| Tuesday, 21st April 2020, 9:10 pm

സ്പ്രിംക്ലര്‍ വിവാദം; പരിശോധനയ്ക്ക് രണ്ടംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് തയ്യാറായി സര്‍ക്കാര്‍. രണ്ടംഗ വിദഗ്ധ സമിതിയെ ആണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.

മുന്‍ കേന്ദ്ര ഐ.ടി സെക്രട്ടറി മാധവന്‍ നമ്പ്യാര്‍, ആരോഗ്യവകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്‍ ഐ.എ.എസ് എന്നിവരെയാണ് സമിതിയില്‍ നിയോഗിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഈ കാര്യത്തില്‍ കൃത്യമായ നടപടിയാണോ നടത്തിയിരിക്കുന്നത് എന്ന് പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.

നടപടി ക്രമങ്ങള്‍ പാലിക്കപ്പെട്ടോ ഭാവിയിലെ നടപടിക്രമങ്ങള്‍ എങ്ങിനെയായിരിക്കണം. ഏതെങ്കിലും തരത്തില്‍ വ്യക്തിപരമായ വിവരങ്ങള്‍,സെന്‍സിറ്റീവ് ആയ വിവരങ്ങള്‍ കമ്പനിക്ക് കൈമാറിയിട്ടുണ്ടൊ എന്നിങ്ങനെ നാല് കാര്യങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുക.

നേരത്തെ സ്പ്രിംക്ലര്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ സ്വകാര്യത ഉറപ്പ് വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി ചോദിച്ചിരുന്നു.

ഇടപാട് സംബന്ധിച്ച് നിയമവകുപ്പ് അറിഞ്ഞിട്ടില്ലെന്ന ഐ.ടി സെക്രട്ടറിയുടെ പ്രസ്താവനയിലും വിശദീകരണം നല്‍കാനും സംസ്ഥാന സര്‍ക്കാരിനോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഡാറ്റ സുരക്ഷിതമാണോയെന്ന കാര്യം കോടതിയെ അറിയിക്കണമെന്നും കമ്പനിക്ക് ഇപ്പോഴും ഡാറ്റ കൈമാറുന്നുണ്ടോയെന്ന് 15 മിനിറ്റിനകം പറയണമെന്നുമായിരുന്നു കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന്റെ ബുദ്ധിമുട്ട് അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

സ്പ്രിംക്ലര്‍ കമ്പനിക്കെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ ബാലഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം വ്യക്തിസുരക്ഷയുമായി ബന്ധപ്പെട്ട ഒരുകാര്യവും പങ്കുവെച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കൊവിഡ് ഭീതിയില്‍ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമുണ്ടായെന്നും സര്‍ക്കാര്‍ അറിയിച്ചു.

വിവരങ്ങള്‍ സി-ഡിറ്റിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും സേവനം സൗജന്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more