തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒന്നിച്ചുനല്‍കാന്‍ സംസ്ഥന സര്‍ക്കാര്‍ തീരുമാനം. രണ്ട് മാസത്തെ പെന്‍ഷനായ 3,200 രൂപ വീതമാണ് ലഭിക്കുക. സെപ്റ്റംബര്‍ അഞ്ചിനകം സംസ്ഥാനത്ത് മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി ധനകാര്യ വകുപ്പ് 1749.73 കോടി രൂപ അനുവദിച്ചു.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 1539.06 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 50.53 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും സഹകരണ സംഘങ്ങള്‍ നേരിട്ടും തുക എത്തിക്കും. ക്ഷേമനിധി പെന്‍ഷന് 6.52 ലക്ഷം പേര്‍ക്കായി 210.67 കോടി രൂപ അനുവദിച്ചു.
കൊവിഡ് മഹാമാരിയും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളും തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്തണമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് രണ്ട് മാസത്തെ പെന്‍ഷനുകള്‍ ഒരുമിച്ചു നല്‍കുന്നതെന്നും വാര്‍ത്താക്കുറിപ്പിലുടെ അറിയിച്ചു.
അതേസമയം, ശമ്പളം, പെന്‍ഷന്‍, മറ്റ് സാധാരണ ചെലവുകള്‍ എന്നിവക്ക് മാസം 6000 കോടി രൂപവേണം. ഓണക്കാലത്ത് 3,000 കോടിയെങ്കിലും അധികമായി കണ്ടെത്തേണ്ടിവരും.