| Wednesday, 6th December 2023, 12:41 pm

2023ലെ വാക്ക് ഏതെന്ന് മനോരമ; 'മാപ്ര' എന്ന് മറുപടി നല്‍കി സോഷ്യൽ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 2023ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതായ വാക്ക് ഏതെന്ന മലയാള മനോരമ പത്രത്തിന്റെ ചോദ്യത്തിന് ‘മാപ്ര’ എന്ന് ഉത്തരം നല്‍കി നവ മാധ്യമ സമൂഹം. ഈ വര്‍ഷം നമുക്കിടയില്‍ ശ്രദ്ധയാകര്‍ഷിക്കപെട്ട വാക്ക് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മനോരമ ഓൺലൈൻ ഫേസ്ബുക്കിൽ  ഈ പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഈ പോസ്റ്റുകള്‍ക്ക് താഴെയായി നിരവധി ആളുകള്‍ മാപ്ര, പൗരപ്രമുഖര്‍, നവകേരളം, വ്യാജ ഐഡികാര്‍ഡ്, കാരണഭൂതന്‍, ഹേയ് പ്രഭു എന്നിങ്ങനെ കമന്റ് ചെയ്തിട്ടുണ്ട്. ഇതൊരു തെരഞ്ഞെടുപ്പ് ആയി കണക്കാക്കുയാണെങ്കില്‍ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മാപ്രയാണ്. സര്‍ക്കാര്‍ വിരുദ്ധരായിട്ടുള്ള ഏതാനും ആളുകളാണ് പൗരപ്രമുഖര്‍ എന്ന് അഭിപ്രായപെട്ടതെന്നാണ് വിലയിരുത്തല്‍.

കേരളത്തിലെ പ്രമുഖരായ ചില വ്യക്തികളും ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയുണ്ടായി. മലയാളത്തിലെ ട്രോള് പേജുകളും സംഭവം ഏറ്റെടുത്തിട്ടുണ്ട്.

2023ലെ മാത്രമല്ല ഈ നൂറ്റാണ്ടിലെ തന്നെ വാക്ക് മാപ്രയാണെന്നും മറ്റൊരു വാക്കിനെ തെരഞ്ഞെടുത്താല്‍ അത് മലയാളത്തോട് ചെയ്യുന്ന നീതികേടാണെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ മനോരമയുടെ ചോദ്യത്തെ വായനക്കാരും സമൂഹ മാധ്യമവും വിമര്‍ശനപരമായാണ് കൈകാര്യം ചെയ്യുന്നത്.

വാക്ക് 2023 മത്സരത്തില്‍ വിജയിക്കാന്‍ ഏറ്റവും സാധ്യത കൂടുതലുള്ള വാക്കായി താന്‍ കാണുന്നത് ‘മാപ്ര’ എന്നാണെന്ന് ഡോ. ജിനേഷ് പി.എസ് ഫേസ്ബുക്കില്‍ കുറിച്ചു. കാര്യം ഇതുവരെയും ആരെയും മാപ്ര എന്ന് താന്‍ വിളിച്ചിട്ടില്ലെന്നും, എന്നാല്‍ മനോരമ തന്നെ നല്‍കിയ ക്രൈറ്റീരിയ വെച്ചുനോക്കുമ്പോള്‍ ഈ വാക്കല്ലാതെ മറ്റൊരു വാക്ക് പറയാന്‍ തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlight: The social media answered Manorama’s question about the word of 2023 as Mapra

We use cookies to give you the best possible experience. Learn more