ജവാന്‍ റമ്മിന് കൊണ്ടുവന്ന സ്പിരിറ്റ് മോഷ്ടിച്ച് വിറ്റത് ലക്ഷങ്ങള്‍ക്ക്; ഉന്നത ജീവനക്കാര്‍ക്കും പങ്ക്
Kerala News
ജവാന്‍ റമ്മിന് കൊണ്ടുവന്ന സ്പിരിറ്റ് മോഷ്ടിച്ച് വിറ്റത് ലക്ഷങ്ങള്‍ക്ക്; ഉന്നത ജീവനക്കാര്‍ക്കും പങ്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st July 2021, 12:50 pm

തിരുവനന്തപുരം: കേരളത്തിലേക്ക് ജവാന്‍ റം ഉണ്ടാക്കുന്നതിനായി എത്തിച്ച സ്പിരിറ്റ് മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. തിരുവല്ല പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് കൊണ്ടുവന്ന സ്പിരിറ്റാണ് മോഷണം പോയത്.

ജീവനക്കാരനായ അരുണ്‍ കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ നന്ദകുമാര്‍, സിജോ തോമസ് എന്നിവരാണ് അറസ്റ്റിലായത്. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉന്നത ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായാണ് റിപ്പോര്‍ട്ട്.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റാണ് തട്ടിപ്പ് കണ്ടെത്തിയത്. കേസില്‍ ഏഴ് പ്രതികളാണ് ഉള്ളത്. മധ്യപ്രദേശില്‍ നിന്നെത്തിച്ച രണ്ടു ടാങ്കറുകളിലെ 20,000 ലിറ്റര്‍ സ്പിരിറ്റാണ് കാണാതായത്.

40,000 ലിറ്റര്‍ വീതം സ്പിരിറ്റുമായെത്തിയ രണ്ടു ടാങ്കറുകളിലെ സ്പിരിറ്റാണ് ജീവനക്കാരുടെ ഒത്താശയോടെ മോഷ്ടിച്ച് വിറ്റത്.

ലിറ്ററിന് 50 രൂപ എന്ന നിരക്കില്‍ കേരളത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ സ്പിരിറ്റ് വിറ്റതായാണ് വിവരം. പിടിച്ചെടുത്ത ടാങ്കര്‍ ലോറിയില്‍ നിന്ന് 10 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ഒരു ടാങ്കറില്‍ നിന്ന് 12,000 ലിറ്റര്‍ സ്പിരിറ്റും ഒരു ടാങ്കറില്‍ നിന്ന് 8000 ലിറ്റര്‍ സ്പിരിറ്റുമാണ് കാണാതായത്. ഫാക്ടറിയിലെ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന ജീവനക്കാരനാണ് അരുണ്‍ കുമാര്‍.

ഇയാള്‍ക്ക് നല്‍കാനുള്ളതാണ് പിടിച്ചെടുത്ത രൂപയെന്നാണ് ടാങ്കര്‍ ഡ്രൈവര്‍മാര്‍ നല്‍കിയ മൊഴി. 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കുവാനുള്ള കരാര്‍ എടുത്തിരുന്നത് എറണാകുളത്തെ ഒരു കമ്പനിയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

The spirit brought to Jawan Rum was stolen and sold for lakhs; top level employees have Role