| Wednesday, 12th February 2020, 11:42 am

ആംആദ്മിയുടെ വിജയത്തിന് പിന്നില്‍ വികസന രാഷ്ട്രീയം; എവിടുന്നാ ഇത്രയും പണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2020 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും 70 ല്‍ 63 സീറ്റും നേടി ആംആദ്മി അധികാരത്തിലെത്തുമ്പോള്‍ നമുക്ക് അരക്കിട്ടുറപ്പിക്കാവുന്ന കാര്യം വികസന രാഷ്ട്രീയമാണ് ഇവിടെ വിജയിച്ചതെന്നാണ്. 2013 ല്‍ ആദ്യം ഭരണത്തിലെത്തിയപ്പോള്‍ വൈദ്യൂതിയും വെള്ളവും സൗജന്യമാക്കിയ കെജ്‌രിവാളിന്റെ നടപടി വിപ്ലവകരമായൊരു നീക്കമായിരുന്നു. പിന്നാലെ കെജ്‌രിവാള്‍ കോടികളുടെ വികസന പദ്ധതികളും ആനുകൂല്യങ്ങളുമാണ് ദല്‍ഹിയിലെ ജനങ്ങളുടെ മുന്നിലേക്ക് വെച്ചത്. എന്നാല്‍ എവിടുന്നാണ് ഇത്രയും പണം എന്നത് സ്വാഭാവികമായൊരു സംശയമാണ്.

രാജ്യത്ത് ധനകമ്മി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ദല്‍ഹി. പ്രത്യേക സംസ്ഥാനമെന്നതിന്റെ ആനുകൂല്യങ്ങളും ലഭിക്കുന്നതിനോടൊപ്പം ക്രമസമാധാനമുള്‍പ്പെടെയുള്ള പണച്ചെലവുള്ള പലവകുപ്പുകളും കേന്ദ്രത്തിന്റെ കൈയിലായതിനാല്‍ സാമ്പത്തിക ലാഭവുമുണ്ടാവുമെന്നതാണ്.

എന്നാല്‍ ഈ ആനുകൂല്യങ്ങളെല്ലാം നേരത്തെയുണ്ടായിട്ടും ഇത്രയേറെ സൗജന്യങ്ങളും സബ്‌സിഡികളും നല്‍കി തുടങ്ങിയത് ഏഴ് വര്‍ഷം മുന്‍പ് അധികാരത്തിലെത്തിയ എ.എ.പി സര്‍ക്കാരാണ്. കണക്കുകളെല്ലാം കൃത്യമായി ബജറ്റില്‍ പറഞ്ഞിട്ടുമുണ്ട്.

അറുപതിനായിരം കോടിയുടെ വരുമാനവും ചെലവും കാണിക്കുന്ന ബജറ്റായിരുന്നു കഴിഞ്ഞ വര്‍ഷം ആംആദ്മി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ആകെ വരുമാനമായ 60000 കോടിയില്‍ 42500 കോടിയും നികുതി വരുമാനമായിരുന്നു. അതില്‍ തന്നെ 29000 കോടിയും ജി.എസ്.ടി അല്ലെങ്കില്‍ വാറ്റ് നികുതിയില്‍ നിന്നാണ്. ഇത് കൂടാതെ എക്‌സൈസ്, സ്റ്റാമ്പ്, രജിസ്‌ട്രേഷന്‍ ഫീസ്, മോട്ടോര്‍ വാഹന നികുതി എന്നിവയുമുണ്ട്.

ഇനി ചെലവ് പരിഗണിക്കുകയാണെങ്കില്‍ എ.എ.പി സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവിടുന്നത് വിദ്യാഭ്യാസത്തിനാണ്. ബജറ്റിന്റെ 29 ശതമാനവും വിദ്യാഭ്യാസത്തിന് നീക്കി വെക്കുന്നു. പുതിയ സ്‌ക്കൂള്‍ നിര്‍മ്മിക്കല്‍, അവയുടെ അറ്റകുറ്റപണികള്‍, അധ്യാപകരെ വിദേശത്തേക്കയച്ച് പഠിപ്പിക്കല്‍ തുടങ്ങിയവയക്ക് പ്രയാസമില്ല. പിന്നീട് വരുന്നത് ആരോഗ്യവും നഗരവികസനവും ഗതാഗതവുമാണ്. ഇവ മൂന്നിനും 14 ശതമാനം വീതം വകയിരുത്തി. സാമൂഹിക ക്ഷേമത്തിന് 13 ശതമാനം കുടിവെള്ളം, ജലസേചനം എന്നിവയ്ക്ക് ഒന്‍പത് ശതമാനവുമാണ് നീക്കി വെക്കുന്നത്.
അറുപതിനായിരം കോടിയുടെ വരുമാനവും ചെലവും കാണിക്കുന്ന ബജറ്റാണ് കഴിഞ്ഞ വര്‍ഷം ആംആദ്മി സര്‍ക്കാര്‍ അവതരിപ്പിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more