കാമ്പസിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനെതിരെ സമരവുമായി ഫറൂഖ് കോളേജ് വിദ്യാര്‍ത്ഥികള്‍
Daily News
കാമ്പസിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനെതിരെ സമരവുമായി ഫറൂഖ് കോളേജ് വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th November 2014, 5:05 pm

കോഴിക്കോട്: കാമ്പസിലെ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ ഫറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം. പ്രമുഖ വ്യവസായ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനായിട്ടാണ് കാമ്പസിനകത്തെ ഓപ്പണ്‍ എയറിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഒത്തുകൂടാനും ഇരിക്കാനുമായിട്ട് കാമ്പസില്‍ ആകെയുള്ള ഇടമാണ് ഓപ്പണ്‍ എയര്‍. അവിടത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് എന്ത് വില കൊടുത്തും തടയുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

അടിസ്ഥാന സൗകര്യങ്ങളില്‍ തന്നെ അടിയന്തിരമായി ഇടപെടേണ്ട ഒരുപാട് വിഷയങ്ങളുണ്ടായിട്ടും ലക്ഷങ്ങള്‍ ചിലവിട്ട് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന് പിന്നില്‍ മാനേജ്‌മെന്റിന്റെ കച്ചവട താത്പര്യങ്ങളുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. എന്നാല്‍ കാമ്പസിന്റെ വികസനത്തിന് കണ്‍വെന്‍ഷന്‍ സെന്റര്‍ അനിവാര്യമാണെന്നും വിദ്യാര്‍ത്ഥികളുടെ സമരം അനാവശ്യമാണെന്നുമാണ്  അധികൃതര്‍ അറിയിച്ചത്.

സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ വരും ദിവസങ്ങളില്‍  സസ്‌പെന്‍ഷനടക്കമുള്ള നടപടികളുണ്ടാകുമെന്ന സൂചനയുണ്ട്. എന്നാല്‍ എന്ത് നടപടികളുണ്ടായാലും സമരവുമായി മുന്നോട്ട് പോവുമെന്നും മരങ്ങളും മണ്ണും സംരക്ഷിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ സമരത്തിന് സാംസ്‌കാരിക കേരളത്തിന്റെയും പ്രകൃതി സംരക്ഷണ പ്രവര്‍ത്തകരുടെയും പിന്തുണ ആവശ്യമാണെന്നും ഫറൂഖ് കോളേജ് ഓപ്പണ്‍ എയര്‍ സംരക്ഷണസമിതി പറഞ്ഞു.