|

എനിക്ക് ആരുടേയും ഔദാര്യം ആവശ്യമില്ല: നിയമസഭയിൽ സ്പീക്കറും പ്രതിപക്ഷ നേതാവും നേർക്കുനേർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറും പ്രതിപക്ഷ നേതാവും നേർക്കുനേർ. പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുന്നതിനിടെയാണ് വാക്പോരുണ്ടായത്. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസംഗം ആദ്യ ഒൻപത് മിനിറ്റ് തടസപ്പെടുത്തിയതേയില്ലെന്ന് പറഞ്ഞ് സ്പീക്കർ എ.എൻ ഷംസീർ ആരോപണം നിഷേധിച്ചു.

പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭയിലെ ഓഡിയോ മ്യൂട് ചെയ്തു. പിന്നീട് സഭാ നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു. ഇനി മാ‍ർച്ച് മൂന്നിനാണ് വീണ്ടും നിയമസഭ സമ്മേളനം ഉണ്ടാവുക.

എസ്.സി – എസ്.ടി വിഭാഗങ്ങൾക്കായുള്ള ഫണ്ടും സ്കോളർഷിപ്പുകൾക്കുമായുള്ള പദ്ധതി വിഹിതം സംസ്ഥാന ബജറ്റിൽ വെട്ടിക്കുറച്ചെന്ന് ആരോപിച്ച് പ്രതിപക്ഷാംഗം എ.പി. അനിൽകുമാർ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി. സർക്കാരിൻ്റെ മുൻഗണന ലിസ്റ്റിൽ പിന്നാക്ക വിഭാഗങ്ങൾ ഇല്ലെന്നും ഇടതു സർക്കാർ ദളിത് ആദിവാസി വിരുദ്ധ സർക്കാരാണെന്നും കുറ്റപ്പെടുത്തിയ അനിൽകുമാർ, കിഫ്‌ബി ഫണ്ട് വഴിയുള്ള പദ്ധതികളിലും എസ്.സി – എസ്.ടി വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് വിമർശിച്ചു.

ഈ വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എസ്.സി, എസ്.ടി വിഭാഗങ്ങളുടെ 512 കോടിയുടെ പദ്ധതികള്‍ ഈ ജനുവരിയില്‍ 390 കോടിയായി വെട്ടിച്ചുരുക്കിയെന്ന് കുറ്റപ്പെടുത്തി.

പട്ടിക വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഇങ്ങനെ ഒരു വകുപ്പ് വേണോയെന്ന് ചിന്തിക്കേണ്ട നിലയിലേക്ക് കാര്യങ്ങളെത്തി. സഹായം ലഭിക്കാത്തതിനാല്‍ എസ്.സി എസ്.ടി കുട്ടികള്‍ കൊഴിഞ്ഞുപോകുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു. തുടർന്ന് പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ സമയം കൂടുതലായെന്ന് പറഞ്ഞ് സ്പീക്കര്‍ ഇടപെട്ടു.

സ്പീക്കർ ഇടപ്പെട്ടതിൽ രോഷാകുലനായ പ്രതിപക്ഷ നേതാവ് ഇതോടെ ചെയറിനെതിരെ തിരിഞ്ഞു. എന്തിന് ഇങ്ങനെ തടസപ്പെടുത്തുന്നുവെന്ന് സ്പീക്കറോട് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒമ്പത് മിനിറ്റ് നേരം പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം ചെയർ തടസപ്പെടുത്തിയില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. അത് ഔദാര്യമല്ലെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു. ഈ വാക്പോര് രൂക്ഷമാകുന്നതിനിടെ പ്രതിപക്ഷത്ത് നിന്നുള്ള അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. ഇവരോട് സ്പീക്കർ തിരികെ സീറ്റിലേക്ക് പോകാൻ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ തയ്യാറായില്ല. ഇത് തുടരുന്നതിനിടെ സഭയിലെ മൈക്കുകൾ മുഴുവൻ മ്യൂട്ട് ചെയ്തു. സഭ ടി.വിയിൽ സ്പീക്കറെ മാത്രമാണ് ഈ സമയത്ത് കാണിച്ചത്.

അംഗങ്ങളെ ഇരിപ്പിടത്തിലേക്ക് പ്രതിപക്ഷ നേതാവ് തിരിച്ചുവിളിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും വി.ഡി. സതീശൻ ഗൗനിച്ചില്ല. പ്രതിഷേധം അവസാനിപ്പിക്കാതെ പ്രതിപക്ഷ എം.എൽ.എമാർ നടുത്തളത്തിൽ തുടർന്നതോടെ ഇത് വകവെക്കാതെ സ്പീക്കർ സഭാ നടപടികളിലേക്ക് കടന്നു. അംഗങ്ങളോട് ഹെഡ്സെറ്റ് വച്ച് സഭാ നടപടികളിൽ ശ്രദ്ധിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു.

വിവിധ ധനാഭ്യർത്ഥനകൾ പാസാക്കി സഭ നടപടികൾ നേരത്തെ പൂർത്തിയാക്കുകയായിരുന്നു. സംസ്ഥാന വയോജന കമ്മീഷൻ ബിൽ, 2024 വ്യാവസായിക അടിസ്ഥാന സൗകര്യ വികസന ഭേദഗതി ബിൽ എന്നിവ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട ശേഷം അന്തിമ ധനാഭ്യർത്ഥന ചർച്ചയില്ലാതെ പാസാക്കി. നടപടികൾ വേഗം പൂർത്തിയാക്കി സഭ പിരിയുകയായിരുന്നു. ഇതോടെ അംഗങ്ങൾ സഭ വിട്ടു.

Content Highlight: The speaker and the leader of the opposition face to face in the assembly