കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയെ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.
എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. പരാതി കിട്ടി ആറുമാസത്തിന് ശേഷമാണ് നടപടി.
കഴിഞ്ഞ ജൂലൈയിലാണ് അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശാസ്ത്രക്രിയയില്‍ പിഴവ് ആരോപിച്ച് കൊച്ചി റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയും ശസ്ത്രക്രിയ നടത്തിയ ഡോ. അര്‍ജുന്‍ അശോകിനെതിരെയും ആരോപണവുമായി ഇവര്‍ രംഗത്തെത്തിയിരുന്നു.
2020ലായിരുന്നു ശാസ്ത്രക്രിയ. ശാസ്‌ക്രക്രിയക്ക് ശേഷം അനന്യക്ക് ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് അനന്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വീഴ്ച്ചയെ തുടര്‍ന്നാണ് അനന്യ ആത്മഹത്യ ചെയ്തതെന്നായിരുന്നു സുഹൃത്തുക്കള്‍ പരാതിപ്പെട്ടത്. അനന്യയുടെ മരണത്തിന് പിന്നാലെ പങ്കാളി ജിജു ഗിരിജാ രാജും ആത്മഹത്യ ചെയ്തിരുന്നു.
ചികിത്സാപിഴവ് ഉണ്ടായെന്ന പരാതിക്ക് പിന്നാലെ അനന്യയ്ക്ക് ഹോസ്പിറ്റലില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നതായി പിതാവ് അലക്‌സാണ്ടര്‍ പറഞ്ഞിരുന്നു. വേദനകൊണ്ട് പിടഞ്ഞപ്പോള്‍ പോലും ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടിട്ട് കിട്ടിയില്ല. നിങ്ങളെന്നെ പരീക്ഷണ വസ്തുവാക്കുകയാണോ എന്ന് അനന്യ ചോദിച്ചിരുന്നെന്നും അലക്‌സാണ്ടര്‍ പറഞ്ഞിരുന്നു.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയാണ് അനന്യ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ വേങ്ങരയില്‍നിന്ന് ഇവര്‍ മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്‍മാറിയിരുന്നു
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: The state government has announced an inquiry into the death of transgender Ananya