കോണ്‍ഗ്രസ് നേതാവായ അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നത് കേരളത്തിലെ സംസ്ഥാന നേതൃത്വത്തോട് യാതൊരു വിധ ആലോചനയും നടത്താതെ. ദേശീയ നേതൃത്വവുമായി മാത്രം കൂടിയാലോചനകള്‍ നടത്തിയാണ് മുന്‍ കണ്ണൂര്‍ എം.പി ബിജെപിയില്‍ ചേര്‍ന്നത്. തങ്ങളോട് ആലോചിക്കാതെ അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയില്‍ ചേര്‍ത്തതിന് സംസ്ഥാന നേതൃത്വത്തിന് വിയോജിപ്പുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് അബ്ദുള്ളക്കുട്ടി പുറത്താവുന്നത്. ഇതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ശ്രീധരന്‍പിള്ളയെ അവഗണിച്ച് നളീന്‍കുമാര്‍ കട്ടീല്‍ എം.പി, രാജീവ് ചന്ദ്രശേഖര്‍ എം.പി എന്നിവര്‍ മുഖേനയാണ് അബ്ദുള്ളക്കുട്ടി ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയത്. മുതിര്‍ന്ന ഒരു വിഭാഗം നേതാക്കള്‍ക്ക് അബ്ദുള്ളക്കുട്ടിയുടെ ഈ നീക്കം ഇഷ്ടമായിട്ടില്ല. പ്രത്യേകിച്ച് മുന്‍ ജില്ലാ അദ്ധ്യക്ഷന്‍മാര്‍ക്ക്.
ദശകങ്ങളായി മാതൃകാപരമായ സേവനം നടത്തിയ നിരവധി മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര സ്ഥാനം ലഭിക്കാതിരിക്കുന്ന നേതാക്കളുണ്ടെന്ന് ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. സി.പി.ഐ.എമ്മിലും പിന്നീട് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ട്രാക്ക് റെക്കോര്‍ഡുള്ള അബ്ദുള്ളക്കുട്ടിയെ പോലൊരു നേതാവിനെ ബി.ജെ.പി തുറന്ന് സ്വാഗതം ചെയ്യുകയാണ്. ഇത് പ്രവര്‍ത്തകര്‍ക്ക് മോശം സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച കണ്ണൂരില്‍ നടന്ന നേതൃയോഗത്തിലും അബ്ദുള്ളക്കുട്ടി സംസ്ഥാന നേതൃത്വത്തോട് കാണിക്കുന്ന നയത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം തീരുമാനിക്കുന്നത് എന്താണെന്ന് നോക്കാം എന്ന തീരുമാനത്തിലാണ് മുതിര്‍ന്ന നേതാക്കള്‍.