| Saturday, 26th August 2023, 9:43 am

മകന്‍ മാനസികമായി തകര്‍ന്നു; അധ്യാപികയില്‍ നിന്നും സമാനസംഭവം നേരത്തെയുമുണ്ടായി: യു.പിയില്‍ മര്‍ദനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ മാതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: തന്റെ മകന്‍ കരഞ്ഞുകൊണ്ടാണ് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വന്നതെന്ന് യു.പിയില്‍ അധ്യാപികയുടെ ക്രൂര മര്‍ദനത്തിനിരയായ മുസ്‌ലിം വിദ്യാര്‍ത്ഥിയുടെ മാതാവ്. അവന്‍ മാനസികമായി തകര്‍ന്നുവെന്നും കുട്ടികളോട് ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും മാതാവായ റുബീന അല്‍ ജസീറയോട് പറഞ്ഞു.

വിദ്യാര്‍ത്ഥികളെ സഹപാഠികളെ വെച്ച് മര്‍ദിക്കുന്ന ശീലം അധ്യാപികയ്ക്കുണ്ടെന്ന് റുബീന കൂട്ടിച്ചേര്‍ത്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാഠഭാഗങ്ങള്‍ മറന്നു പോയതിന്റെ ഭാഗമായി തന്റെ കുടുംബത്തിലെ മറ്റൊരു കുട്ടിക്കും സമാന അവസ്ഥയുണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു.

ഓരോ വിദ്യാര്‍ത്ഥികളോടായി തന്റെ മകന്റെ മുഖത്തടിക്കാനാണ് അധ്യാപിക ആജ്ഞാപിച്ചതെന്ന് പിതാവ് മുഹമ്മദ് ഇര്‍ഷാദും കൂട്ടിച്ചേര്‍ത്തു.

‘എന്റെ മകന്‍ പാഠഭാഗങ്ങള്‍ ഓര്‍ത്തുവെക്കാത്തതു കൊണ്ടാണ് മര്‍ദിച്ചതെന്നാണ് അധ്യാപിക പറയുന്ന ന്യായം. എന്നാല്‍ മകന്‍ പഠനത്തില്‍ മിടുക്കനാണ്. അവന്‍ ട്യൂഷനും പോകുന്നുണ്ട്. എന്തിനാണ് ടീച്ചര്‍ ഇത്തരത്തില്‍ പെരുമാറിയതെന്ന് മനസിലാകുന്നില്ല. ടീച്ചറിന്റെ ഉള്ളില്‍ വിദ്വേഷമുണ്ടെന്ന് തോന്നുന്നു,’ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന വെറുപ്പിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധ്യാപിക അവരുടെ തെറ്റുകള്‍ അംഗീകരിച്ച് മാപ്പ് പറഞ്ഞെങ്കിലും തന്റെ മകനെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റിച്ചേര്‍ക്കുകയാണെന്നും ഇര്‍ഷാദ് പറഞ്ഞു.

‘വിദ്യാര്‍ത്ഥികളോട് ഇത്തരത്തില്‍ പെരുമാറില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എന്റെ മകന്‍ വളരേണ്ടതും പഠിക്കേണ്ടതുമായ അന്തരീക്ഷം ഇതല്ല,’ അവര്‍ പറയുന്നു.

വെറുപ്പും ശത്രുതയും സാധാരണയായ ഒരു സമൂഹത്തിലാണ് ഈ തലമുറ വളരുന്നതെന്ന് മദറിങ് എ മുസ്‌ലിം എന്ന പുസ്തകത്തിന്റെ രചയിതാവായ നാസിയ ഇറും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് എട്ടു വയസുള്ള വിദ്യാര്‍ത്ഥിയെ അധ്യാപിക മറ്റ് വിദ്യാര്‍ത്ഥികളെ വെച്ച് മുഖത്തടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നത്. ത്രിപ്ത ത്യാഗി എന്ന അധ്യാപിക എട്ട് വയസുകാരനായ വിദ്യാര്‍ത്ഥിയെ ക്ലാസില്‍ എണീറ്റ് നിര്‍ത്തിപ്പിക്കുകയും ബാക്കിയുള്ള കുട്ടികളോട് മുഖത്ത് അടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്.

അധ്യാപികയുടെ നിര്‍ദേശപ്രകാരം മുസ്‌ലിം വിദ്യാര്‍ത്ഥിയുടെ മുഖത്ത് ഓരോരുത്തരായി വന്ന് അടിക്കുന്നതും, കൂട്ടുകാരനെ അടിക്കുമ്പോള്‍ മനസുനൊന്ത വിദ്യാര്‍ത്ഥികളെ അധ്യാപിക ശകാരിച്ചു ഭയപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.

അക്രമത്തിനിരയായി കുട്ടി മുസ്‌ലിം മത വിഭാഗത്തില്‍പ്പെട്ട ക്ലാസിലെ ഏക വിദ്യാര്‍ത്ഥിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ എല്ലാ മുസ്ലിം കുട്ടികളെയും അടിക്കുമെന്ന് അധ്യാപിക പറയുന്നതും പുറത്തുവന്ന വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ പകര്‍ത്തിയയാള്‍ സംഭവത്തില്‍ ആനന്ദിക്കുന്നതും അധ്യാപികയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

അതേസമയം വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാലെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് ഈ വീഡിയോ നീക്കം ചെയ്തു. കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍, കോടതിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങിയാല്‍ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും അതുകൊണ്ട് പരാതി നല്‍കില്ലെന്ന് ഇര്‍ഷാദ് പറഞ്ഞു.

content highlights: The son is mentally disturbed; A similar incident happened earlier from a teacher: Mother of student beaten up in U.P.

We use cookies to give you the best possible experience. Learn more