| Saturday, 14th October 2023, 10:00 am

സംസ്ഥാന സര്‍ക്കാരിന്റെ ആദ്യത്തെ സ്‌പൈസസ് പാര്‍ക്ക്, മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സംസ്ഥാനത്തെ ആദ്യ സ്‌പൈസസ് പാര്‍ക്ക് ഇന്ന് നാടിന് സമര്‍പ്പിക്കും. മുട്ടത്തെ തുടങ്ങനാട്ടില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയ കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ വിശിഷ്ടാതിഥിയാകും. 15 ഏക്കര്‍ സ്ഥലത്ത് ഒന്നാം ഘട്ടമായി നിര്‍മിച്ചിരിക്കുന്ന സ്‌പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനമാണ് നടക്കുക.

ഏകദേശം 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 21 ഏക്കര്‍ സ്ഥലത്ത് നിര്‍മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 2021 ഓക്ടോബറിലാണ് സ്പൈസസ് പാര്‍ക്ക് നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആഗസ്റ്റില്‍ പണി പൂര്‍ത്തിയായ സ്പൈസസ് പാര്‍ക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഒന്നാംഘട്ടത്തില്‍ നിര്‍മിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകള്‍ എല്ലാം സംരംഭകര്‍ക്ക് അനുവദിച്ചുകഴിഞ്ഞു. സുഗന്ധവ്യഞ്ജന തൈലങ്ങള്‍, കൂട്ടുകള്‍, ചേരുവകള്‍, കറിപ്പൊടികള്‍, കറിമസാലകള്‍, നിര്‍ജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്.

റോഡ്, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ വ്യവസായികാവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്ഥലമാണ് വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് നല്‍കുന്നത്. എല്ലാ വ്യാവസായിക പ്ലോട്ടുകളിലേക്കും പ്രവേശിക്കാവുന്ന റോഡുകള്‍, വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള ഓടകള്‍, ചുറ്റുമതില്‍, ശുദ്ധജല വിതരണ ക്രമീകരണങ്ങള്‍, വൈദ്യുതി വിതരണ സംവിധാനങ്ങള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, മാലിന്യ നിര്‍മാര്‍ജന പ്ലാന്റ്, മഴവെള്ള സംഭരണികള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും സ്‌പൈസസ് പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

ഇപ്പോള്‍ കിന്‍ഫ്രയുടെ അധീനതയിലുള്ള ഏകദേശം 37 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് നിര്‍മിക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത്. ജില്ലയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവര്‍ധിത ഉല്‍പ്പന്ന വ്യവയസായത്തിനും വലിയ കുതിപ്പ് നല്‍കുവാന്‍ സ്‌പൈസസ് പാര്‍ക്ക് വഴിയൊരുക്കും എന്നാണ് പ്രതീക്ഷ.

Content Highlight: The state’s first Spices Park under the state government will be dedicated to the nation today.

We use cookies to give you the best possible experience. Learn more