തെരുവോര ബാല്യം അഥവ 'വട്ടപ്പൂജ്യം'
Video News story
തെരുവോര ബാല്യം അഥവ 'വട്ടപ്പൂജ്യം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th September 2012, 5:36 pm


വീഡിയോ സ്‌റ്റോറി/ഷഫീക്ക് എച്ച്


അതെ, തെരുവോരത്തെ ബാല്യത്തെ നമുക്ക് വട്ടപ്പൂജ്യം കൊണ്ട് അടയാളപ്പെടുത്താം. ശൂന്യത. ഒന്നുമില്ലാത്തവരാണവര്‍. ഒന്നിനുവേണ്ടിയും അവര്‍ ജീവിക്കുന്നില്ല. ജീവിക്കാന്‍ വേണ്ടി എന്തൊക്കെയോ ചെയ്തുകൂട്ടുന്നു.[]

നിങ്ങള്‍ക്കവരെ എവിടെയും കണ്ടുമുട്ടാം. നിങ്ങള്‍ വലിച്ചെറിയുന്ന ചവറുകൂനയില്‍ ഒരു നേരത്തെ ഭക്ഷണം തേടി അവര്‍ ചികയുന്നുണ്ടാവാം. അല്ലെങ്കില്‍ നഗര മാലിന്യങ്ങളും ഓടയിലെ ചേറുംപേറി, വിടര്‍ത്തിയ കൈകളുമായി നിങ്ങളുടെ മുന്നില്‍ തന്നെ നേരിട്ട് ഇവര്‍ പ്രത്യക്ഷപ്പെടാം. അതുമല്ലെങ്കില്‍ കൈയ്യിലെ ചെറിയ തടിക്കഷ്ണങ്ങളും ചില്ലറ തുട്ടുകളും താളത്തില്‍ കൊട്ടിക്കൊണ്ട് ദയനീയമയ കണ്ണുകളോടെ ഗാനമാലപിച്ചുകൊണ്ടാകാം ഇവര്‍ പ്രത്യക്ഷപ്പെടുന്നത്.

വാസ്തവത്തില്‍ നമ്മള്‍ കൈയ്യിലുള്ള നാണയത്തുട്ട് ഇവര്‍ക്ക് വലിച്ചെറിഞ്ഞുകൊടുത്ത് എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും കൈയ്യൊഴിഞ്ഞ് സ്വസ്ഥരാകുന്നു. യാത്രകളിലെ പിന്നിലേയ്ക്കു മറയുന്ന കാഴ്ച്ചകളില്‍ ഇവരും മാഞ്ഞ് മാഞ്ഞില്ലാതാകുന്നു..

ഒരുഭാഗത്ത് ഇവര്‍ക്കു കൂടി അവകാശപ്പെട്ട എല്ലാ സ്വത്തുക്കളും കയ്യേറി വരേണ്യവര്‍ഗം തിന്നു കൊഴുത്ത് സാധാരണക്കാരന്റെ തലയ്ക്കുമുകളില്‍ താണ്ഡവ നൃത്തമാടുന്ന അതേ അവസരത്തില്‍ തന്നെയാണ് ഈ തെരുവോര ബാല്യം ഒന്നുമല്ലാതായി കരിഞ്ഞുമാഞ്ഞുപോകുന്നതും.

നമുക്കിവര്‍ ചായ കുടിക്കിടയിലെ പുളിക്കുന്ന ഒരു ചര്‍ച്ചമാത്രമായി ഒതുങ്ങിക്കൂടുമ്പോളും ഇവരുടെ ജീവിതങ്ങള്‍ നിറഞ്ഞ കണുകള്‍ക്കും ഒട്ടിയ വയറിനുമിടയിലെ എരിയുന്ന നീറ്റലായി അവസാനിക്കാറാണ് പതിവ്. വോട്ടവകാശം ഇവര്‍ക്ക് അന്യമായിരുക്കുന്നതിനാല്‍ ഈ ജീവിതങ്ങളോട് ഉത്തരാധുനിക രാഷ്ട്രീയ ജീവികള്‍ക്കുപോലും ഒരുതരം ദയനിറഞ്ഞ നിസംഗതയാണ് വിടരാറുള്ളത്.

ഒട്ടനവധി ദുരിതങ്ങളുടെ എപ്പിസോഡുകളാണ് ഈ ജീവിതങ്ങള്‍ക്ക് പറയാനുണ്ടാവുക. ഞാനും നിങ്ങളുമടങ്ങുന്ന പ്രബുദ്ധ ജനതയുടെ മാപ്പര്‍ഹിക്കാത്ത മൗനമാണ് ഇവരുടെ ജീവിതമെന്നും പറയാതിരുന്നുകൂട.

ഒട്ടനവധി ദുരിതങ്ങളുടെ എപ്പിസോഡുകളാണ് ഈ ജീവിതങ്ങള്‍ക്ക് പറയാനുണ്ടാവുക. ഞാനും നിങ്ങളുമടങ്ങുന്ന പ്രബുദ്ധ ജനതയുടെ മാപ്പര്‍ഹിക്കാത്ത മൗനമാണ് ഇവരുടെ ജീവിതമെന്നും പറയാതിരുന്നുകൂട. നമ്മുടെ ജീവിതത്തിലെ അവകാശ ലംഘനങ്ങള്‍ക്കെതിരെ വാള്‍ത്തലയുയര്‍ത്തുന്ന നമുക്ക് ഈ മനുഷ്യക്കോലങ്ങള്‍ക്കുണ്ടാവുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഒരു ചെറുവിരലുയര്‍ത്താനും തോന്നുന്നില്ല എന്നതാണ് നേര്.

ഉയരാന്‍ മടിക്കുന്ന കൈകളും പറയാന്‍ മടിക്കുന്ന നാവുകളും അടിമത്തത്തിന്റെതാണെന്ന് വിപ്ലവയുവത്വത്തിന്റെ പ്രതീകം വിളിച്ചുപറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ മാനവരാശി ഒന്നടങ്കമായിരുന്നു ഉണ്ടായിരുന്നത്. എല്ലാ മനുഷ്യ ജീവികള്‍ക്കും വേണ്ടിയാണ് അദ്ദേഹം ബൊളീവിയന്‍ കാടുകളില്‍ സാമ്രാജ്യത്വ ശക്തികളോട് പൊരുതി വീണത്. എന്നാല്‍ ആ വിപ്ലവയുവത്വത്തിന്റെ പിന്‍ഗമികള്‍ക്കുപോലും വേണ്ട ഈ ഉണങ്ങിക്കരിയുന്ന തെരുവുബാല്യം എന്നത് വേദനാജനകമാണ്. ഇവരെ കൂടി അഭിസംബോധന ചെയ്യാത്ത ഏതു പ്രത്യയശാസ്ത്രത്തിനാണ് ഇനി വിപ്ലവം കൊണ്ടുവരാനാവുക.