കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആപ് – ട്വന്റി ട്വന്റി സഖ്യം, ജനക്ഷേമ മുന്നണിയുടെ നിലപാട് ഇന്നറിയാം. ഉച്ചയ്ക്ക് ശേഷം കിറ്റക്‌സ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലായിരിക്കും സഖ്യം ആര്‍ക്കൊപ്പമായിരിക്കുമെന്ന് പ്രഖ്യാപിക്കുക. ഏതെങ്കിലും ഒരു മുന്നണിക്ക് പരസ്യമായ പിന്തുണ നല്‍കിയുള്ള പ്രഖ്യാപനത്തിന് സാധ്യത കുറവാണ് എന്നാണ് വിലയിരുത്തല്‍.
ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ട്വന്റി ട്വന്റിയുമായുള്ള സഖ്യപ്രഖ്യാപനത്തിനായി കെജ്‌രിവാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെത്തിയിരുന്നു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിതെന്നായിരുന്നു അദ്ദേഹം സഖ്യപ്രഖ്യാപനത്തിനിടെ പറഞ്ഞത്.
കേരളത്തില്‍ ഇനി നാല് മുന്നണികളുണ്ടാകുമെന്നും ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും ചേര്‍ന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു.
കേരളത്തിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ദല്‍ഹിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയത് ദൈവത്തിന്റെ മാജിക്കാണെന്നും കേരളത്തിലും ഇത് സാധ്യമാകുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തൃക്കാക്കരയില്‍ എന്‍.ഡി.എ സഖ്യം മഹാസമ്പര്‍ക്കം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ വീടുകള്‍ കയറി വോട്ട് തേടും.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പ്രചരണാന്‍ത്ഥമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച വീണ്ടും തൃക്കാക്കരയിലേക്ക് മടങ്ങിയെത്തും.
കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ മണ്ഡലത്തില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണവും തുടരുകയാണ്.
വികസനത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഇടതുപക്ഷത്തിന് ഒപ്പം നില്‍ക്കാമെന്നും ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും ഇടത് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, ജനക്ഷേമ മുന്നണിയോട് യു.ഡി.എഫ് പരസ്യമായി തന്നെ വോട്ടഭ്യര്‍ത്ഥിച്ച് കഴിഞ്ഞു. ആം ആദ്മി പാര്‍ട്ടിക്കും ട്വന്റി ട്വന്റിക്കും ഒരിക്കലും ഇടതുമുന്നണിയോട് യോജിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ തൃക്കാക്കരയില്‍ പുതിയ മുന്നണിയുടെ പിന്തുണ കോണ്‍ഗ്രസ് തേടുകയാണെന്നുമായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ വാദം.