| Sunday, 12th December 2021, 9:44 pm

രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റെയും മൃദു ഹിന്ദുത്വ സമീപനം ബി.ജെ.പിയെ വളര്‍ത്തുന്നു: വി.കെ. സനോജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യത്ത് കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദു ഹിന്ദുത്വ സമീപനം ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സനോജ് ഇക്കാര്യം പറഞ്ഞത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ മതരാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചതെന്നും ഹിന്ദുത്വത്തെ നേരിടാന്‍ ഹിന്ദുക്കളെ അധികാരത്തില്‍ കൊണ്ടുവരണമെന്ന പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും സനോജ് പറഞ്ഞു.

ഹിന്ദുത്വത്തെ പരാജയപ്പെടുത്തി മതേതര ജനാധിപത്യ മൂല്യങ്ങളെ വീണ്ടെടുക്കാനാണ് രാഷ്ട്രം ഒറ്റക്കെട്ടായി അണിനിരക്കേണ്ടത്. തീവ്ര ഹിന്ദുത്വത്തിന് ബദല്‍ മൃദു ഹിന്ദുത്വമാണെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് ആര്‍.എസ്.എസിനെ സഹായിക്കുന്നതാണ്.

ന്യൂനപക്ഷങ്ങളെയും ദളിതരേയും ക്രൂരമായി വേട്ടയാടുന്ന ബി.ജെ.പിയെ കോണ്‍ഗ്രസ് സഹായിക്കുകയാണെന്നും ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന വര്‍ഗീയ പ്രചരണം രാഹുല്‍ ഗാന്ധി ഏറ്റെടുത്തിരിക്കുകയാണെന്നും സനോജ് പറഞ്ഞു.

രാജ്യത്ത് നടക്കുന്ന പോരാട്ടങ്ങള്‍ ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള പോരാട്ടവുമല്ലെന്നും അത് ജനാധിപത്യ വാദികളായ സെക്കുലര്‍ മനുഷ്യന്മാരും, മത രാഷ്ട്രവാദികളും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണെന്നും കോണ്ഗ്രസ് പാര്‍ട്ടിക്കകത്ത് ബോധം ബാക്കിയുള്ള ആരെങ്കിലും രാഹുല്‍ ഗാന്ധിയെ പറഞ്ഞു മനസ്സിലാക്കണമെന്ന് സനോജ് പോസ്റ്റില്‍ പറയുന്നു.

മതരാഷ്ട്രവാദം എന്നത് സംഘപരിവാറിനെതിരെ മതനിരപേക്ഷ ചേരിയിലെ മനുഷ്യര്‍ ഒന്നിച്ചു നിന്ന് പോരാടുകയാണ്. ഇതൊന്നും കാണാതെ മതരാഷ്ട്ര വാദം ഒളിച്ചു കടത്തിയ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ അപക്വവും പരിഹാസ്യവും ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ച മതേതര മൂല്യങ്ങളെ വെല്ലുവിളിക്കുന്നതുമാണെന്ന് സനോജ് ആരോപിച്ചു.

അതേസമയം, രാജ്യത്ത് ഇന്ന് നടക്കുന്നത് ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള യുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ഞാനൊരു ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല. മഹാത്മാഗാന്ധി ഹിന്ദുവായിരുന്നു, ഗോഡ്‌സെ ഹിന്ദുത്വവാദിയുമാണെന്നാണ് രാഹുല്‍ പറഞ്ഞിരുന്നത്.

‘ഹിന്ദുക്കളെ ഒരിക്കലും അടിച്ചമര്‍ത്താന്‍ കഴിയില്ല. 3000 വര്‍ഷത്തിനിടയില്‍ ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല. കാരണം ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ല. മരിക്കാന്‍ പോലും ഞങ്ങള്‍ ഭയപ്പെടുന്നില്ല,’ രാഹുല്‍ പറഞ്ഞു.

സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദീര്‍ഘകാലമായി കോണ്‍ഗ്രസ് രാജ്യത്ത് സ്വീകരിക്കുന്ന മൃദു ഹിന്ദുത്വ സമീപനമാണ് ബിജെപി ക്ക് വഴി മരുന്നിട്ടത്.
രാജസ്ഥാനില്‍ കോണ്ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ മതരാഷ്ട്രീയത്തെ പുല്‍കുന്ന സമീപനമാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. ഹിന്ദുത്വത്തെ നേരിടാന്‍ ഹിന്ദുക്കളെ അധികാരത്തില്‍ കൊണ്ടുവരണമെന്ന പ്രസ്താവന മതനിരപേക്ഷവാദികള്‍ക്ക് സ്വീകരിക്കാനാവില്ല. ഹിന്ദുത്വത്തെ പരാജയപ്പെടുത്തി മതേതര ജനാധിപത്യ മൂല്യങ്ങളെ വീണ്ടെടുക്കാനാണ് രാഷ്ട്രം ഒറ്റക്കെട്ടായി അണിനിരക്കേണ്ടത്.

തീവ്ര ഹിന്ദുത്വത്തിന് ബദല്‍ മൃദു ഹിന്ദുത്വമാണെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് ആത്യന്തികമായി ആര്‍ എസി എസിന് സഹായിക്കുന്നതാണ് . ന്യൂനപക്ഷങ്ങളെയും ദളിതരെയും ക്രൂരമായി വേട്ടയാടുന്ന ബി ജെ പി യെ കോണ്‍ഗ്രസ് സഹായിക്കുകയാണ്. ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന വര്‍ഗീയ പ്രചരണം ഏറ്റെടുക്കുകയാണ് രാഹുല്‍ ഗാന്ധി.

കഴിഞ്ഞ കാലങ്ങളില്‍ രാജ്യം മുഴുവന്‍ അലയടിച്ച കര്‍ഷക പ്രക്ഷോഭം മതനിരപേക്ഷ പോരാട്ടത്തിന്റെ ഉജ്വല മാതൃകയാണ്.ആ സമരം വിജയിപ്പിച്ച നേതാക്കള്‍ ഇന്ന് ബാങ്ക് സ്വകാര്യവല്‍ക്കരണത്തിനെതിരെയുള്ള മറ്റൊരു സമരമുഖത്താണ്.ഇന്ത്യ ഇന്ന് ദര്‍ശിക്കുന്നത് ഒരു വ്യവസ്ഥതിക്കെതിരെയുള്ള സമരമാണ്,അസമത്വത്തിനെതിരെയുള്ള സമരമാണ്,അന്തസ്സോടെ മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണ്.

രാജ്യത്ത് ഇന്ന് നടക്കുന്ന പോരാട്ടങ്ങള്‍ ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള യാതൊരു പോരാട്ടവുമല്ലെന്നും അത് ജനാധിപത്യ വാദികളായ സെക്കുലര്‍ മനുഷ്യന്മാരും, മത രാഷ്ട്രവാദികളും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണെന്നും കോണ്ഗ്രസ് പാര്‍ട്ടിക്കകത്ത് ബോധം ബാക്കിയുള്ള ആരെങ്കിലും അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കണം.

മതരാഷ്ട്രവാദം മുന്നോട്ട് വെക്കുന്ന സംഘപരിവാറിനെതിരെ മതനിരപേക്ഷ ചേരിയിലെ മനുഷ്യര്‍ ഒന്നിച്ചു നിന്ന് പോരാടുകയാണ്. ഇതൊന്നും കാണാതെ മതരാഷ്ട്ര വാദം ഒളിച്ചു കടത്തിയ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ അപക്വവും പരിഹാസ്യവും ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ച മതേതര മൂല്യങ്ങളെ വെല്ലുവിളിക്കുന്നതുമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: The soft Hindutva approach of Rahul Gandhi and the Congress nurtures the BJP:V.K. Sanoj

We use cookies to give you the best possible experience. Learn more