തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമാന യാത്ര ചെലവിന് സംസ്ഥാന സര്‍ക്കാര്‍ 30 ലക്ഷം രൂപ അധികം അനുവദിച്ചു. നിലവിലെ സാമ്പത്തിക വര്‍ഷം അനുവദിച്ചിരുന്ന തുക ചെലവാക്കിയതിനാലാണ് ഫെബ്രുവരി നാലിന് അധിക തുക അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
2022-23ലെ ബജറ്റില്‍ ഗവര്‍ണറുടെ യാത്രക്കായി അനുവദിച്ച തുകയാണ് തീര്‍ന്നത്. ഡിസംബര്‍ 30ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
25 ലക്ഷം വരെയുള്ള തുകകള്‍ ട്രഷറിയില്‍ നിന്ന് മാറുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചാലേ ട്രഷറിയില്‍ നിന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ബില്ല് പാസാവുകയുള്ളു.
നേരത്തെ രാജ്ഭവനിലെ താല്‍ക്കാലിക ഫോട്ടോഗ്രാഫറെയും 20 താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രത്യേക താല്‍പര്യപ്രകാരം ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഈ നിയമനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. കേരളം വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തില്‍ ഈ നടപടി വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
Content Highlight: The state government has sanctioned an additional Rs 30 lakh for air travel expenses of Arif Muhammad Khan