| Friday, 22nd December 2023, 5:37 pm

കുഴികുത്തി പഴങ്കഞ്ഞി നല്‍കിയെന്ന പരാമര്‍ശം; കൃഷ്ണകുമാറിനെതിരെ കേസെടുത്ത് പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പഴങ്കഞ്ഞി പരാമര്‍ശത്തില്‍ നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരെ കേസെടുത്ത് സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍. യൂട്യൂബിലൂടെ അയിത്താചാരമായ കുഴികുത്തി കഞ്ഞി കൊടുക്കുക എന്ന കുറ്റകൃത്യത്തെ ലഘൂകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന രീതിയില്‍ നടത്തിയ ജാതീയവും മനുഷ്യത്വ വിരുദ്ധവുമായ പരാമര്‍ശങ്ങള്‍ക്കെതിരെ ദിശ സമര്‍പ്പിച്ച പരാതിയിലാണ് സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദീകരണം ആവശ്യപ്പെട്ടത്. എറണാകുളം ജില്ലാ പൊലീസ് മേധാവിയോട് ഏഴ് ദിവസത്തിനകം അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

വീട്ടില്‍ പറമ്പ് വൃത്തിയാക്കാനെത്തിയ പണിക്കാര്‍ക്ക് പഴങ്കഞ്ഞി മുറ്റത്ത് കുഴികുത്തി ഇല വെച്ച് നല്‍കിയ അനുഭവം യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം കൃഷ്ണകുമാര്‍ പങ്കുവെച്ചിരുന്നു.

വീട്ടില്‍ വന്നിരുന്ന പണിക്കാര്‍ക്ക് കുഴിക്കുത്തി പഴങ്കഞ്ഞി നല്‍കുമായിരുന്നുവെന്നും വീട്ടില്‍ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാര്‍ കുഴിയില്‍ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു. പങ്കാളിയായ സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നത്. പിന്നാലെ കൃഷ്ണകുമാറിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

സംഭവത്തില്‍ കൃഷ്ണകുമാറിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സാമൂഹ്യപ്രവര്‍ത്തക ധന്യാരാമന്‍ പരാതി നല്‍കിയിരുന്നു. കൃഷ്ണകുമാറിന്റെ വെളിപ്പെടുത്തല്‍ ഭരണഘടന നിലവില്‍ വന്ന ശേഷവും 1955ലെ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ആക്ട് ഈ രാജ്യത്ത് നിലവില്‍ വന്ന ശേഷവും ആണെന്ന് മനസിലാക്കാവുന്നതാണെന്നും പരാതിയില്‍ പറയുന്നു.

നിയമപരമായി നിരോധിച്ചതും കുറ്റകരമാക്കിയതുമായ പ്രവര്‍ത്തി ചെയ്തത് ശിക്ഷാര്‍ഹമാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. കൃഷ്ണകുമാറിന്റെ പരാമര്‍ശത്തില്‍ ദുഖവും ഞെട്ടലും മാനസിക വേദനയും ഉണ്ടെന്നും കൃഷ്ണകുമാറും ബന്ധുക്കളും നടത്തിയ കുറ്റകൃത്യത്തില്‍ പരാതിയുണ്ടെന്നും സംഭവത്തിന് കാരണകാരായ മുഴുവന്‍ പേര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ധന്യരാമന്‍ പറഞ്ഞു.

Content Highlight: The State Scheduled Castes and Scheduled Tribes Commission filed a case against Krishnakumar 

We use cookies to give you the best possible experience. Learn more