കാര്യവട്ടം ജങ്ഷനിലെ ഓടയില്‍ സ്ലാബ് സ്ഥാപിക്കണം; വാഹനാപകടങ്ങളില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
Kerala News
കാര്യവട്ടം ജങ്ഷനിലെ ഓടയില്‍ സ്ലാബ് സ്ഥാപിക്കണം; വാഹനാപകടങ്ങളില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th December 2024, 10:09 pm

തിരുവനന്തപുരം: കാര്യവട്ടം ജങ്ഷനില്‍ തുറന്നിട്ട ഓടയില്‍ വീണ് വാഹനാപകടങ്ങളുണ്ടായ സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ഓടയില്‍ ഉടന്‍ സ്ലാബ് സ്ഥാപിച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്താണ് കമ്മീഷന്റെ നടപടി.

പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാലാഴ്ച്ചക്കകം പരാതി പരിഹരിക്കണമെന്നും നിര്‍ദേശമുണ്ട്. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റേതാണ് ഉത്തരവ്.

ശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നിര്‍ദേശത്തെ തുടര്‍ന്ന് സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് ജനുവരി 14ന് രാവിലെ 10ന് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കുമെന്നും അറിയിപ്പുണ്ട്.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ സിറ്റിങ്ങില്‍ നേരിട്ട് ഹാജരാകണമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

അടുത്തിടെയാണ് കാര്യവട്ടം ജങ്ഷന്‍ മുതല്‍ ചേങ്കോട്ടുകോണം വരെയുള്ള ഭാഗത്ത് ഓട നിര്‍മിച്ചത്. എന്നാല്‍ ഇതുവരെ അധികൃതര്‍ ഓടയ്ക്ക് മുകളില്‍ സ്ലാബ് സ്ഥാപിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് സ്ഥലത്ത് അപകടങ്ങള്‍ ഉണ്ടായത്.

നേരത്തെ ഫോര്‍ട്ട് കൊച്ചിയിലെ ഓടയില്‍ വീണ് വിദേശപൗരന് പരിക്കേറ്റ സംഭവത്തില്‍ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഭവം കേരളത്തിന് നാണക്കേടാണെന്നാണ് ഹൈക്കോടതി പറഞ്ഞത്. വിദേശപൗരന് പരിക്കേറ്റ സംഭവത്തില്‍ ജില്ലാ കളക്ടറില്‍ നിന്ന് കോടതി റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

മറ്റ് ഇടങ്ങളില്‍ നിന്ന് വരുന്നവര്‍ കേരളത്തെ കുറിച്ചും കൊച്ചിയെ കുറിച്ചും എന്താണ് ചിന്തിക്കുകയെന്നും കേസ് പരിഗണിച്ചുകൊണ്ട് കോടതി ചോദിച്ചിരുന്നു.

സംഭവം ടൂറിസം മാപ്പില്‍ കേരളത്തെ തന്നെ ബാധിക്കുന്ന കാര്യമല്ലേയെന്നും കോടതി ചോദ്യമുയര്‍ത്തി. വിഷയം കൊച്ചിയെ മാത്രം ബാധിക്കുന്നതല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഫ്രാന്‍സില്‍ നിന്ന് കേരളത്തില്‍ ചികിത്സയ്ക്കായി എത്തിയ ആളാണ് അപകടത്തില്‍ പെട്ടത്. ഓടയില്‍ വീണ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തില്‍ ഇയാളുടെ താടിയെല്ലിന് പരിക്കേറ്റിരുന്നു.

Content Highlight: The slab should be installed in the drain at Kariavattam junction: Human Rights Commission