ഒരു തമിഴ് ഫാന്‍ പ്രൊഫൈലില്‍ (പാര്‍ത്തതില്‍ പിടിത്തതില്‍) വന്ന കമന്റിന് അല്‍ഫോണ്‍സ് പുത്രന്‍ മറുപടി കൊടുത്ത സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍ണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡിന്റെ പോസ്റ്ററിന് അടിയില്‍ അല്‍ഫോണ്‍സ് പുത്രന്‍ ആരാണെന്ന് ചോദിച്ച കമന്റിനാണ് അദ്ദേഹം തന്നെ നേരിട്ട് മറുപടി കൊടുത്തത്.
എന്റെ സിനിമ റിലീസ് ആകുമ്പോള്‍ തിയേറ്ററിലേക്ക് വന്നാല്‍ ഞാന്‍ ആരാണെന്ന് മനസിലാകുമെന്നാണ് അല്‍ഫോണ്‍സ് തിരിച്ച് കമന്റ് ചെയ്തത്. അപ്പോഴാണ് ആരാണെന്ന് ചോദിച്ച് കമന്റ് ചെയ്ത വ്യക്തിക്ക് അല്‍ഫോണ്‍സ് പുത്രനെ മനസിലായത്.
പ്രേമം ഡയറക്ട് ചെയ്ത ആളാണല്ലെ നിങ്ങള്‍, ക്ഷമിക്കണം അറിയാതെ കമന്റ് ചെയ്തതാണെന്ന് ഈ പ്രൊഫൈല്‍ പിന്നാലെ പറഞ്ഞു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ വ്യാപകമായി അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയിലും സിനിമാഗ്രൂപ്പുകളിലും ചര്‍ച്ചയാവുന്നത്.
നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ പ്രേമം തമിഴ്‌നാട്ടില്‍ വലിയ കളക്ഷന്‍ ഉണ്ടാക്കിയ ചിത്രമാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ നേരം തൊട്ട് തന്നെ തമിഴ്‌നാട്ടില്‍ ഏറെ ആരാധകര്‍ അല്‍ഫോണ്‍സ് പുത്രനുണ്ട്.
കേരളത്തില്‍ 175 ദിവസം ഓടിയ പ്രേമം തമിഴ്‌നാട്ടില്‍ 300 ദിവസമാണ് റണ്‍ ചെയ്തത്. അതുകൊണ്ട് തന്നെ മലയാളികളെപ്പോലെ അദ്ദേഹത്തിന്റെ ഗോള്‍ഡിനെ വലിയ പ്രതീക്ഷയോടെയാണ് തമിഴ്‌നാട്ടിലെ സിനിമാസ്വദകരും കാണുന്നത്.
ഡിസംബര്‍ ഒന്നിനാണ് ഗോള്‍ഡിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ഇക്കാര്യം അറിയിച്ചത്. ഓണം റിലീസായി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്ന് കരുതിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഗോള്‍ഡിന്റെ റിലീസ് നീണ്ടുപോവുകയായിരുന്നു.
മികച്ച ഒരു വിഭവം തയ്യാറാക്കുന്നതിന് വേണ്ടി എല്ലാ വര്‍ക്കുകളും പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു ചിത്രത്തിന്റെ എഡിറ്റര്‍ കൂടിയായ അല്‍ഫോണ്‍സ് പുത്രന്‍ റിലീസ് വൈകുന്നതിനെ കുറിച്ച് പറഞ്ഞത്. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ റീഷൂട്ട് ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും ഇതിനൊപ്പംപുറത്തുവന്നിരുന്നു.
പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന ഒറ്റ കാരണം തന്നെയാണ് ഗോള്‍ഡിനായി ആരാധകരെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന ഹൈപ്പും ഗോള്‍ഡിനുണ്ട്.
content highlight: the social media discusion about Director alphonse puthran’s screenshort