തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സംസ്ഥാനത്തെ ആദ്യ സ്‌പൈസസ് പാര്‍ക്ക് ഇന്ന് നാടിന് സമര്‍പ്പിക്കും. മുട്ടത്തെ തുടങ്ങനാട്ടില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയ കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ വിശിഷ്ടാതിഥിയാകും. 15 ഏക്കര്‍ സ്ഥലത്ത് ഒന്നാം ഘട്ടമായി നിര്‍മിച്ചിരിക്കുന്ന സ്‌പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനമാണ് നടക്കുക.
ഏകദേശം 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 21 ഏക്കര്‍ സ്ഥലത്ത് നിര്‍മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 2021 ഓക്ടോബറിലാണ് സ്പൈസസ് പാര്‍ക്ക് നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആഗസ്റ്റില്‍ പണി പൂര്‍ത്തിയായ സ്പൈസസ് പാര്‍ക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഒന്നാംഘട്ടത്തില്‍ നിര്‍മിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകള്‍ എല്ലാം സംരംഭകര്‍ക്ക് അനുവദിച്ചുകഴിഞ്ഞു. സുഗന്ധവ്യഞ്ജന തൈലങ്ങള്‍, കൂട്ടുകള്‍, ചേരുവകള്‍, കറിപ്പൊടികള്‍, കറിമസാലകള്‍, നിര്‍ജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്.