യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ആവശ്യപ്പെടാനൊരുങ്ങി കെ.പി.സി.സി
Kerala News
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ആവശ്യപ്പെടാനൊരുങ്ങി കെ.പി.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th June 2023, 5:51 pm

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള ആവശ്യവുമായി കെ.പി.സി.സി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന. ദേശീയ നേതൃത്വവുമായി നാളെ നടത്തുന്ന കൂടിക്കാഴ്ചയിലാകും ഇരുവരും ഇക്കാര്യം ആവശ്യപ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാളെ ദല്‍ഹിയിലെത്തുന്ന വി.ഡി സതീശനും കെ.സുധാകരനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ അത് ഗ്രൂപ്പുകള്‍ തിരിഞ്ഞുള്ള ചേരിപ്പോരിന് കാരണമാകുമെന്നാകും ഇരുവരും ചര്‍ച്ചയില്‍ ഉന്നയിക്കുക എന്നാണ് സൂചന. അതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഇരുവരും ആവശ്യപ്പെടും. ഇപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന് ഇരുവരും ചൂണ്ടിക്കാട്ടും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഗ്രൂപ്പുകള്‍ തിരിഞ്ഞുള്ള ചേരിപ്പോരുകള്‍ വര്‍ധിക്കുന്നുണ്ടെന്ന് നേതാക്കള്‍ നേതൃത്വത്തെ അറിയിക്കും. നാളെ രാവിലെയാണ് ഇരുവരും ദല്‍ഹിയില്‍ എത്തുക. രണ്ട് ദിവസം ഇവര്‍ ദല്‍ഹിയില്‍ തുടരും. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് വേണ്ടി രാഹുല്‍ മാങ്കൂട്ടവും ഐ ഗ്രൂപ്പിന് വേണ്ടി അഭിന്‍ വര്‍ക്കിയുമാണ് പ്രധാനസ്ഥാനാര്‍ത്ഥികളായി ഉള്ളത്. ഈ 28നാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കാനിരുന്നത്.

Content Highlight: The state leadership will demand the postponement of the youth elections