| Wednesday, 22nd January 2020, 6:43 pm

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടു; നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് സംസ്ഥാനസര്‍ക്കാര്‍ വഹിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നേപ്പാളില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നോര്‍ക്ക വഴി പണം നല്‍കാമെന്ന ഉറപ്പ് നല്‍കിയത്.

നോര്‍ക്ക സി.ഇ.ഒ ദല്‍ഹിയിലെ നോര്‍ക്ക ഉദ്യോഗസ്ഥരുമായും വിദേശകാര്യമന്ത്രാലയവുമായും സംസാരിച്ചു.

നേരത്തെ മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം ലഭിക്കാത്തതിനാലാണ് പണം നല്‍കാനാവാത്തതെന്നായിരുന്നു എംബസിയുടെ വിശദീകരണം.

മരിച്ച ഏട്ടുപേരുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 10 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്.പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ നാളെ വൈകീട്ട് 6.5ന് തിരുവനന്തപുരത്ത് എത്തിക്കും. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ മറ്റന്നാള്‍ രാവിലെ 9.5 ന് കോഴിക്കോട്ട് എത്തിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പണം നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്.

അതേസമയം മലയാളി വിനോദ സഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയമിച്ചു.

നേപ്പാള്‍ ടൂറിസം മന്ത്രാലയമാണ് അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയമിച്ചത്. ദമാനിലെ റിസോര്‍ട്ടിലാണ് നാല് കുട്ടികള്‍ അടക്കം ഏട്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിമരിച്ചു എന്നാണ് പ്രാഥമിക നിഗമനം.

ഇന്ദുരഞ്ജിത്ത്, പ്രബിന്‍കുമാര്‍, ശരണ്യ, ശ്രീഭദ്ര, അഭിനവ് സൊറായു, അഭി നായര്‍, വൈഷ്ണവ് രഞ്ജിത്ത്, രഞ്ജിത്ത് എന്നിവരാണ് മരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഹീറ്ററില്‍ നിന്നുള്ള കാര്‍ബണ്‍മോണോക്‌സൈഡ് ആണ് മരണകാരണമെന്നാണ് നിഗമനം.

എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. മുറിയില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നെന്നും ശ്വാസതടസ്സമാകാം മരണ കാരണമെന്നും എസ്.പി സുശീല്‍ സിംങ് റാത്തോര്‍ അറിയിച്ചു.

DoolNews Video

We use cookies to give you the best possible experience. Learn more