| Thursday, 16th July 2020, 7:34 pm

ആളുകള്‍ കടയില്‍ ചെന്ന് സാധനം വാങ്ങുന്നതിനൊപ്പം കൊറോണയും വാങ്ങി തിരിച്ച് പോകുന്ന അവസ്ഥ; മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണം പാലിക്കാതെ ആളുകള്‍ കടയില്‍ ചെന്ന് സാധനം വാങ്ങുന്നതിനൊപ്പം കൊറോണയും വാങ്ങി തിരിച്ച് പോകുന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ ഇന്ന് 301 പേര്‍ക്കാണ് രോഗബാധ. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. ഉറവിടമറിയാത്ത 16 പേര്‍ വേറെയും ഉണ്ട്.

കഴിഞ്ഞ ദിവസം ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 91 പേര്‍ക്കാണ് ഇന്നലെ അവിടെ പരിശോധന നടത്തിയത്. ഇതേ സ്ഥാപനത്തിലെ 81 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചപ്പോള്‍ 17 പേര്‍ക്ക് കൂടി പോസിറ്റീവാണെന്ന് കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്പോളങ്ങള്‍ വ്യാപാരസ്ഥാപനങ്ങള്‍, ആശുപത്രികള്‍ ഇവയെല്ലാം കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നുവെന്നാണ് തിരുവനന്തപുരത്ത് നിന്നും മനസിലാകുന്നതെന്നും. പൊതുജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണം, ആളുകളെത്തുന്ന സ്ഥലങ്ങളില്‍ സാനിറ്റൈസര്‍ സ്ഥാപിക്കണം, സമൂഹത്തില്‍ രോഗം പടരാതിരിക്കുന്നതിനും അവശരായവരെ സംരക്ഷിക്കാനും എല്ലാവരും മുന്‍ഗണന കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി ബഹുജന, മഹിളാ, ശാസ്ത്ര, യുവജന സംഘടനകളെല്ലാം ബ്രേക്ക് ദ് ചെയിന്‍ മൂന്നാംഘട്ട പ്രചരണ പരിപാടി വിജയിപ്പിക്കുന്നതിന് മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കുകയാണെന്നും അതിവേഗം ഫലം ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് ആവശ്യമായ മനുഷ്യ വിഭവശേഷി വര്‍ധിപ്പിക്കും. സ്വകാര്യ ലാബുകള്‍ പരമാവധി ഉപയോഗിക്കും. പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് അടിയന്തര പ്രാധാന്യം നല്‍കും.

സംസ്ഥാനത്തെ ആകെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 271 ആയി ഉയര്‍ന്നു. കേരളത്തില്‍ നിലവിലുള്ള ക്ലസ്റ്ററുകളുടെ എണ്ണം 84 ആണ്. അതില്‍ 10 എണ്ണം ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവിടങ്ങളില്‍ ശ്രദ്ധയില്‍പെടാതെ രോഗം വ്യാപിക്കുന്ന ഇടങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ രോഗികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവരവരുടെ പ്രദേശങ്ങളില്‍ രോഗികളുണ്ടെന്നു വിചാരിച്ച് തന്നെ പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശാരീരിക അകലം നിര്‍ബന്ധമായി പാലിക്കണം, കൈകഴുകല്‍, മാസ്‌ക് ധരിക്കല്‍ എന്നീ ബ്രേക്ക് ദ് ചെയിന്‍ രീതികള്‍ ശരിയായ രീതിയില്‍ പിന്തുടരണം. രോഗികളാകുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും അകറ്റിനിര്‍ത്താതിരിക്കാന്‍ ശ്രദ്ധ കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more