വിദ്യാര്‍ത്ഥിയും പോലീസുകാരനും
Literature
വിദ്യാര്‍ത്ഥിയും പോലീസുകാരനും
സി.ടി അബ്ദുറഹീം
Friday, 14th December 2018, 5:01 pm

ദയാപുരം വിദ്യാഭ്യാസ-സാംസ്‌കാരിക കേന്ദ്രത്തിന്റെ മുഖ്യശില്പിയും വിദ്യാഭ്യാസപ്രവര്‍ത്തകനും ഇസ്‌ലാം മത ഗവേഷകനുമായ സി.ടി അബ് ദുറഹീമിന്റെ ആത്മകഥയില്‍ നിന്നുള്ള ഭാഗങ്ങള്‍ തുടരുന്നു. “ദോഹയിലേക്കുള്ള കപ്പല്‍ യാത്ര”യ്ക്ക് ശേഷമുള്ള ഭാഗം. ആദ്യം ഖത്തര്‍ റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥിയും പിന്നീട് ഖത്തര്‍ പൊലീസില്‍ സര്‍ജന്റുമായ കാലത്തെ പ്രവാസാനുഭവങ്ങള്‍. എണ്ണയിലൂടെ സമ്പന്നമായിക്കൊണ്ടിരുന്ന ഒരു ചെറിയ രാജ്യത്തിന്റെ ആദ്യകാലം. അവിടുത്തെ മലയാളി ജീവിതം.

ഖത്തര്‍ റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

സംഭവബഹുലമായ കപ്പല്‍ യാത്രക്ക് ശേഷം ദോഹയില്‍ എത്തിയ ഞങ്ങള്‍ മൂന്നുപേരെയും ആദ്യം കൊണ്ടുപോയത് ഖത്തര്‍ റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലിലേക്കാണ്. ഔപചാരിക നടപടികള്‍ക്കുശേഷം ഹോസ്റ്റലിലെ വിശാലമായ മുറിയില്‍ അറബിവിദ്യാര്‍ത്ഥികളോടൊപ്പം ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. ക്ഷീണംകൊണ്ട് പെട്ടെന്ന് എല്ലാവരും നിദ്രയിലാണ്ടു. നേരംപുലര്‍ന്നു ചുറ്റും കണ്ണോടിച്ചപ്പോള്‍ വീടും നാടും കടലും കഴിഞ്ഞു ഒരു അര്‍ദ്ധദ്വീപിലാണ്. ദ്വീപിന്റെ പേര് ഖത്തര്‍. തലസ്ഥാനം ദോഹ. “ദൗഹ:” എന്ന വാക്കിന്ന് വടവൃക്ഷം എന്നര്‍ത്ഥം. മരുഭൂമിയില്‍ അവിടെ ഒരു മരം ഉണ്ടായിരുന്നുവത്രെ. കൊമ്പും ചില്ലകളുമായി കായ്ച്ചും തണല്‍ വിരിച്ചും നില്‍ക്കുന്ന ഒരു വലിയ വൃക്ഷം മരുഭൂമിയിലെ അപൂര്‍വ്വ പറവകള്‍ക്ക് കൂടുകൂട്ടാന്‍ തലകുനിച്ചു നിന്നുകൊടുക്കുന്ന ചിത്രം മനസ്സില്‍ തെളിഞ്ഞു. അതിന്റെ തണലില്‍ കാറ്റേറ്റു വിശ്രമിക്കാന്‍ കൗതുകം തോന്നി.

പിറ്റേന്നുരാവിലെ റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി. സ്ഥാപനത്തിന്റെ ഡയറക്ടറായ പ്രസിദ്ധ പണ്ഡിതന്‍ ശൈഖ് യൂസുഫുല്‍ ഖര്‍ളാവിയെ സന്ദര്‍ശിച്ചു. കേരളത്തില്‍നിന്നുവരുന്ന ആദ്യത്തെ വിദ്യാര്‍ത്ഥികളായ ഞങ്ങളെ അദ്ദേഹം വളരെ സ്നേഹപൂര്‍വ്വം സ്വീകരിച്ചു. യാത്രയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ചോദിച്ചു. “നമുക്കും നിങ്ങള്‍ക്കുമിടയില്‍ യാതൊരു മറയുമില്ല. എന്ത് ആവശ്യവും നിങ്ങള്‍ക്ക് ചോദിക്കാം” എന്ന വാക്കിലൂടെ ഞങ്ങളുടെ എല്ലാ ആശങ്കകളും അദ്ദേഹം അകറ്റി. അന്നുമുതല്‍ തുടര്‍ന്ന് 1973 മെയ് 20 വരെ “റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍” വിദ്യാര്‍ത്ഥിയായിക്കഴിഞ്ഞു.

യൂസുഫുല്‍ ഖര്‍ളാവി

ഈജിപ്ത്, സുഡാന്‍, സിറിയ, ജോര്‍ദാന്‍, മൊറോക്കോ, ഫലസ്ഥീന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ നിയോഗിക്കപ്പെട്ടവരായിരുന്നു അദ്ധ്യാപകരില്‍ പലരും. തദ്ദേശീയരായി ആരുമുണ്ടായിരുന്നില്ല. ഇവരില്‍ ശൈഖ് അലിജമ്മാസ്, ശൈഖ് അബ്ദുല്ലത്വീഫ് സായിദ്, സത്താവി, ഫാഇദ്ആശൂര്‍, ഹസന്‍അബ്ബാസി തുടങ്ങിയ പണ്ഡിതവ്യക്തിത്വങ്ങള്‍ ഏറെ ശ്രദ്ധേയരായിരുന്നു. ജമാല്‍ അബ്ദുന്നാസിറിനോട് രൂപസാദൃശ്യമുള്ള ചരിത്രാദ്ധ്യാപകന്‍ ഫാഇദ്ആശൂറിന്റെ ക്ലാസുകള്‍ ഗിരിനിരകളിലൂടെ ഒഴുകിയിറങ്ങുന്ന തെളിനീര്‍പ്രവാഹംപോലെ മനോഹരമായിരുന്നു. വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞു, ഫലസ്ഥീന്‍ മന്ത്രിസഭയിലെ അംഗമെന്നനിലയില്‍ ഒരു പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുന്ന ടെലിവിഷന്‍ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ പഴയ ഓര്‍മ്മകള്‍ മനസ്സില്‍ തെളിഞ്ഞു.

ഫിലോസഫി അദ്ധ്യാപകനായ സത്താവിയുടെ ക്ലാസുകളും അതീവഹൃദ്യമായ അനുഭവംതന്നെ. തികഞ്ഞ കണിശതയും വ്യക്തിഗാംഭീര്യവും . ആരെയും വകവെയ്ക്കാത്ത മഹാകുസൃതികളായ അറബിക്കുട്ടികള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ “മര്യാദരാമന്മാരായി” തല കുമ്പിട്ടുനില്‍ക്കുന്നത് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്.

അച്ചടക്കം എന്ന പദം അവരുടെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല. കുട്ടിക്കളി മാറാത്ത ഗൗരവബോധമില്ലാത്തവരെപ്പോലെയായിരുന്നു അവരുടെ പെരുമാറ്റം. ഇംഗ്ലീഷ് ഭാഷാപഠനം അവര്‍ക്ക് ബാലികേറാമലയായിത്തോന്നി. പക്ഷേ, അരനൂറ്റാണ്ടുകൊണ്ട് അറബ്നാടുകള്‍ വിദ്യാഭ്യാസത്തിലും നാഗരികതയിലും വമ്പിച്ച കുതിപ്പുതന്നെ നടത്തുകയുണ്ടായി. ഒപ്പം ജീവിതശൈലിക്കും അടിമുടി മാറ്റം സംഭവിച്ചു. പുരോഗതിയുടെ അരങ്ങേറ്റത്തോടൊപ്പം അവര്‍ പലതും പുതുതായി പഠിച്ചു; അവരുടെ കറയറ്റ സ്വത്വത്തെ അപകടപ്പെടുത്തിയ ചിലതും കൂട്ടത്തില്‍പെടുന്നു.

ഖത്തറിലെ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ട് വീട്ടിലേക്കു ഉടനെ എഴുതി. കപ്പല്‍ യാത്രയിലെ അപകടഭീതിയെപ്പറ്റിയോ അകലത്തിന്റെ വിഷമത്തെപ്പറ്റിയോ ഒന്നും എഴുതിയില്ല. ദൂരെയൊരു നാട്ടിലുള്ള ഞാന്‍ സന്തോഷത്തോടെ, എല്ലാ സൗകര്യത്തോടെയും ജീവിക്കുന്നു എന്ന് ഉമ്മയെയും സഹോദരങ്ങളെയും ഭാര്യയേയും അറിയിക്കുക ആവശ്യമായിരുന്നു. അത് കൊണ്ട് ഹോസ്റ്റലിലെ ഡോര്‍മിറ്ററിയില്‍ എയര്‍ കണ്ടീഷനിംഗ് ഉള്ള കാര്യമൊക്കെ എഴുതിയിരുന്നു.

സി.ടി അബ്ദുറഹീം

അന്നു അത് നാട്ടില്‍ വലിയ കൗതുകമായി. വേനല്‍ക്കാല അവധിക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കാന്‍ രണ്ടു മൂന്നു മാസം മാത്രം ഉള്ളപ്പോഴാണ് ഞങ്ങള്‍ അവിടെ എത്തിയത്. അത് കൊണ്ട് ആദ്യവരവില്‍ ഒരു പാട് കാലം വിട്ടു നില്‍ക്കേണ്ടി വന്നില്ല. ഹോസ്റ്റലില്‍ അറബി ഭക്ഷണമാണ്. താമസവും ഭക്ഷണവും കഴിഞ്ഞു മാസം 120 ഖത്തര്‍ റിയാല്‍, സ്‌റ്റൈപ്പന്റ് ആയി കയ്യില്‍ കിട്ടും. അത് നാട്ടിലെ ആവശ്യങ്ങള്‍ക്ക് അയക്കാന്‍ പറ്റും എന്നത് വലിയ സന്തോഷമായിരുന്നു.

ഖത്തറിലെ മലയാളികള്‍ക്ക് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒരു കൗതുകമായിരുന്നു. പലരും ഞങ്ങളെ വന്നു കാണും. അങ്ങിനെയിരിക്കെയാണ് ഒരു മാംസക്കടയില്‍ ജോലി ചെയ്യുകയായിരുന്ന പി പി ഹൈദര്‍ ഹാജിയെ പരിചയപ്പെടുന്നത്. തന്നോടൊപ്പമുള്ള കുറച്ചു മലയാളി സുഹൃത്തുക്കള്‍ക്ക് അറബി പഠിപ്പിക്കാന്‍ വേണ്ടി ഹൈദര്‍ക്ക എന്നെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. അങ്ങിനെയാണ് 46 വര്‍ഷമായി തുടരുന്ന ഞങ്ങളുടെ സൌഹൃദത്തിന്റെ തുടക്കം.

ഹൈദര്‍ക്കാക്കൊപ്പം തൃശൂര്‍ജില്ലക്കാരനും റുമേല ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റുമായ ജോണിയും പതിവാണ്. ജോണിയും എന്റെ ആത്മമിത്രമായി. ദോഹയിലെ അല്‍ മിഫ്താഹ് ഗ്രൂപ്പിന്റെ ജനറല്‍ മാനേജരായി ആ സ്ഥാപനത്തെ പടിപടിയായി വളര്‍ത്തി വിഖ്യാതിയിലേക്കുയര്‍ത്തിയ പി.എ അബൂബക്കര്‍, പനങ്ങായി അബൂബക്കര്‍, മസ്ഹൂ്ദ്, പി.ടി. സെയ്തലവി, സെയ്തു മുഹമ്മദ്, , അലിക്കുട്ടി, എന്‍.എം.കുഞ്ഞു മുഹമ്മദ്, തുടങ്ങി പല സുഹൃത്തുക്കളെയും അവിടെ വെച്ചാണ് ഞാന്‍ പരിചയപ്പെടുന്നത്. പല വിതാനങ്ങളിലേക്കും വ്യാപിച്ച ഈ ബന്ധങ്ങള്‍ പില്‍ക്കാലത്ത് വലിയ അനുഗ്രഹമായി.

ശൈഖ് അഹമദുബ് നു അലി ആല്‍താനീ

ഖത്തര്‍ ഭരണാധികാരിയായിരുന്ന ശൈഖ് അഹമദുബ് നു അലി ആല്‍താനീ ഒന്നോ രണ്ടോ അംഗരക്ഷകരുമായി “ഇറാനീസൂഖി”ലും (ദോഹയിലെ പഴയ മാര്‍ക്കറ്റ്) മറ്റു പീടികകളിലും ഇറങ്ങി നടക്കുന്നത് കാണാമായിരുന്നു. മറ്റു മന്ത്രിമാരും അതെ അധികാരത്തിന്റെ തലക്കനമോ ജാടയോ കൂടാതെ, വെറും സാധാരണക്കാരനെപ്പോലെ. അന്നത്തെ ദോഹയുടെ നിഷ്‌കളങ്കമായ ലാളിത്യം കേരളത്തില്‍ മഞ്ഞുപെയ്യുന്ന വൃശ്ചികത്തിന്റെ കുളിരനുഭവംപോലെ മനോഹരമായിരുന്നു.

പത്രാസുകളൊന്നുമില്ല. സ്റ്റാര്‍ഹോട്ടലുകള്‍ക്ക് പകരം മലയാളിയുടെ ഉപജീവനമാര്‍ഗമായ കൊച്ചുഹോട്ടലുകള്‍, ചെറിയ ലോഡ്ജുകള്‍, നിറയെ ജ്യൂസ്‌കടകള്‍, തട്ടുകടകള്‍, റെഡിമെയ്ഡ്വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വില്‍ക്കുന്ന ചെറിയ ഷോപ്പുകള്‍, നിരവധി ടൈലറിംഗ് കടകള്‍. ഷോപ്പുകളിലെ നടത്തിപ്പ് സമ്പ്രദായം “ബാര്‍ഗൈനിംഗ്” വില്‍പനരീതിയായിരുന്നു. ആവശ്യക്കാരുടെ അറിവില്ലായ്മ ഓരോ കച്ചവടക്കാരനും നന്നായി ഉപയോഗിച്ചു.

ഖത്തറികള്‍ക്ക് അന്ന് അതൊക്കെ മതിയായിരുന്നു. ചെറിയ ജീവിതം. ഇന്ന് എല്ലാം ഓര്‍മ്മപോലുമല്ലാതായി. എണ്ണക്കിണറുകളില്‍ പൊന്നുവിളഞ്ഞു തുടങ്ങിയതേയുള്ളു. വകതിരിവിന്റെ വിദ്യാഭ്യാസകേന്ദ്രങ്ങള്‍ പാരമ്പര്യങ്ങളില്‍നിന്ന് മുക്തമാവാനുള്ള സ്വതന്ത്രവഴികള്‍ സ്വീകരിച്ചുകഴിഞ്ഞിട്ടില്ല. റോഡുകളും അങ്ങാടികളും പരിമിതം. ഉപഭോഗസംസ്‌കാരത്തിന്റെ കാറ്റ് ഗള്‍ഫ് തീരങ്ങളെ ആവേശിച്ചുകഴിഞ്ഞിരുന്നില്ല. ഒട്ടകപ്പുറത്തുനിന്ന് വിദേശകാറുകളിലേക്കും വിമാനങ്ങളിലേക്കും മാറിയിരിക്കാന്‍ തുടങ്ങിയതേയുള്ളു. വന്‍കിടഹോട്ടലുകള്‍ ഒന്നോ രണ്ടോ.

 

ഫുട്ബോള്‍ കമ്പം യുവാക്കളിലും വൃദ്ധന്മാരിലും ലഹരിയായിരുന്നു. പക്ഷേ, ലക്ഷണമൊത്ത ഗ്രൗണ്ടണ്‍ുകള്‍ പരിമിതം. ദോഹയുടെ പ്രധാനകാഴ്ച പൊതുലൈബ്രറിക്കടുത്ത് നാല്‍ക്കൂട്ടക്കവലയിലെ വലിയൊരു പുല്‍ക്ലോക്കായിരുന്നു. കൂടാതെ, മ്യൂസിയവും വന്യമൃഗശാലയും റുമേലാമേഖലയിലെ പൊതുആശുപത്രിയും. തൊഴിലാളികള്‍ ഏറെയും സാധാരണക്കാരായ ഇറാനികളും ഇന്ത്യക്കാരും.

ഡോക്ടര്‍മാര്‍ പലരും ഈജിപ്ഷ്യര്‍. പോലീസ്, യമനികളും പലസ്തീനികളും സുഊദികളും. അധികവും വിദ്യാഭ്യാസമില്ലാത്തവര്‍. കഠിനാദ്ധ്വാനികള്‍ പഠാന്‍കാരും അഫ്ഘാനികളുമായ ആജാനബാഹുക്കള്‍. ഏതുചൂടത്തും അവര്‍ രാവിലെമുതല്‍ വൈകുന്നേരംവരെ ഡ്രില്ലര്‍ ഉപയോഗിച്ച് റോഡിലും നിര്‍മ്മാണസ്ഥലങ്ങളിലും ജോലിചെയ്യുന്നു. അവര്‍ക്ക് ഉറങ്ങാന്‍ ഇത്തിരി തണലില്‍ ഒരു ചൂടിക്കട്ടില്‍ മതി. ഭക്ഷണം ലബനാനി റൊട്ടിയും.

അറബിക്കുട്ടികള്‍ പ്രത്യേകതരം ചെറുമോട്ടോര്‍ സൈക്കിളില്‍ കുതിച്ചുവരും. തലയിലെ “ഇഖാല്‍” എടുത്ത് നടന്നുപോവുന്ന പാവങ്ങളായ വിദേശികളെ നേരംപോക്കെന്നോണം അടിച്ച് കടന്നുകളയും. ഈ പതിവുതമാശ അവസാനിപ്പിച്ചത് പഠാണികളാണ്. വിദേശികളുടെ നേരെയുള്ള പെരുമാറ്റം കരുതി വേണമെന്ന ബോധം അക്കാലങ്ങളില്‍ സൃഷ്ടിച്ചതും അവര്‍തന്നെ. പഠാണികളെക്കുറിച്ച് അറബികളില്‍ നടപ്പുണ്‍ണ്ടായിരുന്ന “കമന്റ്” “മുഖ് മാഫീ” (ബുദ്ധിയില്ലാത്തവര്‍) എന്നാണ്.

ഇന്ന് ഖത്തര്‍ കാലത്തിന്റെമുമ്പില്‍ മാറ്റത്തിന്റേയും ദൃഢനിശ്ചയത്തിന്റേയും വഴിയില്‍ സഞ്ചരിക്കുന്ന, ചെറുതെങ്കിലും ശക്തമായ രാജ്യമാണ്. രണ്ടു കാലഘട്ടങ്ങളെക്കുറിച്ച് ഒരു താരതമ്യം ഓര്‍മ്മ വരുന്നു: കോട്ടക്കലെ ചികിത്സാനന്തരം ശൈഖ് അന്‍സാരിയോടൊപ്പം ദല്‍ഹിയിലെത്തിയ അന്നു രാത്രി അദ്ദേഹത്തിനു ശക്തമായി പനിച്ചു. ഞാന്‍ ഭയന്ന് അംബാസിഡര്‍ ഷരീദ അല്‍കഅ്ബിയെ വിവരം അറിയിച്ചു. അദ്ദേഹം ഉടനെ ഹോട്ടലില്‍ വന്നു. ശൈഖിനെ പരിശോധിക്കാന്‍ വിളിച്ച ഡോക്ടറെ അംബാസിഡര്‍ സ്വയം പരിചയപ്പെടുത്തി:

 

“ഞാന്‍ ഖത്തര്‍ അംബാസിഡര്‍. പേര് ശരീദ അല്‍കഅ്ബി.” ഡോക്ടര്‍ക്ക് കേട്ടുപരിചയമില്ലാത്ത പേരായിരുന്നു ഖത്തര്‍. അദ്ദേഹം പരുങ്ങുന്നതുകണ്ട് അംബാസിഡര്‍ വീണ്ടും: “ലോകത്ത് ഖത്തര്‍ എന്ന പേരില്‍ ഒരു രാഷ്ട്രമുണ്ട്, ഡോക്ടര്‍. ഞാന്‍ ആ നാട്ടിന്റെ ഇന്ത്യയിലെ അംബാസിഡറാണ്.” രണ്ടുപേരും ചിരിച്ചു. ഇന്ന് ലോകത്തിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നാണ് അതിസമ്പന്നമായ ആ കൊച്ചുരാഷ്ട്രം.

ഇരമ്പുന്ന പുതിയ വികസനത്തിന് ദോഹ വഴിമാറിക്കൊടുത്തുകഴിഞ്ഞു. ഈന്തപ്പനയോലയും മരച്ചില്ലയും മണ്ണുമുപയോഗിച്ചു നിര്‍മ്മിച്ച മണ്‍കുടിലുകളും തെരുവോരപ്പീടികകളും കെട്ടിടങ്ങളും ചരിത്രത്തിന്റെ ഭാഗമായി. ഒപ്പം ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് ഏറെക്കുറെ അപ്രാപ്യരും. ഇന്ന് എങ്ങും ഭീമാകാരമായ മണിമാളികകളും ഇടമുറിയാതെ ഒഴുകുന്ന കൂറ്റന്‍കാറുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുമാണ്. 1971 ലെ ദോഹയും ഇന്നത്തെ ദോഹയും തമ്മില്‍ താരതമ്യം സാധ്യമല്ല.

റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഖത്തര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പല നാടുകളില്‍നിന്നുമുള്ള വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ആ കൂട്ടുജീവിതം വിവിധ സംസ്‌കാരങ്ങളുടെ രംഗവേദിയായി. അത് വിദ്യാഭ്യാസത്തിന്റെ വ്യത്യസ്തമായ പഠനമുഖം കണ്ടറിയാന്‍ ഞങ്ങള്‍ക്ക് സന്ദര്‍ഭമൊരുക്കി. ആ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഏകാധിപത്യത്തിന്റെ ഇരകളായിരുന്നു. മറ്റുചിലര്‍ വര്‍ഗീയ പീഡനങ്ങള്‍ക്ക് വിധേയര്‍. ചിലര്‍ സാമ്രാജ്യത്വത്തിനെതിരില്‍ പോരാട്ടംനടത്തുന്ന നാടുകളില്‍ നിന്നുള്ളവരും. എല്ലാവരെയും സ്വാഗതംചെയ്യുന്ന വലിയ മനസ്സ് ആ കൊച്ചുരാജ്യം പുലര്‍ത്തിവന്നു.

എണ്ണയുടെ സമൃദ്ധിയില്‍ പുരോഗതിയിലേക്കു പറന്നുയരാന്‍ ചിറകുവിരുത്തിയ ഫാള്‍ക്കന്റെ നാട്. അത് വിവിധ നാടുകളില്‍നിന്നുള്ള തൊഴിലാളികളോടൊപ്പം നിരവധി ഇന്ത്യക്കാരെയും സ്വീകരിച്ചുകൊണ്ടിരുന്നു. അറേബ്യന്‍ ഉള്‍ക്കടലിന്റെ പശ്ചിമതീരത്തില്‍ നാക്കിലപോലെ, കിഴക്കും പടിഞ്ഞാറും വടക്കും സമുദ്രത്താല്‍ ചുറ്റപ്പെട്ടാണു ഖത്തര്‍ കിടക്കുന്നത്. തെക്ക് സഊദിഅറേബ്യയും അബുദാബിയും. ഗള്‍ഫ്നാടുകളില്‍ ഭൂമിശാസ്ത്രപരമായി സുപ്രധാനസ്ഥാനത്താണ് ദോഹ.

സമുദ്രമാര്‍ഗം ഇറാഖ്, ഇറാന്‍, പൂര്‍വ്വേഷ്യ എന്നിവയോടും കരമാര്‍ഗം അറേബ്യന്‍ ഉപദ്വീപുമായും സിറിയന്‍ നാടുകളുമായും ബന്ധപ്പടാന്‍ ഖത്തറിന് എളുപ്പമാണ്. 11850 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണ്ണം. വടക്കുനിന്ന് തെക്കുവരെയുള്ള പരമാവധി നീളം 200 കിലോമീറ്ററും കിഴക്കുനിന്ന് പടിഞ്ഞാറുവരെ പരമാവധി വീതി 100 കിലോമീറ്ററുമാണ്. ഉഷ്ണകാലത്ത് അത്യുഷ്ണവും (33 ഡിഗ്രിമുതല്‍ 50 ഡിഗ്രിവരെ) തണുപ്പുകാലത്ത് അതിശൈത്യവും (16 ഡിഗ്രിമുതല്‍ 5 ഡിഗ്രിവരെ).

 

ദോഹയിലിറങ്ങിയപ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടത് “അമിതാഹാരം അനാരോഗ്യകരം” എന്ന ചുമര്‍പ്പരസ്യമാണ്. അത് എല്ലായിടത്തും പതിച്ചിരുന്നു. കുടവയറനായ ഒരറബി അരിഭക്ഷണം കുന്നുകൂട്ടിയിട്ട തളികയുടെ മുമ്പിലിരുന്നു മൃഷ്ടാന്നം ഭുജിക്കുന്നു. തീറ്റകൊണ്ട് മുടിയുന്ന ഒരു സമൂഹത്തെ താക്കീത് ചെയ്യുന്ന പരസ്യം! അത്താഴപ്പട്ടിണിക്കാരുടെ നാട്ടില്‍നിന്ന് വരുന്ന ഞാന്‍ ഇതുകണ്ട് അത്ഭുതപ്പെട്ടു. ഇങ്ങനെയൊരു പരസ്യം ഇന്ത്യന്‍ചുമരുകളില്‍ പ്രത്യക്ഷപ്പെടുന്ന കാലം എന്നായിരിക്കും? സ്വയം ചോദിച്ചു. പക്ഷേ, ആ അത്ഭുതം ഇന്ന് കേരളത്തില്‍ ഭാഗികമായെങ്കിലും പുലര്‍ന്നിരിക്കുന്നു.

ഒരു സദ്യവട്ടത്തില്‍ മുപ്പതും നാല്‍പതും ഇനങ്ങള്‍ വിളമ്പുന്ന തീന്‍മേശകള്‍ പതിവുകാഴ്ചയാണ്. അമിതാഹാരം എന്നതിനേക്കാള്‍ പാവങ്ങളുടെ നെഞ്ചത്ത് ചവിട്ടിനിന്ന് നടത്തുന്ന ധൂര്‍ത്താണിതെന്ന വ്യത്യാസമേയുള്ളു! ഈ ധൂര്‍ത്തില്‍ ഉള്ളടങ്ങിയ താക്കീത് ആരും ശ്രദ്ധിക്കുന്നില്ലെന്നുമാത്രം. ഖത്തറിന്റെ ഇന്നത്തെ പുതിയ ചുമരുകളില്‍ ഇത്തരം പരസ്യങ്ങള്‍ കാണാനില്ല. കഴിഞ്ഞുപോയ തലമുറക്ക് അനുഭവപ്പെട്ട മനസ്സാക്ഷിക്കുത്ത് പുതിയ തലമുറ അതിജയിച്ചു കഴിഞ്ഞിട്ടുണ്ടാവണം.

കടലും മരുഭൂമിയും കടന്ന് ആക്രമിക്കുന്ന ശീതക്കാറ്റിന് തടയിടാന്‍ ദോഹയില്‍ കോണ്‍ക്രീറ്റ്കാടുകള്‍ ഉണ്ടായിരുന്നില്ല. മേല്‍ക്കുമേല്‍ധരിക്കുന്ന രോമവസ്ത്രങ്ങളും മുറികള്‍ ചൂടുപിടിപ്പിക്കുന്ന ഹീറ്ററുകളുമായിരുന്നു ആശ്രയം. തീ തുപ്പുന്ന ഉഷ്ണകാലത്തെ പൂര്‍ണ്ണമായി നേരിടാന്‍ ഇന്ന് ഖത്തറിന് കഴിയും. വൈദ്യുതിയുടെ ഉല്‍പാദനം അതിനുമാത്രം വികസിച്ചിട്ടുണ്ട്. കാറും റൂമും ഓഫീസും ഇന്ന് ശീതീകൃതമാണ്. അന്ന് വൈദ്യുതിവിതരണം ഭാഗികമായിരുന്നു. ചൂടും ഈര്‍പ്പവും സഹിക്കാനാവാതെ വിയര്‍പ്പില്‍ മുങ്ങുന്ന അവസ്ഥ. ഉഷ്ണവും തണുപ്പും പ്രതിരോധിക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങളില്ലാതിരുന്ന ആ കാലത്തെ കഷ്ടപ്പാടുകള്‍ പുതിയ തലമുറക്ക് ഊഹിക്കാന്‍പോലും സാധ്യമല്ല.

പൊലീസില്‍

ഖത്തറിന്റെ പുനരുദയഘട്ടം തുടങ്ങുന്നത് ശൈഖ് ഖലീഫാബ്നുഹമദ് ആല്‍താനിയോടെയാണെന്നുപറയാം. രണ്ടു ജെറ്റ്വിമാനങ്ങള്‍ ആകാശത്ത് പറക്കുന്നതുകണ്ട ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കാര്യമെന്തെന്ന് അന്വേഷിച്ചു. ഭരണമാറ്റം സംഭവിച്ചു എന്നായിരുന്നു മറുപടി. അങ്ങനെയാണ് ശൈഖ് ഖലീഫയുടെ ഊഴംവരുന്നത്. സമര്‍ത്ഥനായ ഭരണാധികാരിയെന്നനിലക്ക് ജനങ്ങളില്‍ പെട്ടെന്ന് സ്വീകാര്യതനേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

സി.ടി അബ്ദുറഹീം

പുതിയ പല തുടക്കങ്ങളുംകുറിച്ചുകൊണ്ട് രാഷ്ട്രാന്തരീയശ്രദ്ധയാകര്‍ഷിച്ച ഖത്തര്‍ ഭരണാധികാരി. അദ്ദേഹത്തിന്റെ കാലത്താണ് പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ ഞാന്‍ നിയമിതനായത്. ഹെഡ്ക്വോര്‍ട്ടേഴ്സിലായിരുന്നു പ്രധാനമായും ജോലി. ഓഫീസര്‍മാരില്‍ ചിലര്‍ ബ്രിട്ടീഷുകാരായിരുന്നു.

പട്ടാളക്കാരനാവുക എന്നത് കുട്ടിക്കാലംമുതല്‍ വലിയൊരു ആഗ്രഹമായിരുന്നു. എന്റെ ശാരീരികവും മാനസികവുമായ ഘടനയുമായി യോജിക്കാത്ത ഈ ആഗ്രഹം എങ്ങനെ രൂപംകൊണ്ടു എന്ന് ആലോചിച്ചിട്ടുണ്ട്. ആറുവയസ്സുമുതല്‍ വീട്ടില്‍ യുവാക്കള്‍ ചേര്‍ന്നുനടത്തിവന്ന മാപ്പിളപ്പാട്ടുരാവുകളില്‍ അധികവും വീരശൂരപരാക്രമങ്ങളുടെ കഥാഗാനങ്ങളായിരുന്നു. കൂട്ടത്തില്‍ ഏറെ ആകര്‍ഷിച്ചത് “സിറിയന്‍ നാടുകളിലെ വിജയങ്ങള്‍” (ഫുതൂഹുഷാം) എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട രചനകളാണ്.

ഖാലിദുബ്നുവലീദ് എന്ന ലോകപ്രസിദ്ധ പടനായകന്റെ വീരേതിഹാസംകൂടിയാണ് ആ കൃതി. ജീവിതകാലംമുഴുവന്‍നടന്ന യുദ്ധങ്ങളില്‍ ഒരിക്കലും പരാജയപ്പെടാത്ത കമാന്റര്‍. പരാജയം തീര്‍ച്ചപ്പെടുന്ന സന്ദര്‍ഭങ്ങളെപ്പോലും വിജയമാക്കിമാറ്റാന്‍മാത്രം യുദ്ധതന്ത്രജ്ഞനായ സാക്ഷാല്‍ പട്ടാളക്കാരന്‍. ഇസ്ലാം സ്വീകരിക്കുംമുമ്പ് നബിയുടെ അനുയായികള്‍ക്ക് “ഉഹ്ദ്” യുദ്ധത്തില്‍ സംഭവിച്ച കനത്ത നാശനഷ്ടങ്ങളുടെ സൂത്രധാരന്‍ അദ്ദേഹമായിരുന്നു.

ഇറാഖിലും സിറിയന്‍ നാടുകളിലും ഒരേസമയം യുദ്ധംനയിച്ചു, റോമാപേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ കീഴ്പ്പെടുത്തിയതില്‍ പ്രധാനിയും ഖാലിദ് തന്നെ. ജനങ്ങള്‍ അദ്ദേഹത്തോടു പുലര്‍ത്തുന്ന വീരാരാധന അപകടമായേക്കുമെന്നു കണ്ട ഖലീഫ ഉമര്‍ നായകസ്ഥാനത്തുനിന്ന് ഖാലിദിനെ മാറ്റുകയായിരുന്നുവെന്ന് ചരിത്രം പറയുന്നു. ലോകംകണ്ട സൈനിക കമാന്റര്‍മാരില്‍ നെപ്പോളിയന്റേയും അലക്സാണ്ടറുടേയും നിരയില്‍ മുമ്പനായാണ് അദ്ദേഹം എണ്ണപ്പെടുന്നത്.

 

ഇക്കൂട്ടത്തില്‍പ്പെട്ട ചില സ്ത്രീയോദ്ധാക്കളും ശ്രദ്ധേയരായുണ്ട്. മോയിന്‍കുട്ടി വൈദ്യരെപോലുള്ള രചയിതാക്കളുടെ സമര്‍ത്ഥമായ കഥനരീതിക്ക് ഈ ആകര്‍ഷണീയതയില്‍ നല്ല സ്വാധീനമുണ്ടെന്നുപറയണം. കളരി പരിശീലനത്തില്‍ ഏറെ താല്‍പര്യം വളര്‍ന്നതും രണ്ട് വര്‍ഷക്കാലത്തിലേറെ കളരി അഭ്യസിക്കാന്‍ മടി തോന്നാതിരുന്നതും ഈ പ്രേരണയുടെ ഫലമായിട്ടാണെന്നു പറയാം.

എന്റെനാട്ടില്‍ പട്ടാളത്തില്‍ചേര്‍ന്ന കണ്ണന്‍കുട്ടി പട്ടാളവേഷത്തില്‍ ഒരിക്കല്‍ നാട്ടിലെത്തിയത് ഓര്‍ക്കുന്നു. അദ്ദേഹത്തെ അത്ഭുതാദരപൂര്‍വ്വം ഞാന്‍ കുറേനേരം നോക്കിനിന്നു. എന്റെകൂടെപഠിച്ച കല്യാണിയെ കണ്ണന്‍കുട്ടി വിവാഹംചെയ്തപ്പോള്‍ അവള്‍ ഭാഗ്യവതിയാണെന്നുതോന്നി. കണ്ണന്‍കുട്ടി പട്ടാളത്തിലായിരിക്കെ മരണപ്പെട്ടു എന്നറിഞ്ഞപ്പോള്‍ വേദനിച്ചു. ആളുകളും സംഭവങ്ങളും നാടുകളുമൊക്കെ ഇങ്ങനെ ചില പ്രതീകങ്ങളായി മാറുന്നത് സാധാരണയാണ്. “നിണമണിഞ്ഞ കാല്‍പാടുകള്‍” എന്ന സിനിമയോടും “നാളികേരത്തിന്റെ നാട്ടിലെനിക്കൊരു…..” എന്ന ഗാനത്തോടുമൊക്കെ ഈ മനോഭാവമാണുണ്ടായിരുന്നത്.

പട്ടാളക്കാരനാവാനുള്ള ആഗ്രഹം ബാലകൗതുകമായിരുന്നു എന്ന് തിരിച്ചറിയാന്‍ കാലം അധികമെടുത്തില്ല. പോലീസിന്റെ ജോലി പൗരന്മാരുടെ സുരക്ഷിതത്വവും സേനയുടെ ചുമതല നാടിന്റെ പൊതുസംരക്ഷണവുമാണെന്നും മനസ്സിലായി. പട്ടാളം കാവല്‍ ഭടന്മാരാണ്; ഏത് അടിയന്തിരഘട്ടങ്ങളിലും ജീവന്‍ വെടിഞ്ഞും ഇടപെടേണ്ട രക്ഷകവിഭാഗം. ജനജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളില്‍പോലും ശ്രദ്ധിക്കേണ്ട നിയമപാലകരാണ് പോലീസ്. ഈ ഉത്തരവാദിത്വങ്ങളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് ഈ വിധത്തിലുള്ള കാഴ്ചപ്പാടുകള്‍ ബന്ധപ്പെട്ടവര്‍ നല്‍കിയിരിക്കും.

 

അപ്പോഴും അക്രമത്തിന്റേയും കൊലയുടേയും നീതിശാസ്ത്രം ചോദ്യചിഹ്നമായി ഉയരും. നീതിയും അനീതിയും മുഖാമുഖം നില്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ പ്രശ്നമാവും. ഭൂമിക്കുവേണ്ടിയും നാട്ടുകാര്‍ക്ക് വേണ്ടിയുമുള്ള പരസ്പരകൊലകളില്‍ ജീവാപഹരണത്തിന്റെ അധാര്‍മ്മികതക്കൊപ്പം നിസ്സഹായരായ ആശ്രിതരുടെ ജീവിതപ്രശ്നങ്ങള്‍ ചിന്താവിഷയമാവും. സ്ഥലകാലങ്ങളാണ് ബലിദാനങ്ങളെ രക്തസാക്ഷ്യവും വീരമൃത്യവുമാക്കി വ്യാഖ്യാനിക്കുന്നതെന്ന പ്രശ്നം അഭിമുഖീകരിക്കും. ജനജീവിതത്തിന്റെ കര്‍ത്താക്കളായ ഭരണകൂടങ്ങള്‍ സത്യസന്ധതയുടെ മുമ്പാകെ അന്ധരായി പെരുമാറുന്ന സാഹചര്യങ്ങള്‍ നേരിടുന്നത് ഇങ്ങനെയെല്ലാമാണ്.

അഹിംസയെ ജീവിതവ്രതമാക്കിയ ഗാന്ധിജിയെ തീര്‍ച്ചയായും ഇത്തരം ചിന്തകള്‍ അലട്ടിയിട്ടുണ്ട്. ദേശസ്നേഹം ഹിംസയായി മാറുന്ന ദുര്‍ഗതിയെക്കുറിച്ച് നല്ലബോധമുള്ള ആദര്‍ശശാലിയായിരുന്നു ഗാന്ധിജി. ദേശസ്നേഹത്തിന്റെ പാരമ്യമായി രക്തസാക്ഷിത്വം പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ ഹിംസ ജീവവായുവായി പാലിക്കാന്‍ എങ്ങനെ കഴിയും? ഈ വിവേചനശക്തിയെക്കുറിച്ചുള്ള തിരിച്ചറിവാണ് നമ്മുടെ സംസ്‌കാരത്തിന്റെ മഹത്വത്തിനാധാരം.

പോലീസില്‍ ചേര്‍ന്നപ്പോള്‍ മറ്റൊരര്‍ത്ഥത്തില്‍ കുട്ടിക്കാലത്തെ ആഗ്രഹം പൂര്‍ത്തിയാവുകയാണെന്നുതോന്നി. വേഷം ആ തോന്നല്‍ ശക്തിപ്പെടുത്തി. ഒരു വെല്ലുവിളിയായി കണ്ടുകൊണ്ടുതന്നെയാണ് ജോലി സ്വീകരിച്ചത്. ശാരീരികക്ഷമതാ പരിശോധന കഴിഞ്ഞപ്പോള്‍ അടുത്തത് അത്യാവശ്യമായ കായിക പരിശീലനമായിരുന്നു. ദൂരെ മരുഭൂമിയില്‍ ടെന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. പൊള്ളുന്ന വെയില്‍ സഹിച്ചും പരിശീലനമാവാം. പക്ഷേ, പരിശീലകന്റെ നിര്‍ദ്ദാക്ഷിണ്യമായ പെരുമാറ്റമായിരുന്നു പ്രശ്നം. പോലീസിന്റേയും പട്ടാളത്തിന്റേയും ഭാഷയ്ക്ക് രൂക്ഷത കൂടുമോ? അവിടെ വ്യക്തിയില്ല; ശബ്ദത്തിന്റെ ഗാംഭീര്യവും അനുസരണവും മാത്രം.

ആളും തരവും ക്ഷീണവും പരിചയമില്ലാത്ത ഒരുതരം വന്യത! എന്റെ സ്വപ്നം മനോഹരമാവുന്നത് നിദ്രാവസ്ഥയിലാണെന്നു മനസ്സിലാവാന്‍ തുടങ്ങി. പൊള്ളുന്ന വെയിലത്തും സ്നേഹശൂന്യമായ പരിശീലനവേദിയിലും അതിന് മനോഹാരിത കുറയും. ചില പ്രകൃതക്കാര്‍ക്കുമാത്രം കാണാന്‍കഴിയുന്ന സ്വപ്നമാണ് പട്ടാളം എന്നു ഞാന്‍ തിരിച്ചറിഞ്ഞു. തളര്‍ച്ചയും ബോധക്ഷയവും മുട്ടില്‍ ഇഴയുന്നവന്റെ കഷ്ടപ്പാടും കണ്ട് മനസ്സലിയുന്നവന്, പോലീസായാലും ചേരുന്ന ജോലി ഓഫീസ് ഉത്തരവാദിത്വമാണ്. എനിക്കു വിധിച്ചതും ഓഫീസായിരുന്നു. അപ്പോഴും അത്യാവശ്യം അറിഞ്ഞും പഠിച്ചുമിരിക്കേണ്ട ചില പരിശീലനമുറകളുണ്ട്. ആ ചുരുങ്ങിയ അറിവുകളാണ് എന്നെ ഈ പാഠം പഠിപ്പിച്ചത്. അത് വളരെ ഫലപ്രദവുമായിരുന്നു.

സി.ടി അബ്ദുറഹീം

ഗള്‍ഫ് ട്രോഫി എന്ന പേരില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടന്നത് ആയിടക്കാണ്. ടൂര്‍ണ്ണമെന്റിനു വലിയ സന്നാഹങ്ങളോടെയുള്ള സുരക്ഷാക്രമീകരണം നടന്നു. ആദ്യത്തെ സംരംഭമെന്ന നിലയില്‍ പഴുതടച്ചുള്ള തയാറെടുപ്പുകള്‍. ഇതില്‍ ഏറ്റവുമധികം ഭാരം വഹിക്കേണ്ടിയിരുന്നത് പോലീസ് വിഭാഗമായിരുന്നു. കാലത്ത് 9 മണി മുതല്‍ രാത്രിയും നീളുന്ന പരിശീലനവും റിഹേഴ്സലും. പൊള്ളുന്ന ചൂട്. അഞ്ചുനേരങ്ങളിലെ നമസ്‌കാരം മാത്രമാണ് താല്‍ക്കാലികമായ ഇടവേളകള്‍ സമ്മാനിച്ചത്.

പരിശീലനത്തിനിടക്ക് പോലീസ് കമാന്റര്‍ നല്‍കിയ പ്രധാന ഉപദേശം നിയമപാലനം അന്ധമാവരുത് എന്ന മുന്നറിയിപ്പായിരുന്നു. വിശദീകരണമായി അദ്ദേഹം എടുത്തുപറഞ്ഞ ഉദാഹരണം ഇതാണ്: കമാന്ററുടെ പിതാവ് ഖത്തറിലെ വിദ്യാഭ്യാസമന്ത്രിയായിരുന്നു. ഒരിക്കല്‍ വിദേശത്തുനിന്നുള്ള ഒരു അതിഥിയുമായി എണ്ണ ഖനനം നടക്കുന്ന ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം പുറപ്പെട്ടു. പ്രവേശനകവാടത്തിലെത്തിയപ്പോള്‍ ബാരിക്കേഡ് നീക്കാന്‍ മന്ത്രി കാവല്‍ക്കാരനോട് പറഞ്ഞു. അയാള്‍ ഒരു സാധാരണ പഠാന്‍ പോലീസുകാരായിരുന്നു. അയാള്‍ വിസമ്മതിച്ചു. കമാന്ററുടെ കത്തു കൂടാതെ ആരെയും അകത്തു പ്രവേശിപ്പിക്കരുതെന്നാണ് കല്‍പന അയാള്‍ പറഞ്ഞു.

മന്ത്രി ജാള്യത മറച്ചുവെച്ചുകൊണ്ട് ഒരു ശ്രമം നടത്തി: കമാന്ററുടെ പിതാവാണ് ഞാന്‍. ഈ നാട്ടിന്റെ വിദ്യാഭ്യാസ മന്ത്രിയും.” എന്നിട്ടും അയാള്‍ വഴങ്ങിയില്ല. ആരായാലും കല്‍പനപോലെയല്ലാതെ ചെയ്യാന്‍ പാടില്ലെന്നായി പഠാന്‍. അയാളുടെ മേലുദ്യോഗസ്ഥന്‍ അല്‍പം ദൂരെനിന്ന് വരുന്നത് മന്ത്രി കണ്ടു. കാര്യം എളുപ്പമാവുന്നു എന്ന് അതിഥിയെ ആശ്വസിപ്പിച്ചു. എന്നാല്‍ ആ ഉദ്യോഗസ്ഥനും അനുകൂലിച്ചില്ല. മന്ത്രി കൂടുതല്‍ അസ്വസ്ഥനായി. അപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി ഒരു ഓഫീസര്‍ ഓടിവന്നത്. അദ്ദേഹം കമാന്ററുടെ പിതാവ് കൂടിയായ മന്ത്രിയെയും അതിഥിയെയും ഉള്ളിലേക്ക് നയിച്ചു. ഈ സംഭവകഥ എല്ലാ പോലീസുകാരും ഉള്‍ക്കൊള്ളേണ്ടതാണെന്ന് അദ്ദേഹം എല്ലാവരെയും ഉണര്‍ത്തുകയായിരുന്നു.

ഒരു ദിവസം കാലത്ത് ഞാന്‍ ഓഫീസിലേക്ക് ടാക്സിയില്‍ പോവുകയായിരുന്നു. പതിവുരീതി പ്രകാരം രണ്ടു മലയാളികള്‍ ടാക്സിക്കു കൈ കാട്ടി. പോലീസ് വേഷത്തിലായിരുന്നതിനാല്‍ ഞാന്‍ യമന്‍കാരനായ അറബിയാണെന്ന് അവര്‍ ധരിച്ചു. എനിക്ക് പോവേണ്ടത് പോലീസ് ഹെഡ്ക്വോര്‍ട്ടേഴ്സിലും അവര്‍ക്ക് സ്വല്‍പം ദിശ മാറിയും. എന്നെവിട്ടശേഷം അവരെ കൊണ്ടുവിടാം എന്ന് ഡ്രൈവര്‍ പറഞ്ഞു. അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നി. പക്ഷെ, തര്‍ക്കിച്ചിട്ടു കാര്യമില്ല. കാരണം, പോലീസാണല്ലോ മുമ്പില്‍. ഉടന്‍ തുടങ്ങി രണ്ടുപേരും ശകാരം.

മലയാളിത്തെറി; നാടന്‍ ശൈലിയില്‍. “കാലത്തുതന്നെ ഇറങ്ങിപ്പുറപ്പെട്ട ഈ നായക്ക് മറ്റൊരു വണ്ടിയും കിട്ടിയില്ലേ?” എന്നുതുടങ്ങി ഒരു മുജ്ജന്മശത്രുവിനോടെന്നപോലെ വായില്‍ വന്നതൊക്കെ അവര്‍ അല്‍പം ഉച്ചത്തില്‍ത്തന്നെ കസറി. മറുപടിയില്ലാത്ത തെറിക്ക് നല്ല ഹരം പകരാനാവുമെന്ന് വിചാരിക്കണം. കാര്‍ ഓഫീസിന്റെ മുന്‍വശം നിര്‍ത്തി. ഞാന്‍ ഡോര്‍ തുറന്നു. ടാക്സിക്കൂലി നല്‍കി. ഉള്ളിലേക്ക് ഒന്നെത്തിനോക്കി; പറഞ്ഞു: എന്നാലേ; സുഹൃത്തുക്കളേ, ഞാന്‍ പോവുന്നു.” ആ മലയാളികള്‍ അന്തംവിട്ടു. വല്ലാത്ത ജാള്യംകൊണ്ട് അവര്‍ എരിഞ്ഞുപോയി!

 

മലയാളികള്‍ പൊതുവെ പോലീസിനെ ഭയക്കുന്നതായി തോന്നിയിട്ടുണ്ട്. തെറി അതിന്റെ ലക്ഷണംകൂടിയാണ്. ഹൈദര്‍ ഹാജി പോലുള്ള സുഹൃത്തുക്കളോടൊപ്പം എന്നെ കാണുമ്പോള്‍ “ഇവനെന്താ ഒന്നിച്ച്?” “ഇയാള്‍ എന്തിനാണ് പിന്നാലെ കൂടിയത്?” എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പതിവാണ്. ഒരു നോമ്പുകാലത്ത് മലയാളികള്‍ താമസിക്കുന്ന ഫ്ളാറ്റിലേക്ക് കയറിച്ചെന്നു. സുഹൃത്തിനെ അന്വേഷിച്ചു പോയതാണ്.

ഉച്ചസമയം. റൂമിലേക്ക് ആ അസമയത്ത് ഒരു പോലീസിനെ അവര്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. കുറെപേര്‍ ഭക്ഷണംകഴിക്കുന്ന തിരക്കിലാണ്. പോലീസ് തൊപ്പി കണ്ടതും എല്ലാവരും പലവഴി ഓട്ടമായി. നോമ്പുകാലത്ത് ഗള്‍ഫില്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചാലുള്ള ശിക്ഷയെന്തെന്ന് അവര്‍ക്കറിയാം. അത് തല്‍ക്കാലം പരലോകശിക്ഷയേക്കാള്‍ കഠിനമായി അവര്‍ക്ക് തോന്നിയതും നെട്ടോട്ടമോടിയതും പോലീസ്തൊപ്പി കാരണമായിരുന്നു. “ഓടി വീഴേണ്ട; ഇത് ഞാനാണ്.”-പെട്ടെന്ന് എല്ലാവരും നിന്നനിലയില്‍ എന്നെ തറപ്പിച്ചു നോക്കി. “ഓ പേടിച്ചുപോയി”-അവര്‍ക്ക് ശ്വാസം വീണു. “മലയാളം കേട്ടിട്ടും ഭാഷ മനസ്സിലായില്ല; അല്ലേ? നല്ല ധൈര്യം!” പിന്നെ കൂട്ടച്ചിരി ഉയര്‍ന്നു.

ഒരുരാത്രി മുണ്ടുടുത്ത് അങ്ങാടിയില്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ കാറുമെടുത്ത് ഇറങ്ങിയതായിരുന്നു. പിന്നില്‍ പോലീസ് പിന്തുടരുന്നത് കണ്ടില്ല. ഹോണ്‍ മുഴങ്ങുന്നതും സിഗ്‌നലും ശ്രദ്ധിച്ചില്ല. പോലീസുകാര്‍ മുന്‍കടന്നു വിലങ്ങിട്ടു. കാറില്‍നിന്ന് ഇറങ്ങാന്‍ കല്‍പിച്ചു. എന്റെ വേഷംകണ്ട് സംശയിച്ചതാവാം. ആ വഴിയില്‍ ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് ചില പരാതിയുള്ളത് എനിക്ക് അറിയാമായിരുന്നു. “നിങ്ങള്‍ പരതുന്നത് എന്താണെന്ന് എനിക്കറിയാം. സംശയിക്കേണ്ട; മലയാളിയാണെങ്കിലും ഞാനും പോലീസുകാരനാണ്. ഒരു സാര്‍ജന്റ്.” കാര്‍ഡ് എടുത്തുകാണിച്ചു. അതോടെ എന്നെക്കുറിച്ച് അറിയാന്‍ അവര്‍ക്ക് താല്‍പര്യമായി. ഞങ്ങള്‍ പോലീസ് കുടുംബത്തിലെ സഹോദരങ്ങളായി.

പോലീസായകാലത്ത് ഞാന്‍ ഏറെ പേടിച്ചത് “നൗബ” എന്നപേരില്‍ മാസത്തിലൊരിക്കല്‍ ഏല്‍പിക്കപ്പെടുന്ന ഉത്തരവാദിത്വമായിരുന്നു. പോലീസ് ഹെഡ്ക്വോര്‍ട്ടേഴ്സില്‍ ഒരുരാത്രിമുഴുവന്‍ കണ്ണുചിമ്മാതെ ശ്രദ്ധിച്ചിരിക്കണം. അന്ന് ദോഹ നഗരത്തിന്റെ സുരക്ഷിതത്വത്തിന് സംഭവിക്കുന്ന എന്തു പ്രശ്നവും മുറപോലെ കൈകാര്യം ചെയ്യേണ്ടത് “നൗബ” (ഊഴം) ക്ക് നിശ്ചയിക്കപ്പെടുന്ന മൂന്നു പോലീസുകാരാണ്. മിക്കവാറും ഓഫീസര്‍ പദവിയില്‍ ഒരാള്‍, ഒരു സാര്‍ജന്റ്, ഒരു സാധാരണ പോലീസുകാരന്‍. ചില സന്ദര്‍ഭങ്ങളില്‍ ഉത്തരവാദിത്വം സാര്‍ജന്റ് എന്നനിലയില്‍ എന്നില്‍ അര്‍പ്പിതമായിട്ടുണ്ട്.

അന്നൊക്കെ ഉള്‍ഭയംകൊണ്ടുതന്നെ പുലരുവോളം ഉറക്കംവന്നില്ല. ഉറക്കംവരാത്ത ഈ രാവുകള്‍ പക്ഷേ, പകര്‍ന്നുതന്ന ഏകാന്തത മറ്റൊരു തരത്തില്‍ നല്ല അനുഭവമായിരുന്നു. വളരെയകലെയല്ലാതെ ഉറക്കപ്പായയില്‍ കിടന്നുരുളുന്ന അറബിക്കടല്‍; അക്കരെ കേരളത്തിന്റെ വിദൂരഗ്രാമങ്ങളില്‍ ഉറങ്ങാത്ത കുടിലുകള്‍. ഭാഷയറിയാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ അന്വേഷണങ്ങള്‍. എല്ലാറ്റിനും കാതോര്‍ത്ത് തീര്‍ത്തും ഒറ്റക്കുകഴിഞ്ഞ രാവുകളായിരുന്നു അത്. എന്റെ പോലീസ് ജീവിതത്തിലെ അവിസ്മരണീയ രാത്രികള്‍!

സി.ടി അബ്ദുറഹീം
കോഴിക്കോട് ദയാപുരം വിദ്യാഭ്യാസകേന്ദ്രത്തിന്റെ മുഖ്യശില്‍പ്പിയും എഴുത്തുകാരനുമാണ്.