കൊളംബോ: രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാണെന്നുള്ള വാര്‍ത്തകള്‍ തള്ളി ശ്രീലങ്കന്‍ സര്‍ക്കാര്‍. അവശ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയാന്‍ വേണ്ടി മാത്രമാണ് രാജ്യത്ത് പൊതു സുരക്ഷാ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ആഗസ്റ്റ് 31ന് പ്രസിഡന്റ് ഗോതബായ രാജ്പക്‌സെ രാജ്യത്ത് അവശ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പ് തടയാനുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഇതേ തുടര്‍ന്ന് രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ വ്യാഴാഴ്ച രംഗത്ത് വന്നത്.
അവശ്യവസ്തുക്കളുടെ വിതരണം സംബന്ധിച്ച പൊതു സുരക്ഷാ ഓര്‍ഡിനന്‍സിന് കീഴില്‍ അടിയന്തര നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതായി പ്രസിഡന്റിന്റെ വക്താവ് കിംഗ്‌സ്‌ലി രത്‌നനായകെ മാധ്യമങ്ങളോട് പറഞ്ഞു.
ചില പ്രാദേശിക- അന്താരാഷ്ട്ര മാധ്യമങ്ങള്‍ രാജ്യത്ത് ഭക്ഷ്യക്ഷാമമുണ്ടെന്ന് വാര്‍ത്തകള്‍ കൊടുത്തിരുന്നെന്നും, എന്നാല്‍ ആ വാര്‍ത്തകള്‍ക്ക് യാതൊരു തരത്തിലുള്ള അടിസ്ഥാനവുമില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
നെല്ലും അരിയും പഞ്ചസാരയും പോലുള്ള അവശ്യവസ്തുക്കള്‍ ചില വ്യാപാരികള്‍ പൂഴ്ത്തിവെക്കുന്നുണ്ടെന്നും അത്തരം സ്റ്റോക്കുകള്‍ പിടിച്ചെടുത്ത് ന്യായമായ വിലയ്ക്ക് വിതരണത്തിനായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയായിരുന്നു ലക്ഷ്യമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
നെല്ലും അരിയും പഞ്ചസാരയും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വിലയ്ക്ക് തന്നെയാണ് വില്‍ക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തുമെന്നും ഇക്കാര്യങ്ങളില്‍ സൈന്യത്തിന്റെ മേല്‍നോട്ടമുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
2.1 കോടി ജനങ്ങളുള്ള രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ പൂഴ്ത്തി വെക്കുന്നവര്‍ക്കുള്ള ശിക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വിദേശ വാഹനങ്ങള്‍, മഞ്ഞള്‍ എന്നിവയുടെ ഇറക്കുമതിയും കഴിഞ്ഞ മാര്‍ച്ച് മുതല്‍ നിര്‍ത്തലാക്കിയിരുന്നു.