കൊളംബോ: മഹിന്ദ രജപക്സെ രാജിവെച്ചതായുള്ള റിപ്പോര്‍ട്ട് തള്ളി ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്. മഹിന്ദ രജപക്സെ പ്രസിഡന്റിന് രാജി സമര്‍പ്പിച്ചതായി ആയിരുന്നു ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
പ്രധാനമന്ത്രി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയെന്നും, മഹിന്ദ രജപക്സെയ്ക്കൊപ്പം മന്ത്രിമാരും കൂടി രാജിവെച്ചച്ചേക്കുമെന്നുമായിരുന്നു ശ്രീലങ്കന്‍ മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്. 36 മണിക്കൂര്‍ കര്‍ഫ്യൂവും ഫലം കാണാത്തിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ രാജിവാര്‍ത്ത വന്നിരുന്നത്. ഈ വര്‍ത്തയാണ് രജപക്സെയുടെ ഓഫീസ് നിഷേധിച്ചിരിക്കുന്നത്.
ശ്രീലങ്കന്‍ സര്‍ക്കാറിനെതിരായ വര്‍ധിച്ചു വരുന്ന പ്രക്ഷോഭങ്ങള്‍ കാരണം നേരത്തെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, സര്‍ക്കാരിന്റ നടപടിയെ പരസ്യമായി വിമര്‍ശിച്ച് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ മകനും മന്ത്രിയുമായ നമല്‍ രജപക്‌സെ രംഗത്തെത്തിയിരുന്നു.
ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനത്തെയാണ് ട്വീറ്റിലൂടെ നമല്‍ വിമര്‍ശിച്ചത്.