| Wednesday, 21st August 2024, 2:48 pm

ഡ്യൂപ്ലിക്കേറ്റ് ബ്രസീലിനോടാണ് കളിച്ചതെന്ന് ഇനിയും അറിയാത്ത ഒരുപാട് ആരാധകര്‍ കൊറിയയില്‍ ഇപ്പോഴുമുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

കഥ നടക്കുന്നത് 14 വര്‍ഷം മുമ്പാണ്. 2010ല്‍ സൗത്ത് ആഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പാണ് പശ്ചാത്തലം. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ നിന്നും ഉത്തര കൊറിയയും ഈ ലോകകപ്പിന് യോഗ്യത നേടി. ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരായിരുന്നു 2010 ലോകകപ്പിലെ മറ്റ് ഏഷ്യന്‍ ടീമുകള്‍.

ഉത്തര കൊറിയയുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് ടീം ബിഗ് ഇവന്റിന് യോഗ്യത നേടിയത്. 1966ന് ശേഷം ആദ്യമായി ഉത്തര കൊറിയ ലോകകപ്പിന് യോഗ്യത നേടുന്നത് ആരാധകരെയും ആവേശത്തിലാഴ്ത്തിയിരുന്നു. ചരിത്രത്തിലെ രണ്ടാം ലോകകപ്പ് എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് കൊറിയന്‍ ടീമിന്റെയും ആവശ്യമായിരുന്നു.

പരിശീലനത്തിലേക്കെത്തിയപ്പോഴാണ് ഒരു പ്രധാന പ്രശ്‌നം ഉടലെടുത്തത്. ഒരു ടീമും നോര്‍ത്ത് കൊറിയയിലെത്തി കളിക്കാന്‍ തയ്യറായിരുന്നില്ല. കാരണമെന്തെന്ന് ഊഹിക്കാവുന്നതാണ്.

അധികൃതര്‍ ഏറെ പരിശ്രമിച്ചിട്ടും ഒരു നാഷണല്‍ ടീം പോലും കൊറിയില്‍  കളിക്കാന്‍ താത്പര്യപ്പെട്ടില്ല.

ഏറെ പരിശ്രമങ്ങള്‍ക്ക് ശേഷം ഒരു ടീം അവിടെയെത്തി കളിക്കാന്‍ തയ്യാറാകുന്നു. ബ്രസീലിയന്‍ ഫോര്‍ത്ത് ഡിവിഷന്‍ ക്ലബ്ബായ അത്‌ലറ്റിക്കോ സോറോകാബയായിരുന്നു ആ ടീം. നോര്‍ത്ത് കൊറിയയുടെ തലസ്ഥാനനഗരിയായ പ്യോങ്‌യാങ്ങില്‍ മത്സരം ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തു.

അത്‌ലറ്റിക്കോ സോറോകാബ ടീം കിം II സുങ്ങിന്റെ പ്രതിമക്ക് മുമ്പില്‍ (ചിത്രം വാള്‍ഡിര്‍ സിപ്രിയാനി, അത്‌ലറ്റിക്കോ സോറോകാബ)

മത്സരത്തിനെത്തിയ സോറോകാബ ടീം ഒന്നടങ്കം ഞെട്ടി. സ്‌റ്റേഡിയത്തില്‍ 80,000ലധികം ആളുകള്‍. തങ്ങളുടെ മത്സംര കാണാന്‍ ഇത്രത്തോളം ആളുകളോ എന്ന് അത്ഭുതപ്പെട്ടിരിക്കുമ്പോഴാണ് അവര്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് നോക്കുന്നത്. അതില്‍ PRK vs BRA എന്നാണ് എഴുതിയിരുന്നത്. അതായത് തങ്ങള്‍ കളിക്കുന്നത് ബ്രസീലിനെതിരെയാണെന്ന് ആരാധകരെ തെറ്റിദ്ധരിപ്പിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു.

ആ മത്സരത്തില്‍ ഗോള്‍ രഹിത സമനില വഴങ്ങാന്‍ സോറോകാബക്കായി. തങ്ങള്‍ ആ മത്സരം വിജയിച്ചിരുന്നെങ്കില്‍ ആരാധകര്‍ ദേഷ്യപ്പെട്ടേനെ എന്ന് സോറോകാബ താരങ്ങള്‍ പിന്നീട് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ അന്ന് കൊറിയ ബ്രസീല്‍ ദേശീയ ടീമിനെതിരെയാണ് കളിച്ചതെന്നും സമനില പിടിച്ചതെന്നും ഇപ്പോഴും വിശ്വസിക്കുന്ന ആളുകളും കൊറിയയിലുണ്ട്. മാഗസിനുകളും ടി.വി പ്രോഗ്രാമുകളും ഭരണസംവിധാനത്തിന്റെ ആജ്ഞയ്ക്കനുസരിച്ച് മാത്രം പ്രവൃത്തിക്കുകയും ഇന്റര്‍നെറ്റ് പോലും കൃത്യമായി ലഭിക്കാത്ത രാജ്യമാണ് കൊറിയ എന്ന് മനസിലാകുമ്പോള്‍ ഇക്കാര്യമോര്‍ത്ത് അത്ഭുതപ്പെടാന്‍ സാധിക്കില്ല.

അതേസമയം, 2010 ലോകകപ്പില്‍ ബ്രസീലും പോര്‍ച്ചുഗലും അടങ്ങുന്ന ഗ്രൂപ്പിലായിരുന്നു കൊറിയയുടെ സ്ഥാനം. ഗ്രൂപ്പിലെ നാലാമത് ടീമാകട്ടെ ദിദിയര്‍ ദ്രോഗ്ബയുടെ ഐവറി കോസ്റ്റും.

ലോകകപ്പില്‍ ഒറിജനില്‍ ബ്രസീലിനെതിരെയായിരുന്നു കൊറിക്കാനുണ്ടായിരുന്നത്. മത്സരത്തില്‍ 2-1ന് കൊറിയ പരാജയപ്പെട്ടു. രണ്ടാം മത്സരത്തില്‍ പറങ്കിപ്പട ഗോളടിച്ചുകൂട്ടാന്‍ മത്സരിച്ചതോടെ എതിരില്ലാത്ത ഏഴ് ഗോളിനായിരുന്നു ഏഷ്യന്‍ ടീമിന്റെ പരാജയം.

അവസാന മത്സരത്തില്‍ ഐവറി കോസ്റ്റിനോട് എതിരില്ലാത്ത മൂന്ന് ഗോളിനും കൊറിയ പരാജയപ്പെട്ടതോടെ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുകയായിരുന്നു.

Content Highlight: The story of the Atletico Sorocaba that went to North Korea masquerading as Brazil

We use cookies to give you the best possible experience. Learn more