| Tuesday, 11th January 2022, 11:58 am

ടി.പി. വധക്കേസിലെ പ്രതികളെ സംരക്ഷിക്കുക എന്നത് സി.പി.ഐ.എമ്മിന്റെയും സര്‍ക്കാറിന്റെയും നിലപാട്: കെ.കെ. രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ സംരക്ഷിക്കുക എന്നത് സി.പി.ഐ.എമ്മിന്റെയും സര്‍ക്കാറിന്റെയും നിലപാടാണെന്ന് കെ.കെ. രമ എം.എല്‍.എ.

ടി.പി. വധക്കേസില്‍ ജീവപര്യന്തം ശിക്ഷ കിട്ടിയ മുഖ്യപ്രതികളിലൊരാളായ കിര്‍മാണി മനോജ് ലഹരി പാര്‍ട്ടി നടത്തിയതില്‍ അത്ഭുതമൊന്നും തോന്നുന്നില്ലെന്നും രമ പറഞ്ഞു.

കൊലയാളികള്‍ യഥേഷ്ടം പരോളിലിറങ്ങി വിഹരിക്കുകയാണെന്നും കൊവിഡിന്റെ പേരില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ടി.പി. കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതികള്‍ ജയിലിന് പുറത്താണെന്നും രമ പറഞ്ഞു.

‘സി.പി.ഐ.എമ്മിന്റെയും സി.പി.എമ്മിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത്. പ്രതികള്‍ക്ക് മാഫിയ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യമൊരുക്കി നല്‍കുന്നത്. സി.പി.ഐ.എമ്മും സര്‍ക്കാരുമാണ്,’ രമ കൂട്ടിച്ചേര്‍ത്തു.

ഗുണ്ടകള്‍ റിസോര്‍ട്ടില്‍ പാര്‍ട്ടി നടത്തിയത് പൊലീസ് അറിഞ്ഞില്ലേയെന്നും പൊലീസും ഇന്റലിജന്‍സ് വിഭാഗവും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും കെ.കെ. രമ ചോദിച്ചു.

വയനാട് പടിഞ്ഞാറത്തറ റിസോര്‍ട്ടില്‍ നടന്ന ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ മനോജ് കിര്‍മാണി ഉള്‍പ്പെടെ 15 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതികളില്‍ നിന്ന് കഞ്ചാവ്, എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്ന് കണ്ടെത്തിയതായാണ് വിവരം. റിസോര്‍ട്ടില്‍ പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രദേശത്ത് ഷാഡോ പൊലീസിനെ വിന്യസിക്കുകയും പരിശോധനയ്ക്ക് ശേഷം മയക്കുമരുന്ന് പിടികൂടുകയുമായിരുന്നു.

ക്വട്ടേഷന്‍ സംഘാംഗമായ മുഹ്സിന്റെ വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പാര്‍ട്ടിയായിരുന്നു നടന്നതെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചയോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ഗോവയില്‍ നിന്നുള്ള 60പേര്‍ക്ക് എം.ഡി.എം.എ നല്‍കാന്‍ ഇവര്‍ ശ്രമം നടത്തിയെന്നും പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നിലവില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights:  The stand of the CPIM and the government is to protect the accused in TP murder case: KK Rema

We use cookies to give you the best possible experience. Learn more