ബോയ്‌കോട്ട് കൊണ്ട് ഇങ്ങനേയും ഗുണങ്ങളോ? 100 മില്യണും അടിച്ചു, പുതിയ റെക്കോഡുമിട്ട് പത്താന്‍
Film News
ബോയ്‌കോട്ട് കൊണ്ട് ഇങ്ങനേയും ഗുണങ്ങളോ? 100 മില്യണും അടിച്ചു, പുതിയ റെക്കോഡുമിട്ട് പത്താന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd December 2022, 7:39 pm

സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും പ്രതിഷേധങ്ങളുയരുന്നതിനിടയില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി പത്താന്‍. ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ചക്കാരെ നേടുന്ന ഇന്ത്യയിലെ വീഡിയോ ഗാനമെന്ന റെക്കോഡാണ് ഷാരൂഖ് ചിത്രത്തിലെ ബേഷരം രംഗ് എന്ന പാട്ട് സ്വന്തമാക്കിയത്.

സംഘപരിവാര്‍ കേന്ദ്രങ്ങളുടെ ബോയ്കോട്ടും ആ ഗാനം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന് കാരണമായിട്ടുണ്ടാവുമെന്നാണ് വിലയിരുത്തലുകള്‍. വിവാദങ്ങള്‍ മൂലം നിരവധി ആളുകളാണ് ഗാനം തേടിപ്പിടിച്ചു കണ്ടത്. ചുരുക്കി പറഞ്ഞാല്‍ ചെലവൊന്നുമില്ലാതെ ചുളുവിന് പത്താന് രാജ്യമെമ്പാടും പ്രൊമോഷന്‍ കിട്ടി എന്ന് അര്‍ത്ഥം.

ഒമ്പത് ദിവസവും ആറ് മണിക്കൂറും കൊണ്ടാണ് ബംഷരം രംഗ് 100 മില്യണടിച്ചത്. സല്‍മാന്‍ ഖാന്‍ ചിത്രം രാധേയിലെ സീട്ടി മാര്‍ എന്ന പാട്ടിന്റെ റെക്കോഡാണ് ബേഷരം രംഗ് മറികടന്നത്. 10 ദിവസം കൊണ്ടായിരുന്നു സീതി മാര്‍ 100 മില്യണ്‍ കാഴ്ചക്കാരെ നേടിയത്.

രണ്‍വീര്‍ സിങ്ങിന്റെ ചിത്രം സിംബയിലെ ആംഘ് മാരെയ് എന്ന പാട്ടാണ് മൂന്നാം സ്ഥാനത്ത്. 11 ദിവസം കൊണ്ടാണ് ഈ ഗാനം 100 മില്യണ്‍ കാഴ്ചക്കാരെ നേടിയത്. 12 ദിവസം കൊണ്ട് 100 മില്യണടിച്ച സത്യമേവ ജയതേ എന്ന ചിത്രത്തിലെ ദില്‍ബര്‍ എന്ന പാട്ടാണ് നാലാമത്.

ബേഷരം രംഗ് 100 മില്യണ്‍ നേടിയ ദിവസത്തില്‍ തന്നെ പത്താനിലെ പുതിയ ഗാനമെത്തിയതും മറ്റൊരു യാദൃശ്ചികതയാവാം. കുമ്മേസേ പത്താന്‍ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനം പുറത്തിറക്കി മണിക്കൂറുകള്‍ കഴിയുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്.

ചൈതന്യ പ്രസാദിന്റെ വരികള്‍ ഹരിചരണ്‍ ശേഷാദ്രിയും സുനിത സാരഥിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ദീപികയുടെ ബിക്കിനിയുടെ നിറത്തെ ചൊല്ലിയാണ് വലിയ വിവാദത്തിലായത്. കാവി നിറത്തിലുള്ള ബിക്കിനിയാണ് ഗാനത്തില്‍ ദീപിക അണിഞ്ഞത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ അടുത്ത വര്‍ഷം ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്.

Content Highlight: The song Besharam Rang film pathaan holds the record for the fastest video song in India to reach 100 million views