തമിഴ്‌നാട്ടിലെ ഒരു ബഹുരാഷ്ട്ര കമ്പനിക്കുമുമ്പില്‍ ആയിരത്തിലടുത്തുവരുന്ന തൊഴിലാളികള്‍ ഒരു മാസത്തിലധികമായി സമരത്തിലായിരുന്നു. തൊഴില്‍ സമയം, ശമ്പള പരിഷ്‌ക്കരണം, തൊഴിലാളി യൂണിയനെ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു അവരുടെ സമരം.
സമരം പൊളിക്കാന്‍ കമ്പനിയും ഭരണകൂടവും മര്‍ദനങ്ങളുമുള്‍പ്പെടെ ഒരുപാട് മാര്‍ഗങ്ങള്‍ സ്വീകരിച്ചു. എങ്കിലും 37 ദിവസം നീണ്ട സമരത്തിനൊടുവില്‍ തൊഴിലാളികളുടെ നിശ്ചയദാര്‍ഢ്യം അവരെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
ശ്രീപെരുമ്പത്തൂരിലെ സാംസങ് ഫാക്ടറിയില്‍ ഒരുമാസത്തിലധികമായി നടന്നുകൊണ്ടിരിക്കുന്ന തൊഴിലാളി സമരം ഇന്നലെയാണ് ഒത്തുതീര്‍പ്പാവുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ സാംസങ് കമ്പനി അംഗീകരിച്ചതോടെ പണിമുടക്കവസാനിപ്പിക്കുകയായിരുന്നു. സമീപകാലത്ത് സാംസങ് പ്ലാന്റുകളില്‍ നടന്ന ഏറ്റവും വലിയ പണിമുടക്കായിരുന്നു ശ്രീപെരുമ്പത്തൂരിലേത്.
സെപ്തംബര്‍ ഒമ്പതിനാണ് സാംസങ് കമ്പനിയില്‍ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തൊഴിലാളികള്‍ സമരം ആരംഭിക്കുന്നത്. സാംസങ് ഇന്ത്യ പ്ലാന്റില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികളാണ് 37 ദിവസമായി പണിമുടക്കിയിരുന്നത്.
ശമ്പള പരിഷ്‌ക്കരണം, തൊഴില്‍ സമയം, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, തൊഴിലാളി യൂണിയനെ അംഗികരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കാരംഭിച്ചത്. ഒരു മുഴുവന്‍ സമയ തൊഴിലാളിക്ക് ലഭിക്കുന്ന ശരാശരി വരുമാനം 25000 രൂപയില്‍ നിന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ 36000 രൂപയാക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം.
എട്ട് മണിക്കൂറായി ജോലിസമയം ചുരുക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. കൂടാതെ ഇ-കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അപ്രൈസല്‍ വര്‍ധിപ്പിക്കണമെന്നും തൊഴിലാളികള്‍ പ്രതിമാസ വരുമാനം 25,000 രൂപയില്‍ നിന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ 36,000 രൂപയാക്കി ഉയര്‍ത്തണമെന്നുമാണ് സി.ഐ.ടി.യു ആവശ്യപ്പെട്ടിരുന്നു.
സാംസങിന്റെ തൊഴിലാളി വിരുദ്ധതയ്‌ക്കെതിരെ കമ്പനിയിലെ ആകെയുള്ള 1800 തൊഴിലാളികളില്‍ 800 പേരൊഴികെ 1000 പേരും പണിമുടക്കിന്റെ ഭാഗമാവുകയായിരുന്നു.
സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എ. സൗന്ദരരാജന്‍, സംസ്ഥാന സെക്രട്ടറി എസ്.ഐ.ഡബ്ല്യൂ.യൂണിയന്‍ പ്രസിഡന്റ് ഇ. മുത്തുകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.
സെപ്തംബര്‍ ഒമ്പത് മുതല്‍ തൊഴിലാളികള്‍ പലവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയ സമരത്തെ കമ്പനി പല അവസരങ്ങളിലായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നു. സമരം ശക്തമായതോടെ കമ്പനിയും പൊലീസും സര്‍ക്കാരും തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുകയും സമരപന്തല്‍ പൊളിച്ചുമാറ്റിയതുമെല്ലാം സ്റ്റാലിന്‍ സര്‍ക്കാരിനെയും സാംസങിനെയുമെല്ലാം പ്രതിക്കൂട്ടിലാക്കിയിരുന്നു.
സാംസങ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയനെ അംഗീകരിക്കുക എന്നതായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യം. 2023ലാണ് സി.ഐ.ടി.യുവിന്റെ പിന്തുണയോടെ 1926ലെ ട്രേഡ് യൂണിയന്‍ ആക്ട് പ്രകാരം എസ്.ഐ.ഡബ്ല്യൂ.യൂണിയന്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇ. മുത്തുകുമാറിന്റെ നേതൃത്വത്തില്‍ സാംസങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയന്‍ എന്ന പേരില്‍ 1455 തൊഴിലാളികളെ ഉള്‍പ്പെടുത്തി യൂണിയന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കമ്പനി അംഗീകരിക്കാത്തതിനാല്‍ സംഘടനയ്ക്ക് രജിസ്ട്രേഷന്‍ ലഭിച്ചിരുന്നില്ല.
2007ല്‍ ചെന്നൈയിലെ കാഞ്ചീപുരത്ത് കമ്പിനിയില്‍ നിര്‍മാണം ആരംഭിച്ചത് മുതല്‍ സാംസങ്ഇന്ത്യ ഇലക്ട്രോണിക്സില്‍ ഒരു യൂണിയനും ഉണ്ടായിരുന്നില്ല. പിന്നാലെ 2024ല്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് യൂണിയന്‍ രൂപീകരിച്ചത്. എന്നാല്‍ ട്രേഡ് യൂണിയന്‍ ആക്ട് പ്രകാരം കമ്പനിയില്‍ നിന്നും യൂണിയന് രജിസ്ട്രേഷനും അംഗീകാരവും ലഭിച്ചിട്ടില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
1800 തൊഴിലാളികളില്‍ 1500ലധികം ആളുകള്‍ ഭാഗമായ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള യൂണിയന് അംഗീകാരം നല്‍കാതെ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും അവരുടെ ഇഷ്ടപ്രകാരമുള്ള യൂണിയന്‍ രൂപീകരിക്കാനുള്ള ശ്രമമുള്ളതായും തൊഴിലാളികള്‍ പറഞ്ഞിരുന്നു.
തൊഴിലാളികള്‍ സംഘടിക്കുന്നതിനെതിരായ സമീപനമാണ് കമ്പനിക്കുള്ളതെന്ന് വ്യക്തമാക്കുന്ന പല സന്ദര്‍ഭങ്ങളും നേരത്തെ ഉണ്ടായതായി തൊഴിലാളികള്‍ പറഞ്ഞിരുന്നു.
സമരം തുടങ്ങി പതിമൂന്നാം ദിവസം തൊഴിലാളികള്‍ നിയമവിരുദ്ധമായ സമരത്തിലാണ് ഏര്‍പ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് കമ്പനി രംഗത്തെത്തുകയും ഉടന്‍ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചുവിടാനുള്ള നടപടികളെടുക്കുമെന്നും പറഞ്ഞിരുന്നു.
കമ്പനിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് തൊഴിലാളികളുടെ ഭാഗത്ത് നിന്നുണ്ടായത്. അത്യാവശ്യകാര്യങ്ങള്‍ക്ക് പോലും കമ്പനി അധികൃതര്‍ അവധി നല്‍കാറില്ലെന്നും അര്‍ഹമായ അപ്രൈസലോ വേതനമോ കമ്പനി നല്‍കുന്നില്ലെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച സമരത്തില്‍ പങ്കെടുത്ത പത്തു പേരെ പൊലീസ് അവരുടെ വീടുകളിലെത്തി അറസ്റ്റ് ചെയ്യുകയും സമരപ്പന്തല്‍ പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ പ്ലാന്റില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ തൊഴിലാളികള്‍ സംഘടിക്കുകയും സമരം തുടരുകയും ചെയ്തു. എന്നാല്‍ ഇവിടെയും പൊലീസെത്തി തൊഴിലാളികളെ പിരിച്ചുവിടാന്‍ ശ്രമിച്ചു. ഇരുന്നൂറ്റിയമ്പത് പേരെ അറസ്റ്റ് ചെയ്തു. സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എ. സൗന്ദരരാജനും സംസ്ഥാന സെക്രട്ടറി മുത്തുകുമാറുമടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ജീവനക്കാരെ കൂട്ടമായി അറസ്റ്റ് ചെയ്യുകയും സമരപ്പന്തല്‍ പൊളിച്ചുമാറ്റുകയും ചെയ്ത പൊലീസ് നടപടിയെ സി.പി.ഐ.എം അടക്കമുള്ള ഡി.എം.കെയുടെ സഖ്യകക്ഷികള്‍ വിമര്‍ശിച്ചിരുന്നു.
സമരം ശക്തമായതോടെ പൊലീസിന്റെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ പൊലീസിനെതിരെയും സ്റ്റാലിന്‍ സര്‍ക്കാരിനെതിരെയും നിരവധി പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. സഖ്യകക്ഷികളുള്‍പ്പെടെ തൊഴിലാളികളുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചത് ഡി.എം.കെയെയും സ്റ്റാലിനെയും പ്രതിരോധത്തിലാക്കി.
പിന്നീട് കമ്പനിയുമായും തൊഴിലാളികളുമായുമെല്ലാം ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. ആറ് റൗണ്ട് ചര്‍ച്ചകള്‍ ഒത്തുതീര്‍പ്പിന് മുമ്പ് നടന്നിരുന്നെങ്കിലും തൊഴിലാളി യൂണിയനെ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സാംസങ്.
പ്രശ്‌നത്തിന്റെ വ്യാപ്തി മനസ്സിലാക്കിയിട്ടും തൊഴിലാളികളുമായി അനുനയനം നടത്താനും ആവശ്യങ്ങള്‍ അംഗീകരിക്കാനും കമ്പനി തയ്യാറാവുന്നില്ലെന്നായിരുന്നു സി.ഐ.ടി.യു പറഞ്ഞത്.
പിന്നാലെ നടന്ന ചര്‍ച്ചകളില്‍ ഓരോ ആവശ്യങ്ങളായി കമ്പനി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ 37 ദിവസത്തെ പണിമുടക്കവസാനിക്കുമ്പോഴും പുതുതായ രൂപീകരിച്ച യൂണിയന് അംഗീകരിക്കുന്നതില്‍ തീരുമാനമായിട്ടില്ല. തൊഴിലാളികള്‍ നല്‍കിയ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പ് നല്‍കാമെന്ന് മാത്രമാണ് കമ്പനി പറഞ്ഞത്.
സമരം പിന്‍വലിക്കുന്നതായി സി.ഐ.ടി.യു പ്രസതാവനയിറക്കുകയായിരുന്നു. പുതിയ യൂണിയന്റെ രജിസ്‌ട്രേഷന്റെ കാര്യം കോടതിയുടെ പരിഗണനിലാണെന്നും വിധി അനുസരിച്ച് തീരുമാനിക്കുമെന്നുമായിരുന്നു മുത്തുകുമാര്‍ അടക്കമുള്ളവര്‍ അറിയിച്ചത്.
തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ തമിഴ്നാട് ശ്രീപെരുമ്പത്തൂരിലെ സാംസങ് പ്ലാന്റിലെ അധികൃതര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമുണ്ടായത്. പണിമുടക്കിയ തൊഴിലാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്നും പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്നും കമ്പനി പറഞ്ഞിരുന്നു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ചുമതലപ്പെടുത്തിയ നാല് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ച വിജയം കണ്ടതോടെയാണ് സാംസങ് തൊഴിലാളികള്‍ക്ക് മുമ്പില്‍ മുട്ടുകുത്തിയത്.
നിലവില്‍ ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് സാംസങ് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. പണിമുടക്കവസാനിപ്പിച്ച തൊഴിലാളികള്‍ സമരമവസാനിച്ച് അടുത്ത ദിവസം തന്നെ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ഒത്തുതീര്‍പ്പില്‍ പറഞ്ഞതിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോയില്ലെങ്കില്‍ പണിമുടക്ക് തുടരുമെന്നും സി.ഐ.ടി.യു അറിയിച്ചിരുന്നു.
Content Highlight: The story of Tamil workers bringing a multinational company to its knees under the red flag