്പെടുകയും നിരവധി മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് മനുഷ്യരുടെ വീടും ജീവിധോപാധികളും നഷ്ടപ്പെടുകയും ചെയ്്തിരിക്കുന്നു. ഞങ്ങളുടെ കോളേജില്‍ സാമൂഹ്യ സേവനം പഠിച്ച എന്ന വ്യക്തിയെന്ന നിലയില്‍ കപില്‍ മിശ്രയുടെ പേരില്‍ ഞങ്ങള്‍ക്ക് അപമാനമാണ്. അദ്ദേഹത്തിന്റെ വര്‍ഗീയവും പ്രകോപനപരവുമായ പ്രസംഗം തങ്ങളുടെ സ്ഥാപനത്തിന്റെ സല്‍പ്പേരിനും സാമൂഹ്യ സേവനം എന്ന ജോലിയ്ക്കും കളങ്കം ചാര്‍ത്തിയിരിക്കുന്നു എന്നും യൂണിയന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ദല്‍ഹി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. അദ്ദേഹത്തെ പോലെയുള്ള എല്ലാവര്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം’, യൂണിയന്‍ പറഞ്ഞു.