ആരാധകർ പണിത സ്റ്റേഡിയത്തിൽ നിന്നും കുതിച്ചുയർന്ന ഫീനിക്സ് പക്ഷി; യൂണിയൻ ബെർലിൻ|Dsport
സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്ബോൾ ആരാധകരുടെ കണ്ണുകൾ മുഴുവൻ ഇപ്പോൾ ബുണ്ടസ് ലിഗയിലേക്കാണ്. ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിന് വ്യക്തമായ മുൻതൂക്കം ലഭിച്ചിരുന്ന ലീഗിലിപ്പോൾ ഒരു കളി കൊണ്ട് തന്നെ പോയിന്റ് ടേബിളിലെ   ലീഡ് നില മാറിമറിയാം എന്ന സ്ഥിതിയിലാണ് .

നിലവിൽ 46 പോയിന്റുമായി ബയേൺ മ്യൂണിക്ക് ഒന്നാമതുള്ള പോയിന്റ് പട്ടികയിൽ അത്ര തന്നെ പോയിന്റുമായി ബൊറൂസിയാ ഡോർട്മുണ്ട് രണ്ടാം സ്ഥാനത്തുണ്ട്. 43 പോയിന്റുമായി യൂണിയൻ ബെർലിനാണ് ലീഗിലെ മൂന്നാം സ്ഥാനക്കാർ. ആർ.ബി ലെയ്പ്സിഗ് 42 പോയിന്റുമായി നാലാമതുള്ള ടേബിളിൽ എസ്.സി ഫ്രൈബർഗാണ് അഞ്ചാം സ്ഥാനക്കാർ.

പോയിന്റ് പട്ടികയിൽ പിന്നീടുള്ള സ്ഥാനക്കാർ തമ്മിലുള്ള പോയിന്റ് എണ്ണത്തിലും വലിയ വ്യാത്യാസമൊന്നും ലീഗ് ടേബിളിൽ കാണാൻ സാധിക്കില്ല.

എന്നാൽ അത്യന്തം ആവേശകരമായ ലീഗിൽ ഏറ്റവും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വെക്കുന്നത് യൂണിയൻ ബെർലിനാണ്. 2003-2004 സീസണിൽ ജർമൻ ഫുട്ബോളിലെ മൂന്നാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ട ബെർലിൻ എഫ്.സി പിന്നീട് വൻ തിരിച്ചു വരവ് നടത്തി ഒരു ഘട്ടത്തിൽ ബുന്തസ് ലിഗ ടേബിളിൽ ഒന്നാം സ്ഥാനത്ത് വരെ എത്തിയിരുന്നു.

1966 ലാണ് യൂണിയൻ ബെർലിൻ എന്ന പേരിൽ ക്ലബ്ബ് സ്ഥാപിക്കപ്പെട്ടത്. പിന്നീട് ജർമൻ ലീഗിൽ കളിച്ചു തുടങ്ങിയ ക്ലബ്ബ്‌ ജർമനിയിലെ സെക്കന്റ്‌ ടയർ ഫുട്ബോൾ ലീഗായ ബുന്തസ് ലിഗ 2ലാണ് കൂടുതൽ സമയവും കളിച്ചിരുന്നത്. 1990 കാലഘട്ടത്തിൽ കടുത്ത സാമ്പത്തികപ്രതിസന്ധികളിലൂടെയായിരുന്നു യൂണിയൻ ബെർലിൻ കടന്ന് പോയിരുന്നത്.

1993ലും 1994ലും അവരുടെ ഡിവിഷനിൽ ചാമ്പ്യൻമാരാകാൻ യൂണിയൻ ബെർലിന് സാധിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം മൂന്നാം ഡിവിഷനിൽ നിന്നും രണ്ടാം ഡിവിഷനിലേക്ക് കളിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല.

പിന്നീട്  സാമ്പത്തികമായി മെച്ചപ്പെട്ട രണ്ടായിരങ്ങളിൽ രണ്ടാം ഡിവിഷനിൽ എത്തപ്പെട്ട ക്ലബ്ബ്‌ എന്നാൽ പിന്നീട് 2003-2004 സീസണിൽ വീണ്ടും മൂന്നാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെടുകയായിരുന്നു. പിന്നീട് ക്ലബ്ബിനെ തങ്ങളുടെ പ്രതാപത്തിലേക്ക് മടക്കി കൊണ്ട് വരാനുള്ള പരിശ്രമത്തിലായിരുന്നു  മാനേജ്മെന്റും ആരാധകരും.

നല്ലൊരു സ്റ്റേഡിയം ഇല്ലെന്നത് ക്ലബ്ബിനെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയായിരുന്നു. എന്നാൽ 2008 കാലഘട്ടത്തിന്റെ മധ്യത്തോടെ ക്ലബ്ബ് അവരുടെ സ്റ്റേഡിയം ആധുനികമായ രീതിയിൽ പുതുക്കിപ്പണിയാൻ തീരുമാനിച്ചു.

പക്ഷെ സാമ്പത്തികമായ ഞെരുക്കം ക്ലബ്ബിന്റെ പുനർനിർമാണ ജോലികൾ നീട്ടിക്കൊണ്ടുപോയി. എന്നാൽ ഇതോടെ ക്ലബ്ബിന്റെ ആരാധകർ സ്റ്റേഡിയം പുതുക്കിപ്പണിയുന്ന ജോലി ഏറ്റെടുത്തു. രണ്ടായിരത്തിലധികം ആരാധകർ പലപ്പോഴായി 1,40,000 മണിക്കൂറുകൾ പണിയെടുത്ത് അവർ ബെർലിനിലെ ഏറ്റവും വലിയ സ്റ്റേഡിയം തങ്ങളുടെ ക്ലബ്ബിനായി പടുത്തുയർത്തു.

പുതിയ സ്റ്റേഡിയത്തിൽ മികവോടെ കളിച്ച ക്ലബ്ബ് 2009 സീസണിൽ ബുണ്ടസ് ലിഗ 2വിലേക്ക് തിരിച്ചെത്തി.

പിന്നീട് ഒരു പതിറ്റാണ്ടോളം രണ്ടാം ഡിവിഷനിൽ കളിച്ച ക്ലബ്ബ് 2019ൽ അവരുടെ ചരിത്രത്തിലാദ്യമായി ജർമൻ ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ബുന്തസ് ലിഗയിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടു.

ആദ്യ സീസണിൽ ഗംഭീര പ്രകടനമൊന്നും കാഴ്ച വെക്കാൻ സാധിച്ചില്ലെങ്കിലും പതിനൊന്നാം സ്ഥാനത്ത് ഒരു മിഡ്‌ ടേബിൾ ക്ലബ്ബ്‌ എന്ന നിലയിൽ ലീഗിൽ ഫിനിഷ് ചെയ്യാൻ യൂണിയൻ ബെർലിന് സാധിച്ചു. പിന്നീട് 2020-21 സീസണിൽ ഏഴാം സ്ഥാനത്തേക്ക് ക്ലബ്ബ് ഉയർന്ന് വന്നു. ശേഷം 2021-22 സീസണിൽ അഞ്ചാം സ്ഥാനത്ത് ലീഗിൽ ഫിനിഷ് ചെയ്ത ടീമിന് ആദ്യമായി യൂറോപ്പാ ലീഗിലേക്ക് ക്വാളിഫിക്കേഷൻ ലഭിച്ചു.

പിന്നീട് നിലവിലെ സീസണിൽ ചരിത്രത്തിലാദ്യമായി ബുന്തസ് ലിഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞ ടീമിന്, ബയേൺ, ഡോർട്മുണ്ട് അടക്കമുള്ള വൻ ക്ലബ്ബുകൾക്കൊപ്പം ശക്തമായ മത്സരം ലീഗിൽ കാഴ്ച വെക്കാൻ സാധിച്ചിട്ടുണ്ട്.

കൂടാതെ ഡച്ച് ലീഗിലെ വമ്പൻമാരായ വലിയ പാരമ്പര്യമുള്ള അയാക്സിനെ പുറത്താക്കി ക്ലബ്ബ് യൂറോപ്പാ ലീഗ് പ്രീ ക്വാർട്ടർ ഫൈനലിലും കടന്നിട്ടുണ്ട്.

കൃത്യമായ ആസൂത്രണത്തിലും ഇച്ഛാശക്തിയിലും ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് കുതിച്ചുയർന്ന യൂണിയൻ ബെർലിൻ ഇത്തവണത്തെ ബുന്തസ് ലിഗ സ്വന്തമാക്കുകയാണെങ്കിൽ അത് മറ്റൊരു അത്ഭുതമായിരിക്കും.

 

Content Highlights:The Story of Union Berlin is BEAUTIFUL One to Tell