| Wednesday, 7th September 2022, 3:21 pm

പാലക്കുന്ന് പുലിക്കുന്ന് കളനാട്; പാലാ പള്ളിയുടെ ഈണത്തില്‍ കാസര്‍ഗോഡിലെ സ്ഥലപ്പേരുകള്‍ വെച്ചൊരു ഗാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ കടുവ എന്ന സിനിമക്കൊപ്പം ട്രെന്‍ഡിങ്ങായ പാട്ടായിരുന്നു പാലാ പള്ളി തിരുപ്പള്ളി. സിനിമ ഇറങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും പാലാപ്പള്ളി ഉണ്ടാക്കിയ ഓളം ഇതുവരെ അവസാനിച്ചിട്ടില്ല.

പാലാ പള്ളി പാട്ടിന്റെ ട്യൂണില്‍ കാസര്‍ഗോഡിലെ സ്ഥലപ്പേരുകള്‍ വെച്ചുള്ള പാട്ട് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകാണ്. ഇസ്മയില്‍ തളങ്കരയും അസീസ് എ.കെ. ചേരൂരും ചേര്‍ന്ന് ആലപിച്ച ഗാനമാണ് വൈറലാവുന്നത്. പാലക്കുന്ന് പുലിക്കുന്ന് കളനാട് പാടി തലപ്പാടി എന്നിങ്ങനെ തുടങ്ങുന്ന ഗാനം കാസര്‍ഗോഡിലെ സ്ഥലപ്പേരുകളിലൂടെയെല്ലാം കടന്നുപോകുന്നുണ്ട്.

അസീസ് എ.കെ. ചേരൂരാണ് ഗാനം രചിച്ചിരിക്കുന്നത്. പോള്‍സ് ഫോര്‍ 14 എന്ന യൂട്യൂബ് ചാനലിലാണ് പാട്ട് അപ് ലോഡ് ചെയ്തിരിക്കുന്നത്. പാട്ടിന്റെ കമന്റ് ബോക്‌സില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് വന്നത്. അതേസമയം ചില സ്ഥലങ്ങള്‍ വിട്ട് പോയതില്‍ പരിഭവം പറയുന്നവരുമുണ്ട്.

കടുവയുടെ റിലീസിന് മുന്നോടിയായി പുറത്തുവിട്ട പാലാ പള്ളി പാട്ട് ഇതിനോടകം തന്നെ മൂന്ന് കോടി കാഴ്ചക്കാരാണ് കണ്ടത്. അതുല്‍ നറുകരയുടെ നേതൃത്വത്തിലുള്ള സോള്‍ ഓഫ് ഫോക് എന്ന ബാന്റ് ചേര്‍ന്ന് ആലപിച്ച ഗാനം ജേക്ക്‌സ് ബിജോയ് ആണ് ചിട്ടപ്പെടുത്തിയത്.

അതേസമയം ബോക്‌സ് ഓഫീസില്‍ കടുവയുടെ കളക്ഷന്‍ 40 കോടി കടന്നെന്നാണ് റിപ്പോര്‍ട്ട്. കടുവക്കുന്നേല്‍ കുര്യച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം. ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സംയുക്ത മേനോന്‍ നായികയായി എത്തിയ ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് വില്ലനായെത്തിയത്.

Content Highlight: The song with place names in Kasaragod to the tune of Pala Palli song is being discussed on social media

We use cookies to give you the best possible experience. Learn more