| Monday, 4th November 2024, 8:03 am

'നിങ്ങള്‍ക്കെന്ത് യോഗ്യത... ഗോത്ര കലകള്‍ കലോത്സവങ്ങളില്‍ പരിഹാസ്യമാകരുത്'; ജഡ്ജസിനെ കസേരയിലിരുത്തി വിദ്യാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അട്ടപ്പാടി: സ്‌കൂള്‍ കലോത്സവത്തില്‍ ഗോത്രകലകളുടെ വിധി നിര്‍ണയം പരിഹാസ്യമാകരുതെന്ന് അട്ടപ്പാടി സ്വദേശിയും വിദ്യാര്‍ത്ഥിയുമായ അനു പ്രശോഭിണി.

തങ്ങളുടെ ഗോത്ര നൃത്തം സ്‌കൂള്‍ കലോത്സവ വേദിയില്‍ ആദരിക്കപ്പെടുകയല്ല, അവഹേളിക്കപ്പെടുകയാണെന്ന് ബോധ്യപ്പെട്ടപ്പോളാണ് പ്രതികരിച്ചതെന്നും അനു പ്രശോഭിണി പറഞ്ഞു. വിധി നിര്‍ണയത്തിനെത്തിയ അധ്യാപകരെ കസേരയിലിരുത്തി കൊണ്ട് വിദ്യാര്‍ത്ഥി സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം ചര്‍ച്ചയാകുന്നത്.

കഴിഞ്ഞ ദിവസം ഉപജില്ലാ കലോത്സവത്തില്‍ കോഴിക്കോട് ജില്ലയിലെ ഒരു വേദിയില്‍ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇരുള ഗോത്ര നൃത്തം മത്സരയിനമായി അവതരിപ്പിക്കപ്പെട്ടിരുന്നു. ഈ ഇനത്തില്‍ മൂന്ന് സ്‌കൂളുകളാണ് മത്സരിച്ചിരുന്നത്. എന്നാല്‍ വിധി നിര്‍ണയത്തിലെ അപാകതകളും വിധികര്‍ത്താക്കളുടെ യോഗ്യത കുറവും ഫലം മാറ്റിമറിച്ച അനുഭവമുണ്ടായെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വീഡിയോയില്‍, ഇരുള നൃത്തത്തെ കുറിച്ചും ഇരുള സമുദായത്തെ കുറിച്ചും ജഡ്ജസിന് എന്തൊക്കെ അറിയാമെന്ന് എഴുന്നേറ്റ് നിന്ന് പറയണമെന്ന് വിദ്യാര്‍ത്ഥി ആവശ്യപ്പെടുന്നുണ്ട്. ഇരുളരുടെ പരമ്പരാഗതമായ നൃത്തത്തില്‍ വിധി നിര്‍ണയം നടത്താന്‍ എന്ത് യോഗ്യതയാണ് സദസിലിരിക്കുന്ന ജഡ്ജസിന് ഉള്ളതെന്നും അത് തെളിയിക്കണമെന്നും അനു പറയുന്നുണ്ട്.

സംസാരിക്കുന്നതിനിടെ സംഘടകര്‍ മൈക്കിന്റെ ശബ്ദം കുറയ്ക്കാന്‍ ശ്രമിച്ചതിനെതിരെയും അനു സംസാരിച്ചു. ‘ഞാന്‍ ഒരു കാര്യം പറയുമ്പോള്‍ മൈക്കിന്റെ ശബ്ദം കുറയ്ക്കരുത്, അഭ്യര്‍ത്ഥനയാണ്. എനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ചപ്പോള്‍ സംഘാടകര്‍ സ്റ്റേജില്‍ കയറി പറയരുതെന്നാണ് പറഞ്ഞത്. പിന്നാലെ ഞങ്ങളുടെ സമുദായത്തെ കുറിച്ച് ഞങ്ങള്‍ അല്ലാതെ വേറെ ആരാണ് സംസാരിക്കുക,’ എന്നും അനു പ്രശോഭിണി ചോദിച്ചു.

ഉപജില്ലാ കലോത്സവത്തില്‍ ഇത്തരത്തിലുള്ള വിധി നിര്‍ണയമാണ് നടക്കുന്നതെങ്കില്‍ നടക്കാനിരിക്കുന്ന സംസ്ഥാന കലോത്സവത്തിലും ഇത് തുടരില്ലേ എന്നും വിദ്യാര്‍ത്ഥി ചോദ്യമുയര്‍ത്തി. സംഭവത്തിന് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍, ആദിവാസി ഗോത്രകലകള്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മാറിയപ്പോള്‍ ഏറെ സന്തോഷിച്ചുവെന്ന് അനു പറഞ്ഞു.

‘നാടന്‍പാട്ട് കലാകാരനായിരുന്നു ഇരുള നൃത്ത മത്സരങ്ങള്‍ക്ക് വിധികര്‍ത്താവ്. ഇത് ചോദ്യം ചെയ്തപ്പോള്‍, യൂട്യൂബ് നോക്കി ഇരുള നൃത്തത്തെ മനസിലാക്കാന്‍ ശ്രമിക്കുന്ന വിധികര്‍ത്താവിനെയും കണ്ടു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അരങ്ങേറുന്ന മത്സരവേദികളില്‍ ആദിവാസി കലാകാരന്‍മാരെ വിധികര്‍ത്താക്കളാക്കി ഇരുത്തുന്ന കലാവിപ്ലവം സാധ്യമാകുമോ?

എന്ന ചോദ്യവും ഞങ്ങള്‍ ഉന്നയിച്ചു. ഗോത്രകലകളെ ശാസ്ത്രീയമായി പരിശീലിപ്പിക്കാനും കൃത്യതയോടെ വിധി നിര്‍ണയിക്കാനും ഗോത്ര സമൂഹത്തില്‍ നിന്ന് തന്നെ യോഗ്യരായ കലാകാരന്‍മാരെ കണ്ടെത്തി വേദിക്ക് മുന്നിലിരുത്തണം. ഗോത്രകല ആദരിക്കപ്പെടണമെങ്കില്‍ ഇത് ആവശ്യമാണ്. വിധി നിര്‍ണയം പരിഹാസ്യമാകുമ്പോള്‍ ആദിവാസി കല അവഹേളിക്കപ്പെടും,’ എന്നാണ് അനു ഫേസ്ബുക്കില്‍ കുറിച്ചത്.

ഇരുള നൃത്തമാടിയ ഒരു ടീമിന്റെ ‘എനര്‍ജി’ കണക്കിലെടുത്ത് ഒന്നാം സ്ഥാനം നല്‍കിയതെന്നാണ് അനു പറയുന്നത്. എന്നാല്‍ മാന്വല്‍ വായിച്ചാല്‍ മനസിലാവും പ്രകടനത്തിലെ എന്തൊക്കെ ഘടകങ്ങള്‍ വിലയിരുത്തണമെന്നത് എന്നും വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടി.

ഇരുള നൃത്തം (ആട്ടം പാട്ടം), മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയ നൃത്തം (കമ്പളകളി, വട്ടക്കളി), പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം തുടങ്ങിയ ഗോത്രകലകള്‍ക്ക് തനത് ചിട്ടയും തനിമയും പാരമ്പര്യവും തനത് സംസ്‌കാരവും ഉണ്ട്. അത് എവിടെയും അവഹേളിക്കപ്പെടരുതെന്നതുമാണ് വിദ്യാര്‍ത്ഥി പറഞ്ഞത്.

സാധാരണയായി ഒരു മത്സരവേദിയില്‍ വിധി നിര്‍ണയത്തിനെത്തുന്നവരെ സംഘാടകര്‍ സദസിലിരിക്കുന്നവരെ പരിചയപ്പെടുത്തുന്ന രീതിയുണ്ടെന്ന് അനു പ്രശോഭിണി ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. എന്നാല്‍ ഇവിടെ അങ്ങനെ ഒരു നീക്കമുണ്ടായില്ലെന്നും തുടക്കത്തില്‍ തന്നെ ഗോത്രകലകള്‍ ഇത്തരത്തില്‍ അവഹേളിക്കപ്പെട്ടാല്‍ അത് ശരിയാകില്ല, ഭാവിയില്‍ ഈയൊരു അവസ്ഥ ഉണ്ടാകരുതെന്നും വിദ്യാര്‍ത്ഥി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അനു പ്രശോഭിണി മുൻ മിസ് കേരള ഫിറ്റ്നസ് ഫാഷൻ ടൈറ്റിൽ വിന്നറാണ്. ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ച ധബാരികുരുവി എന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിച്ചത് അനുവാണ്. ഗോത്ര സമുദായക്കാരായവർ മാത്രം അഭിനയിച്ച സിനിമ കൂടിയാണ് ധബാരികുരുവി.

Content Highlight: The student said that the judging of tribal arts in the school arts festival should not be ridiculous

We use cookies to give you the best possible experience. Learn more