2024 യൂറോ യോഗ്യത മത്സരത്തിൽ ഒക്ടോബർ 16ന് സ്പെയിൻ നോർവേയെ നേരിടും. മത്സരത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ നോർവേ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലണ്ടിനെ നേരിടുന്നത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്പെയിൻ ഗോൾകീപ്പർ ഉനായ് സൈമൺ.
‘എർലിങ് ഹാലണ്ട് എല്ലാ മത്സരങ്ങളിലും ബോക്സിനുള്ളിൽ എത്ര അപകടകാരിയാണെന്ന് ഞങ്ങൾ കണ്ടു. ബോക്സിനുള്ളിൽ ഹാലണ്ട് ടച്ച് ചെയ്യുന്ന ഏത് പന്തും ഗോളായി മാറും. ഏരിയൽ ബോൾ ആണെങ്കിലും, ലോ ബൗൾ ആണെങ്കിലും ലെഫ്റ്റ്, റൈറ്റ് ഫൂട്ട് ആണെങ്കിലും അവൻ അതെല്ലാം ഗോളാക്കി മാറ്റും. അവൻ മികച്ച ഗോൾ സ്‌കോറർ ആണ്. അതിനാൽ അവൻ പെനാൽട്ടി ബോക്സിൽ കയറുന്നത് ഞങ്ങൾ തടയാൻ ശ്രമിക്കും. അവൻ ഞങ്ങളുടെ ഭാഗത്ത് ആയിരിക്കുമ്പോൾ അവന് പന്ത് ലഭിക്കുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്യും,’ ഉനായ് സൈമൺ മാധ്യമങ്ങളോട് പറഞ്ഞു.
യൂറോ യോഗ്യത മത്സരങ്ങളിൽ നാല് മത്സരങ്ങളിൽ നിന്നും ആറ് ഗോളുകളും ഒരു അസിസ്റ്റും നേടി മിന്നും ഫോമിലാണ് ഹാലണ്ട്.
2023 മാർച്ചിൽ ആയിരുന്നു സ്പെയിൻ അവസാനമായി നോർവേയെ നേരിട്ടത്. അന്ന് സ്പെയിൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചിരുന്നു. അന്ന് സൂപ്പർ താരം ഹാലണ്ട് പരിക്കേറ്റ് പുറത്തായിരുന്നു.
ഈ തോൽവിക്ക് കണക്ക് തീർക്കാനും അതുവഴി യൂറോ യോഗ്യത നേടാനാവുമാവും നോർവേ ഇറങ്ങുക.
ഗ്രൂപ്പ് എയിൽ അഞ്ച് മത്സരങ്ങളിൽ നിന്നും നാല് വിജയവും ഒരു തോൽവിയുമടക്കം രണ്ടാം സ്ഥാനത്താണ് സ്പാനിഷ് ടീം. എന്നാൽ ആറ് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും രണ്ട് തോൽവിയും ഒരു സമനിലയുമടക്കം മൂന്നാം സ്ഥാനത്താണ് ഹാലണ്ടും കൂട്ടരും.
ഒരു മത്സരം കൂടി വിജയിക്കാനായാൽ നോർവേക്ക് അടുത്ത വർഷം നടക്കുന്ന യൂറോകപ്പിലേക്കുള്ള ടിക്കറ്റ് ലഭിക്കും.
Content highlight: The Spain goalkeeper talks how to cope with Erling Haland.