ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച യുവതിയുടെ ചികിത്സയിലായിരുന്ന മകന് മസ്തിഷ്‌ക മരണം. ഡിസംബര്‍ നാലിനാണ് പുഷ്പയുടെ റീലിസിനിടെ തിരക്കില്‍പ്പെട്ട് രേവതി (35) മരിച്ചത്.
ഇതിനുപിന്നാലെയാണ് ഒമ്പതുകാരനായ മകന് ആശുപത്രി അധികൃതര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. ശ്രീതേജിനാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
തെലങ്കാന ആരോഗ്യ സെക്രട്ടറി ക്രിസ്റ്റീന നേരത്തെ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ശേഷം ഹൈദരാബാദ് സിറ്റി പൊലീസ് കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിലാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചതുമുതല്‍ കുട്ടി അബോധാവസ്ഥയിലാണ്. ഒമ്പതുവയസുകാരന്‍ വെന്റിലേറ്ററില്‍ ഈപ്പോഴും തുടരുകയാണ്.
12 ദിവസത്തിലധികമായി കുട്ടിയുടെ ആരോഗ്യ നിലയില്‍ കാര്യമായ മാറ്റമില്ലെന്നും അധികൃതര്‍ പറയുന്നു. മികച്ച ചികിത്സ നല്‍കുമെന്ന് തെലങ്കാന ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
യുവതിയുടെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ അല്ലു അര്‍ജുന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ബോധപൂര്‍വം ദേഹോപദ്രവംഏല്‍പ്പിക്കല്‍ എന്നിങ്ങനെ രണ്ട് വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
13/12/24 രാവിലെ നടന്റെ ജൂബിലി ഹില്‍സിലെ വസതിയില്‍ വെച്ചായിരുന്നു അറസ്റ്റ് നടന്നത്. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്.
അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനും തിയേറ്റര്‍ മാനേജ്‌മെന്റിനുമെതിരെ ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) സെക്ഷന്‍ 105, 118 (1) പ്രകാരം സിറ്റി പൊലീസ് കേസെടുക്കുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയ അല്ലു അര്‍ജുന്‍ ചികിത്സയിലിരുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയെ കുറിച്ച് സംസാരിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നിലവിലെ പ്രശ്‌നങ്ങളെല്ലാം ഒഴിഞ്ഞതിന് ശേഷം ആശുപത്രിയിലെത്തി കുഞ്ഞിനെ കാണുമെന്ന് അല്ലു അര്‍ജുന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
Content Highlight: The son of the woman who died in a stampede during the release of Pushpa 2 is brain dead