ആലപ്പുഴ: ആലപ്പുഴ എസ്.എന്‍.ഡി.പി പുറക്കാട് ശാഖ സെക്രട്ടറിയെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചുപറമ്പ് വീട്ടില്‍ രാജുവാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശാഖ സെക്രട്ടറി ആയിരുന്നതിനാല്‍ സംഘടനയ്ക്കകത്തുനിന്ന് പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നതായി മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച കത്തില്‍നിന്ന് വ്യക്തമായിട്ടുണ്ട്.
വിമര്‍ശനങ്ങളുമായി മുന്നോട്ട് പോവാന്‍ സാധിക്കുന്നില്ല. വലിയതോതിലുള്ള മനോവിഷമം അനുഭവിക്കുന്നുണ്ട്. സംഘടനയിലുള്ള പലരും തന്നെ തകര്‍ക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.
സത്യസന്ധമായാണ് ഇത്രയും നാള്‍ പ്രവര്‍ത്തിച്ചത്. ഇത് തന്റെ വിധിയാണെന്നും രാജു കത്തില്‍ എഴുതിയിട്ടുണ്ട്.
മൃതദേഹം കഴിഞ്ഞ ദിവസം രാത്രി തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
സംഘടനാ പ്രശ്‌നങ്ങളാണ് മരണകാരണമെന്ന് സംശയിക്കുന്നതായി അമ്പലപ്പുഴ പൊലീസ് പറഞ്ഞു.
നേരത്തെ കണിച്ചുകുളങ്ങരയിലും സമാന സംഭവമുണ്ടായിരുന്നു. കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയായിരുന്നു കെ.കെ. മഹേശനെ ആയിരുന്നു ഓഫീസ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൈക്രോ ഫിനാന്‍സ് വഴി പണം വിതരണം ചെയ്തതില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി ചെങ്ങന്നൂര്‍ യൂണിയനില്‍ ഉള്‍പ്പെട്ടവര്‍ നല്‍കിയ നാലു കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന മഹേശനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു.
എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറിക്കും ക്രൈംബ്രാഞ്ച് സി.ഐക്കും എഴുതിയ കത്ത് മരിക്കുന്നതിന് തൊട്ടു മുമ്പായി മഹേശന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിരുന്നു.
മാവേലിക്കര യൂണിയനിലെ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉന്നതര്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും, വ്യാജ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെന്നുമായിരുന്നു കത്തില്‍ രേഖപ്പെടുത്തിയത്.